ബെര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു വിജയപ്രതീക്ഷ. 194 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ടീം ഇന്ത്യ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചു വിക്കറ്റിന് 110 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ജയിക്കാന്‍ ഇന്ത്യക്ക് 84 റണ്‍സ് കൂടി മതി. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം (43*) ദിനേഷ് കാര്‍ത്തികാണ് (18*) ക്രീസിലുള്ളത്.

മുരളി വിജയ് (6), ശിഖര്‍ ധവാന്‍ (13), ലോകേഷ് രാഹുല്‍ (13), അജിങ്ക്യ രഹാനെ (2), ആര്‍ അശ്വിന്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. നേരത്തേ ഒരു വിക്കറ്റിന് ഒമ്പത് റണ്‍സെന്ന നിലയില്‍ മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ഇന്ത്യ 180 റണ്‍സിന് എറിഞ്ഞൊതുക്കുകയായിരുന്നു. സാം ക്യൂറാന്റെ (63) ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ വന്‍ മാനക്കേടില്‍ നിന്നും രക്ഷിച്ചത്. ജോണി ബെയര്‍സ്‌റ്റോ 28 റണ്‍സെടുത്തു. അഞ്ചു വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയാണ് ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയത്. ആര്‍ അശ്വിന്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവിന് രണ്ടു വിക്കറ്റ് ലഭിച്ചു.
നേരത്തേ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 287നു മറുപടിയില്‍ ഇന്ത്യ 274ന് പുറത്തായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ (149) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യയുടെ മാനംകാത്തത്. മറ്റുള്ളവരൊന്നും 30 റണ്‍സ് പോലും തികച്ചില്ല. ശിഖര്‍ ധവാന്‍ (26), ഹര്‍ദിക് പാണ്ഡ്യ (22) എന്നിവരാണ് 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍. ഇംഗ്ലണ്ടിനു വേണ്ടി സാം ക്യുഫാന്‍ നാലു വിക്കറ്റെടുത്തു.