For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ICC Women's player of the Year: ഇന്ത്യന്‍ അഭിമാനമായി സ്മൃതി മന്ദാന, മികച്ച വനിതാ താരം

കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനമാണ് താരം നടത്തിയത്

1

പുരുഷ ക്രിക്കറ്റില്‍ ഐസിസിയുടെ പ്രധാപ്പെട്ട പുരസ്‌കാരങ്ങളൊന്നും നേടാന്‍ സാധിക്കാതെ പോയ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് വനിതാ ബാറ്റിങ് സെന്‍സേഷന്‍ കൂടിയായ സ്മൃതി മന്ദാന. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്ററായാണ് മന്ദാന തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കു വേണ്ടി 22 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും 38.86 ശരാശരിയില്‍ 855 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കമാണിത്. ഇതാണ് മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള റേച്ചല്‍ ഹെയ്‌ഹോ ഫ്‌ളിന്റ് ട്രോഫിക്കു മന്ദാനയെ അര്‍ഹയാക്കിയത്.

ഇന്ത്യന്‍ വനിതാ ടീമിനെ സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നില്ല 2021. എന്നാല്‍ മികച്ച പ്രകടനങ്ങളിലൂടെ മന്ദാന ടീമിനു വേണ്ടി മികച്ച സംഭാവനകള്‍ നല്‍കിക്കൊണ്ടിരുന്നു. സൗത്താഫ്രിയ്‌ക്കെതിരേ നാട്ടില്‍ നടന്ന നിശ്ചിത ഓവര്‍ പരമ്പരയില്‍ എട്ടു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ ഇന്ത്യക്കു വിജയിക്കാനായിരുന്നുള്ളൂ. ഈ രണ്ടു വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് മന്ദാനയായിരുന്നു.

2

രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 158 റണ്‍സിന്റെ വിജയലക്ഷ്യം ചേസ് ചെയ്തു ജയിച്ചപ്പോള്‍ താരം പുറത്താവാതെ 80 റണ്‍സുമായി കസറിയിരുന്നു. പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യയെ സഹായിച്ചതും ഈ മല്‍സരത്തിലെ വിജയമായിരുന്നു. അവസാന ടി20യില്‍ സൗത്താഫ്രിക്കയെ ഇന്ത്യ തോല്‍പ്പിച്ചപ്പോള്‍ മന്ദാന പുറത്താവാതെ 48 റണ്‍സും നേടിയിരുന്നു.

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീം ഒരേയൊരു ടെസ്റ്റ് കളിച്ചപ്പോഴും ആദ്യ ഇന്നിങ്‌സില്‍ മന്ദാനയുടെ തകര്‍പ്പന്‍ പ്രകടനം കണ്ടു. 78 റണ്‍സായിരുന്നു താരം നേടിയത്. ഈ മല്‍സരം സമനിലയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ഒരേയൊരു വിജയത്തിലും മന്ദാനയ്ക്കു പങ്കുണ്ടായിരുന്നു. 49 റണ്‍സാണ് അവര്‍ സ്‌കോര്‍ ചെയ്തത്. ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ 15 ബോളില്‍ 29 റണ്‍സും പിന്നെയൊരു ഫിഫ്റ്റിയും മന്ദാന നേടിയിരുന്നു. പക്ഷെ പരമ്പര ഇന്ത്യ 1-2നു കൈവിട്ടു.

3

ഓസ്ട്രലിയക്കെതിരായ പരമ്പരയിലും മന്ദാന മികച്ച ഫോമിലായിരുന്നു. ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ താരം 86 റണ്‍സ് നേടി. പിന്നീട് ഓസീസിനെതിരേയുള്ള ഏക ടെസ്റ്റില്‍ മന്ദാന സെഞ്ച്വറിയും കണ്ടെത്തിയിരുന്നു. താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇത്. ഈ കളിയിലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും മന്ദാനയ്ക്കായിരുന്നു. ഓസീസിനെതിരായ അവസാന ടി20യില്‍ താരം ഫിഫ്റ്റിയടിച്ചെങ്കിലും കാര്യമുണ്ടായില്ല. പരമ്പര ഓസീസ് 2-0നു സ്വന്തമാക്കി.

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റില്‍ നേടിയ സെഞ്ച്വറിയാണ് കഴിഞ്ഞ വര്‍ഷത്തെ മന്ദാനയുടെ ഏറ്റവും മികച്ച പ്രകടനം. ഇന്ത്യന്‍ വനിതാ ടീമിന്റെ കന്നി പിങ്ക് ബോള്‍ ടെസ്റ്റില്‍ തന്നെ തന്റെ ആദ്യത്തെ ടെസ്റ്റ് സെഞ്ച്വറിയും കണ്ടെത്താന്‍ അവര്‍ക്കു സാധിച്ചു. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്ത ഇടംകൈയന്‍ താരം കൂടിയായ മന്ദാന 100 ബോളുകളില്‍ നിന്നായിരുന്നു സെഞ്ച്വറി തികച്ചത്. തകര്‍പ്പനൊരു ബൗണ്ടറിയിലൂടെയായിരുന്നു താരം കന്നി സെഞ്ച്വറി നേട്ടം ആഘോഷിച്ചത്. 127 റണ്‍സെടുത്ത് മന്ദാന പുറത്താവുമ്പോഴേക്കും ഇന്ത്യ ടെസ്റ്റില്‍ ശക്തമായ നിലയിലെത്തിയിരുന്നു.

Story first published: Monday, January 24, 2022, 16:38 [IST]
Other articles published on Jan 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+