പൂനെ: അവിശ്വസനീയ തിരിച്ചുവരവ് നടത്തി ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു 66 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം. കളി തോറ്റയിടത്തു നിന്നു നിന്നായിരുന്നു രാജകീയ തിരിച്ചുവരവ് നടത്തി ലോക ചാംപ്യന്‍മാരും ലോക ഒന്നാംനമ്പര്‍ ടീമുമായ ഇംഗ്ലണ്ടിനെ ഇന്ത്യ മലര്‍ത്തിയടിച്ചത്. ബാറ്റിങ് പിച്ചെന്നു വിശേഷിപ്പിക്കപ്പെട്ട പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ അഞ്ചു വിക്കറ്റിന് 317 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി.

മറുപടിയില്‍ ഗംഭീര തുടക്കമായിരുന്നു ഇംഗ്ലണ്ടിന്റേത്. ഓപ്പണിങ് വിക്കറ്റില്‍ വെറും 14 ഓവറില്‍ 135 റണ്‍സ് ഇംഗ്ലണ്ട് വാരിക്കൂട്ടിയപ്പോള്‍ ഇന്ത്യയുടെ തോല്‍വി എല്ലാവരുമുറപ്പിച്ചിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടായിരുന്നു പിന്നീട് ഇന്ത്യന്‍ തിരിച്ചുവരവ്. വിക്കറ്റ് പോവാതെ 134 റണ്‍സില്‍ നിന്നും ഇംഗ്ലണ്ടിനെ 251 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ അഞ്ചു വിക്കറ്റിന് 317. ഇംഗ്ലണ്ട് 42.1 ഓവറില്‍ 251 റണ്‍സിന് പുറത്ത്.
ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. നേരത്തേ നടന്ന ടെസ്റ്റ്, ടി20 പരമ്പരകളില്‍ ആദ്യ കളി തോറ്റ ശേഷമായിരുന്നു ഇന്ത്യ പരമ്പരയിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയത്. എന്നാല്‍ ഏകദിനത്തില്‍ ആദ്യ കളി തന്നെ ജയിച്ചുകൊണ്ട് ഇന്ത്യ ഇംഗ്ലണ്ടിനെ ഞെട്ടിച്ചിരിക്കുകയാണ്. ശിഖര്‍ ധവാനാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ അടുത്ത മല്‍സരം വെള്ളിയാഴ്ച ഇതേ വേദിയില്‍ തന്നെ നടക്കും. ഈ മല്‍സരവും ഡേനൈറ്റാണ്.

ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ (94), ജാസണ്‍ റോയ് (46), മോയിന്‍ അലി (30), നായകന്‍ ഇയോന്‍ മോര്‍ഗന്‍ (22) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ മികച്ച പ്രകടനം നടത്തിയത്. ബെന്‍ സ്റ്റോക്‌സ് (1), ജോസ് ബട്‌ലര്‍ (2), സാം ബില്ലിങ്‌സ് (18), സാം കറെന്‍ (12), ആദില്‍ റഷീദ് (0), എന്നിവരെല്ലാം ബാറ്റിങില്‍ ഫ്‌ളോപ്പായി.
ബെയര്‍സ്റ്റോ- റോയ് സഖ്യത്തിന്റെ ഇടിവെട്ട് തുടക്കം ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരുന്നു. കളി 40 ഓവറില്‍ തന്നെ തീര്‍ക്കണമെന്ന വാശിയുള്ളതുപോലെയായിരുന്നു ഇവരുടെ ബാറ്റിങ്. വിരാട് കോലി ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഇവര്‍ ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും ഷോട്ടുകള്‍ പായിച്ചുകൊണ്ടിരുന്നു. എന്നാല്‍ 15ാം ഓവറില്‍ അരങ്ങേറ്റക്കാരന്‍ പ്രസിദ്ധ് ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി. കളിയിലെ ടേണിങ് പോയിന്റും ഇതു തന്നെയായിരുന്നു. റോയിയെ പ്രസിദ്ധ് പകരക്കാരനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവിനു സമ്മാനിച്ചു. തന്റെ അടുത്ത ഓവറില്‍ പുതുതായി ക്രീസിലെത്തിയ സ്‌റ്റോക്‌സിനെയും പുറത്താക്കി പ്രസിദ്ധ് വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.

നിര്‍ണായക വിക്കറ്റുകള്‍ നേടുന്ന തന്റെ പതിവ് ഠാക്കൂര്‍ ഈ കളിയിലും തെറ്റിച്ചില്ല. സെഞ്ച്വറിയിലേക്കു കുതിച്ച ബെയര്‍സ്റ്റോയെ കുല്‍ദീപ് യാദവിനു സമ്മാനിച്ച അദ്ദേഹം മോര്‍ഗന്‍, ബട്‌ലര്‍ എന്നിവരെ ഒരേ ഓവറില്‍ പുറത്താക്കിയതോടെ ഇംഗ്ലണ്ട് അഞ്ചിന് 176 റണ്‍സിലേക്കു വീണു. പിന്നീടൊരു തിരിച്ചുവരവ് ഇംഗ്ലണ്ടിനുണ്ടായില്ല. ആറാം വിക്കറ്റില്‍ ബില്ലിങ്‌സ്- അലി സഖ്യം ചേര്‍ന്നെടുത്ത 41 റണ്‍സെടുത്ത് ഇംഗ്ലണ്ടിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വരുമെന്ന് തോന്നിച്ചെങ്കിലും ബില്ലിങിന്റെ വിക്കറ്റ് പിഴുത് പ്രസിദ്ധ് ഒരിക്കല്‍ക്കൂടി അവരുടെ അന്തകനായി.
8.1 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 54 റണ്‍സിന് നാലു വിക്കറ്റുകളാണ് പ്രസിദ്ധ് വീഴ്ത്തിയത്. ആറോവറില്‍ 37 റണ്‍സിനു മൂന്നു വിക്കറ്റെടുത്ത ശര്‍ദ്ദുല്‍ ഠാക്കൂറും ഒമ്പതോവറില്‍ 30 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും മികച്ച പിന്തുണയേകി. അരങ്ങേറ്റ മല്‍സരം കളിച്ച ക്രുനാല്‍ പാണ്യക്കു ഒരു വിക്കറ്റ് ലഭിച്ചു.

നേരത്തേ ധവാന്‍ (98), കന്നി മല്‍സരം കളിച്ച ക്രുനാല്‍ പാണ്ഡ്യ (58*), കെഎല്‍ രാഹുല്‍ (62*), നായകന്‍ വിരാട് കോലി (56) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ മികച്ച ടോട്ടലിലെത്തിച്ചത്. 106 ബോളില്‍ 11 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ധവാന്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. ക്രുനാല്‍ വെറും 31 ബോളിലായിരുന്നു ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 58 റണ്‍സ് വാരിക്കൂട്ടിയത്.