IND vs ENG: 'ഇന്ത്യ'യാവണം ഇംഗ്ലണ്ട്, പിച്ചിനെ പഴിക്കരുത്, ചെയ്യേണ്ടത് മറ്റൊന്നാണ്- സ്വാനിന്റെ ഉപദേശം
ഇന്ത്യക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനു മുന്നോടിയായി ഇംഗ്ലണ്ട് ടീമിനു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ സ്പിന്നര്‍ ഗ്രേയം സ്വാന്‍. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് പത്തു വിക്കറ്റിന്റെ ദയനീയ തോല്‍വിയേറ്റു വാങ്ങിയിരുന്നു. വെറും രണ്ടു ദിവസം കൊണ്ടാണ് മല്‍സരം അവസാനിച്ചത്. ഇതേ വേദിയില്‍ തന്നെയാണ് നാലാം ടെസ്റ്റും നടക്കുന്നത്.
സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണച്ച പിച്ചിനെതിരേ പല മുന്‍ ഇംഗ്ലണ്ട് താരങ്ങളും വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. പിച്ച് മല്‍സരയോഗ്യമല്ലെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പിച്ചിനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാന്‍ ഇംഗ്ലണ്ട് ശ്രമിക്കരുതെന്ന് സ്വാന്‍ ഉപദേശിച്ചു.

സമാനമായ പിച്ച് തന്നെയായിരിക്കും
നാലാം ടെസ്റ്റിനും പിങ്ക് ബോളിലേതിനു സമാനമായ പിച്ച് തന്നെയാവും ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നതെന്നു സ്വാന്‍ മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടിനു മുന്നില്‍ ഇനി രണ്ടു വഴികളില്ല, പ്രകടനം മെച്ചപ്പെടുത്തുകയെന്ന ഒരു വഴി മാത്രമേയുള്ളൂ. എങ്കില്‍ മാത്രമേ ഇന്ത്യയുയര്‍ത്തുന്ന വെല്ലുവിളിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂ. കഴിഞ്ഞ ടെസ്റ്റിലേതു പോലത്തെ അബദ്ധങ്ങള്‍ ഇംഗ്ലണ്ട് ഇനിയാവര്‍ത്തിക്കാന്‍ പാടില്ല. പിച്ച് ഒരു പാട് ടേണ്‍ ചെയ്യുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ഇംഗ്ലണ്ട് ഒഴിഞ്ഞുമാറാനാവില്ലെന്നും സ്വാന്‍ പറഞ്ഞു.

ഇന്ത്യയെ മാതൃകയാക്കൂ
ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനത്തിനായി എത്തുമ്പോള്‍ പച്ചപ്പുള്ള, പേസ് ബൗളിങിന് വളരെയധികം തുണയ്ക്കുന്ന പിച്ചുകളാണ് തയ്യാറാക്കാറുള്ളത്. ഇന്ത്യ ഇതിനെക്കുറിച്ച് പരാതി പറയാറില്ല, പകരം പ്രകടനം മെച്ചപ്പെടുത്താനാണ് ശ്രമിക്കാറുള്ളത്. ജെയിംസ് ആന്‍ഡേഴ്‌സനുയര്‍ത്തുന്ന വെല്ലുവിളി എങ്ങനെ മറികടക്കാമെന്നാണ് കോലി ആസലോചിക്കാറുള്ളത്. അതിനു വേണ്ടി അധ്വാനിക്കുകയും ബാറ്റിങില്‍ മാറ്റം വരുത്തുകയും ചെയ്യുന്നു.
ഇംഗ്ലണ്ടും ഇതു തന്നെയാണ് നാലാം ടെസ്റ്റില്‍ ചെയ്യേണ്ടത്. അശ്വിനെയും അതിനേക്കാള്‍ പ്രധാനമായി അക്ഷര്‍ പട്ടേലിനെയും എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് ചിന്തിക്കുകയും അതിനു വേണ്ടി അധ്വാനിക്കുകയാണ് വേണ്ടതെന്നും സ്വാന്‍ ഉപദേശിച്ചു.

കുഴപ്പം പിച്ചിനല്ലെന്നു കോലിയും രോഹിത്തും
മൂന്നാം ടെസ്റ്റിനു ശേഷം കുഴപ്പം പിച്ചിനായിരുന്നില്ലെന്നും ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും വേണ്ടത്ര നന്നായി പെര്‍ഫോം ചെയ്തില്ലെന്നും ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും പറഞ്ഞിരുന്നു. പിച്ചിനെ കുറ്റം പറയുന്നതിനു പകരം തങ്ങളുടെ പോരായ്മ തുറന്നുപറഞ്ഞ ഇരുവരെയും ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഇന്നു രാവിലെ ഉറക്കമുണര്‍ന്നാല്‍ ചില ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെങ്കിലും സ്വയം സത്യസന്ധത പുലര്‍ത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ വിക്കറ്റില്‍ തങ്ങളുടെ ബാറ്റിങ് ദയനീയമായിരുന്നുവെന്നു സമ്മതിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. തങ്ങളുടേത് മോശമായിരുന്നുവെന്് വിരാടും രോഹിത്തും പറഞ്ഞത് താന്‍ കേട്ടുവെന്നും പീറ്റേഴ്‌സന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 112 റണ്‍സിന് മറുപടിയില്‍ ഇന്ത്യ 145ന് പുറത്തായിരുന്നു. രണ്ടാമിന്നിങ്‌സില്‍ വെറും 81 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ടായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications