ഇന്ത്യന്‍ ക്രിക്കറ്റ് ടീം സമീപകാലത്തായി മികച്ച ഫോമിലൂടെയാണ് കടന്ന് പോകുന്നത്. ടി20 ലോകകപ്പിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയിലും കിരീടം നേടിയെടുക്കാന്‍ ഇന്ത്യക്കായി. ജസ്പ്രീത് ബുംറയുടെ അഭാവത്തിലും ഇന്ത്യ ഐസിസി ട്രോഫി നേടിയെടുക്കാന്‍ ഇന്ത്യക്കായി. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ പ്രധാന ടൂര്‍ണമെന്റുകളില്‍ മികവ് കാട്ടുന്നത് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. വിരാട് കോലി, ശുബ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം മികവ് കാട്ടുന്നു.
മികച്ച യുവതാരങ്ങളേയും വളര്‍ത്തിക്കൊണ്ടുവരാന്‍ ഇതിനോടകം ഇന്ത്യക്കായിട്ടുണ്ട്. ഒരേ സമയം മൂന്നോ നാലോ ടീമിനെ ഇറക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ നിലവിലെ വളര്‍ച്ച. ഇപ്പോഴിതാ ഇന്ത്യക്ക് സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ തന്നെ ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഇന്ത്യ ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ച് ജയിക്കുന്നവരല്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌ക്കര്‍.
സൂപ്പര്‍ താരങ്ങളില്ലെങ്കിലും ഇന്ത്യക്ക് ജയിക്കാനാവും
ചാമ്പ്യന്‍സ് ട്രോഫിയില്‍ ജസപ്രീത് ബുംറയുടെ അഭാവത്തിലാണ് ഇന്ത്യ കളിച്ചത്. ബുംറയില്ലാതെ ഇന്ത്യയുടെ പേസ് നിര നിരാശപ്പെടുത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മുഹമ്മദ് ഷമിയും ഹര്‍ഷിത് റാണയും ചേര്‍ന്ന് മികച്ച പ്രകടനത്തിലൂടെ ഇന്ത്യക്ക് കരുത്തായി. ബാറ്റിങ് നിരയില്‍ റിഷഭ് പന്തടക്കം പുറത്തിരുന്നുവെന്നത് ഇന്ത്യയുടെ ടീം കരുത്ത് എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ്. ഇന്ത്യന്‍ ടീമിലെ യുവ താരസമ്പത്ത് സീനിയര്‍ താരങ്ങളുടെ അഭാവത്തിലും ജയം നേടിക്കൊടുക്കാന്‍ പ്രാപ്തിയുള്ളതാണെന്ന് പറയാം.
'ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ജയം വളരെ മനോഹരമായിരുന്നു. പ്രത്യേകിച്ച് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നിരാശപ്പെടുത്തുന്ന തോല്‍വിക്ക് പിന്നാലെയായിരുന്നു ഈ നേട്ടം. ആദ്യ മത്സരം ജയിക്കുകയും പിന്നീട് നാല് മത്സരത്തിലും കളി മറക്കുകയും ചെയ്ത ഇന്ത്യ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയത് ടീമിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ്. ചില വ്യക്തികളെ മാത്രം ആശ്രയിക്കുന്ന ടീമല്ല ഇന്ത്യ. ജസ്പ്രീത് ബുംറ, രോഹിത്, കോലി എന്നിവരെല്ലാം ഇല്ലാതെയും ജയിക്കാന്‍ ഇപ്പോള്‍ ഇന്ത്യക്ക് സാധിക്കും' സുനില്‍ ഗവാസ്‌ക്കര്‍ മിഡ് ഡേയില്‍ എഴുതിയ കോളത്തിലൂടെ വ്യക്തമാക്കി.

ഐപിഎല്ലിലൂടെ മികച്ച യുവതാരങ്ങളെത്തുന്നു
ഓരോ ഐപിഎല്‍ സീസണിന് ശേഷവും പ്രതിഭകാട്ടി നിരവധി യുവതാരങ്ങളാണ് വളര്‍ന്ന് വരുന്നത്. ഇതിനോടകം ഇന്ത്യ പരിഗണിച്ച യുവതാരങ്ങളെല്ലാം മികവ് കാട്ടി കൈയടി നേടിയിട്ടുണ്ട്. ഗൗതം ഗംഭീര്‍ പരിശീലകനായി വന്നതിന് ശേഷം പ്രതിഭ വിലയിരുത്തി താരങ്ങള്‍ക്ക് അവസരം നല്‍കുന്നു. വരുണ്‍ ചക്രവര്‍ത്തിയെ തിരികെ കൊണ്ടുവന്ന് മാച്ച് വിന്നറാക്കിയതും ഹര്‍ഷിത് റാണക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയതുമെല്ലാം ഗംഭീറിന്റെ തീരുമാനമാണ്.
താരങ്ങളെ എങ്ങനെ മികച്ച പ്രകടനത്തിലേക്ക് എത്തിക്കണമെന്ന് ഗംഭീറിന് നന്നായി അറിയാം. യുവതാരങ്ങളെയടക്കം ഏത് പൊസിഷനില്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ഗംഭീറിന് ധാരണയുണ്ട്. ഇതെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വളര്‍ച്ചക്ക് സഹായിക്കുന്നു. ടോപ് ഓഡര്‍ തകര്‍ന്നാന്‍ ടീം തോല്‍ക്കുന്ന സാഹചര്യത്തില്‍ നിന്ന് മധ്യനിര കളി ജയിപ്പിക്കുന്ന തരത്തിലേക്ക് മാറാന്‍ ഇന്ത്യക്കായി. ഇന്ത്യയുടെ എട്ടാം നമ്പര്‍ വരെ ഇന്ന് ബാറ്റിങ് കരുത്തുണ്ട്. ഇതൊന്നും എല്ലാ ടീമുകള്‍ക്കും അവകാശപ്പെടാന്‍ സാധിക്കുന്നതല്ല.
ടി20 ലോകകപ്പിനായി തയ്യാറെടുത്ത് ഇന്ത്യ
വരാനിരിക്കുന്ന ടി20 ലോകകപ്പും ഏകദിന ലോകകപ്പും മുന്നില്‍ക്കണ്ട് ഇന്ത്യ ഇതിനോടകം പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. 2026ലെ ടി20 ലോകകപ്പിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. എന്നാല്‍ അതിന് മുമ്പ് ടെസ്റ്റിലെ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതായുണ്ട്. വരുന്ന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇതിനായി മികച്ച താരങ്ങളെ ടീമിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗംഭീര്‍. ഇന്ത്യയുടെ എ ടീമിനൊപ്പം പോയി യുവ താരങ്ങളെ സീനിയര്‍ ടീമിലേക്ക് കൊണ്ടുവരാനാണ് ഗംഭീര്‍ നീക്കം നടത്തുന്നത്.