ഇന്ത്യ vs ബംഗ്ലാദേശ്: കോലി റിട്ടേണ്‍സ്... ഇനി കുട്ടിക്കളിയല്ല, റിയല്‍ 'ടെസ്റ്റി'ന് ടീം ഇന്ത്യ റെഡി
ഇന്‍ഡോര്‍: കുട്ടി ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ കെട്ടുകെട്ടിച്ച ടീം ഇന്ത്യക്കു യഥാര്‍ഥ ടെസ്റ്റ് ഇനിയാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ടെസ്റ്റിനു വ്യാഴാഴ്ച ഇന്‍ഡോറിലെ ഹോല്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാവും. രാവിലെ 9.30നാണ് മല്‍സരം ആരംഭിക്കുന്നത്. ഐസിസിയുടെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിക്കുന്ന മൂന്നാമത്തെ ടെസ്റ്റ് പരമ്പര കൂടിയാണിത്. നേരത്തേ കളിച്ച രണ്ടു പരമ്പരകളും തൂത്തുവാരിയ ഇന്ത്യ ഹാട്രിക്ക് തൂത്തുവാരലാണ് ഇത്തവണ ലക്ഷ്യമിടുന്നത്.
ലോക ചാംപ്യന്‍ഷിപ്പില്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലായി തലപ്പത്തു നില്‍ക്കുന്ന ഇന്ത്യ ഈ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കാനുറച്ചാണ് ഇറങ്ങുക. മറുഭാഗത്ത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ബംഗ്ലാദേശിന്റെ ആദ്യത്തെ പരമ്പര കൂടിയാണിത്.

കോലിയുടെ തിരിച്ചുവരവ്
മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട ക്യാപ്റ്റന്‍ വിരാട് കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ടെസ്റ്റ് പരമ്പര. കോലി ടീമിലെത്തുന്നതോടെ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രഹരശേഷി വര്‍ധിക്കുകയും ചെയ്യും.
കഴിഞ്ഞ ലോകകപ്പിനു ശേഷം തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചു കൊണ്ടിരുന്ന കോലിക്കു ടി20 പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തൊട്ടുമുമ്പത്തെ ടെസ്റ്റ് പരമ്പര തൂത്തുവാരിയ കോലി സമാനമായ നേട്ടം തന്നെയാണ് ബംഗ്ലാദേശിനെതിരേയും ലക്ഷ്യമിടുന്നത്.

സന്തുലിതമായ ടീം
ടി20 പരമ്പരയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ സന്തുലിതമായ ടീമിനെയാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ അണിനിരത്തുന്നത്. കോലിയെക്കൂടാതെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യ രഹാനെ, മധ്യനിരയില്‍ ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി എന്നിവരുടെ തിരിച്ചുവരവും ഇന്ത്യയെ കൂടുതല്‍ അപകടകാരികളാക്കും.
ബൗളിങില്‍ പരിചയസമ്പന്നരായ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ കൂടി ചേരുന്നതോടെ ഇന്ത്യയെ കീഴടക്കുക ബംഗ്ലാദേശിന് കഠിനമാവും.

വീണ്ടും കസറാന്‍ രോഹിത്ത്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച രോഹിത് ശര്‍മ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ഇത് ആഘോഷിച്ചത്. മൂന്നു ടെസ്റ്റുകളില്‍ നിന്നും 500ല്‍ അധികം റണ്‍സ് വാരിക്കൂട്ടിയ ഹിറ്റ്മാന്‍ മാന്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇതേ പ്രകടനം ബംഗ്ലാദേശിനെതിരേയും ആവര്‍ത്തിച്ച് തന്റെ സ്ഥാനം ഭദ്രമാക്കാന്‍ തന്നെയാണ് രോഹിത് കച്ചമുറുക്കുന്നത്.

പിച്ച് റിപ്പോര്‍ട്ട്
ഇന്‍ഡോറിലെ മുന്‍ ചരിത്രം പരിശോധിച്ചാല്‍ പിച്ച് ബാറ്റിങിനെ തുണയ്ക്കുന്നതാണ്. എന്നാല്‍ ഇത്തവണ ടെസ്റ്റില്‍ പേസര്‍മാര്‍ക്കു കൂടി പിച്ചിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ക്യുറേറ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍ഡോറില്‍ ഒരേയൊരു ടെസ്റ്റ് മാത്രമേ ഇന്ത്യ കളിച്ചിട്ടുള്ളൂ. 2016ല്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഇത്. അന്ന് ഇന്ത്യ 500ന് മുകളില്‍ വാരിക്കുട്ടിയപ്പോള്‍ കിവീസിന് രണ്ടിന്നിങ്‌സിലും 300 പോലും കടക്കാനായിരുന്നില്ല.

കണക്കുകളില്‍ ഇന്ത്യ
ഇതുവരെയുള്ള ടെസ്റ്റ് ചരിത്രം പരിശോധിച്ചാല്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യക്കു തന്നെയാണ് മേല്‍ക്കൈ. ഒമ്പത് ടെസ്റ്റുകളിലാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. ഇവയില്‍ ഏഴിലും വിജയം ഇന്ത്യക്കു തന്നെയായിരുന്നു. രണ്ടു ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി.
ബംഗ്ലാദേശ്- മൊമിനുല്‍ ഹഖ് (ക്യാപ്റ്റന്‍), ഷദ്മാന്‍ ഇസ്ലാം, ഇംറുല്‍ ഖയസ്, സെയ്ഫ് ഹസന്‍, ലിറ്റണ്‍ ദാസ്, മുഷ്ഫിഖുര്‍ റഹീം, മഹമ്മുദുള്ള റിയാദ്, മുഹമ്മദ് മിഥുന്‍, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, അല്‍ അമീന്‍ ഹുസൈന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications