ചെന്നൈ: ആദ്യ ടെസ്റ്റിലേറ്റ കനത്ത പരാജയത്തിന് ടീം ഇന്ത്യ അതേ വേദിയില്‍ കണക്കുതീര്‍ത്തു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഒരു ദിവസം ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യയുടെ വമ്പന്‍ ജയം. 482 റണ്‍സെന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിന് സ്വപ്‌നം കാണാവുന്നതിലും അപ്പുറമായിരുന്നു. നാലാം ദിനം തന്നെ ലഞ്ച് ബ്രേക്ക് കഴിഞ്ഞതിനു പിന്നാലെ വെറും 164 റണ്‍സിന് ഇംഗ്ലണ്ട് കൂടാരത്തില്‍ തിരിച്ചെത്തി. ഈ ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തുകയും ചെയ്തു. സ്‌കോര്‍: ഇന്ത്യ 329, 286. ഇംഗ്ലണ്ട് 134, 164.

തങ്ങളെ നാണംകെടുത്തിയ ചെന്നൈയിലെ പിച്ചില്‍ ഇത്തവണ മികച്ച തയ്യാറെടുപ്പുമായാണ് ഇന്ത്യയിറങ്ങിയത്. ആദ്യദിനം മുതല്‍ ചിത്രത്തില്‍ ഇന്ത്യ മാത്രമേയുണ്ടായിരുന്നുള്ളൂ. ഓരോ ദിവസം കഴിയുന്തോറും മല്‍സരം ഇന്ത്യ തങ്ങളുടെ വശത്തേക്കു അടുപ്പിച്ചപ്പോള്‍ ഇംഗ്ലണ്ടില്‍ നിന്നും അകന്നു പോയ്‌ക്കൊണ്ടിരുന്നു. ഒടുവില്‍ നാലാംദിനം കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുകയും ചെയ്തു.
ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുമായി ആര്‍ അശ്വിനായിരുന്നു ഇംഗ്ലണ്ടിന്റെ അന്തകനായതെങ്കില്‍ രണ്ടാമിന്നിങ്‌സില്‍ അരങ്ങേറ്റക്കാരനായ അക്ഷര്‍ പട്ടേലിന്റെ ഊഴമായിരുന്നു. ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റുകളാണ് അക്ഷര്‍ കൊയ്തത്. ആദ്യ ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നേടിയ താരം ഇതോടെ രണ്ടിന്നിങ്‌സുകളിലായി ഏഴു വിക്കറ്റുകളാണ് സ്വന്തം പേരിലാക്കിയത്.

രണ്ടാമിന്നിങ്‌സില്‍ 43 റണ്‍സെടുത്ത മോയിന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായത്. കളി തോല്‍ക്കുമെന്നുറപ്പായതോടെ അലി രണ്ടും കല്‍പ്പിച്ച് ആഞ്ഞടിക്കുന്നതാണ് അവസാന വിക്കറ്റില്‍ കണ്ടത്. തുടരെ ബൗണ്ടറികളും സിക്‌സറും താരം പറത്തി. ഇംഗ്ലണ്ടിന്റെ തോല്‍വിഭാരം അല്‍പ്പമെങ്കിലും കുറച്ചത് അലിയുടെ ഈ വണ്‍മാന്‍ ഷോയായിരുന്നു. ടി20 ശൈലിയില്‍ ബാറ്റ് വീശിയ അദ്ദേഹം വെറും 18 ബോളിലാണ് അഞ്ചു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം 43 റണ്‍സ് അടിച്ചെടുത്തത്. നായകന്‍ ജോ റൂട്ട് (33), ഡാനിയേല്‍ ലോറന്‍സ് (26), റോറി ബേണ്‍സ് (25), ഓലി പോപ്പ് (12) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം തികച്ച മറ്റുള്ളവര്‍. 21 ഓവറില്‍ അഞ്ചു മെയ്ഡനുള്‍പ്പെടെ 60 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അക്ഷര്‍ അഞ്ചു പേരെ പുറത്താക്കിയത്. ആര്‍ അശ്വിന്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റെടുത്തു.

ആദ്യദിനം മുതല്‍ സ്പിന്നര്‍മാരെ തുണച്ച, ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഒന്നാമിന്നിങ്‌സില്‍ 195 റണ്‍സിന്റെ ലീഡ് നേടിയപ്പോള്‍ തന്നെ ഇന്ത്യന്‍ വിജയമുറപ്പായിരുന്നു. രണ്ടാമിന്നിങ്‌സില്‍ 286 റണ്‍സെടുത്ത് 482 റണ്‍സ് വിജയലക്ഷ്യം നല്‍കിയകതോടെ ഇംഗ്ലണ്ടിന്റെ കാര്യം തീരുമാനമായി. എത്ര ഓവറുകള്‍ ഇംഗ്ലണ്ട് പിടിച്ചുനില്‍ക്കുമെന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. നേരത്തേ തയ്യാറാക്കിയ തിരക്കഥ പോലെ തന്നെ നാലാം ദിനം ഇംഗ്ലണ്ട് തോല്‍വി സമ്മതിച്ച് ക്രീസ് വിടുകയും ചെയ്തു.