IND vs AUS: 42 വര്‍ഷത്തെ ചരിത്രം തിരുത്താന്‍ ഇന്ത്യ!, സിഡ്‌നിയില്‍ കളി സൂപ്പറാവും- എല്ലാമറിയാം
സിഡ്‌നി: അഡ്‌ലെയ്ഡില്‍ കിട്ടിയതിന് മെല്‍ബണില്‍ കൊടുത്തു. ഇനി ആരുടെ ഊഴം? ഓസ്‌ട്രേലിയ തിരിച്ചടിക്കുമോ, അതോ ഇന്ത്യ തന്നെ വീണ്ടും ചിരിക്കുമോ? ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റിന് വ്യാഴാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമാവും.
ഇരുടീമുകളും ഇപ്പോള്‍ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-1നു ഒപ്പമായതിനാല്‍ സിഡ്‌നിയില്‍ കളി കാര്യമാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്ത്യക്കു ഈ ടെസ്റ്റ് ജയിക്കാനായാല്‍ പരമ്പര നഷ്ടമാവില്ലെന്നുറപ്പിക്കാം. കാരണം പരമ്പര 2-2നു സമനിലയില്‍ കലാശിച്ചാലും കഴിഞ്ഞ തവണത്തെ ജേതാക്കളെന്ന നിലയില്‍ ഇന്ത്യക്കു ട്രോഫി നിലനിര്‍ത്താം. 1978ലാണ് ഇന്ത്യ അവസാനമായി സിഡ്‌നിയില്‍ ഒരു ടെസ്റ്റ് വിജയിച്ചിട്ടുള്ളത്. ഈ ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഏക വിജയവും ഇതു തന്നെയാണ്. 42 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഇത്തവണ സിഡ്‌നിയില്‍ ജയിച്ചു കയറാമെന്ന വിശ്വാസത്തിലാണ് ഇന്ത്യ.

രണ്ടു ദിവസം മഴയ്ക്കു സാധ്യത
ഏഴു മുതല്‍ 11 വരെ (വ്യാഴം- തിങ്കള്‍) സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ അഞ്ചു മണിക്കു മല്‍സരം ആരംഭിക്കും.
സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ ടെസ്റ്റിന്റെ തല്‍സമയ സംപ്രേക്ഷണമുണ്ടാവും. സോണി ലിവ് ആപ്പിലൂടെയും ടെസ്റ്റിന്റെ ലൈവ് സ്ട്രീമിങ് കാണാം.
ടെസ്റ്റിന്റെ ആദ്യത്തെ രണ്ടു ദിവസവും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. ഇതു കാരണം മല്‍സരം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

ബാറ്റിങ് പിച്ച്, സ്പിന്നിനും അനുകൂലം
സിഡ്‌നിയിലെ പിച്ച് ബാറ്റിങിന് ഏറെ അനുയോജ്യമാണ്. ബോള്‍ വളരെ നന്നായി തന്നെ ബാറ്റിലേക്കു വരുമെന്നതിനാല്‍ റണ്‍സെടുക്കുക എളുപ്പമായിരിക്കും. സ്പിന്നര്‍മാര്‍ക്കു നല്ല ടേണ്‍ ലഭിക്കുന്ന പിച്ച് കൂടിയായിരിക്കും ഇത്. ഇന്ത്യയുടെ ആര്‍ അശ്വിനും ഓസ്‌ട്രേലിയയുടെ നതാന്‍ ലിയോണും തമ്മിലായിരിക്കും പ്രധാന പോരാട്ടം. പേസര്‍മാര്‍ക്കു പിച്ചില്‍ നിന്നും കുറച്ചു മൂവ്‌മെന്റ് ലഭിക്കുമെങ്കിലും ബോളിന്റെ തിളക്കം നഷ്ടപ്പെടുന്നതോടെ ഇതു കുറയുകയും ചെയ്യും.

ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുറപ്പ്
രോഹിത് ശര്‍മയുടെ മടങ്ങിവരികയും ഉമേഷ് യാദവ് പരിക്കു കാരണം പിന്‍മാറുകയും ചെയ്തതിനാല്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
രോഹിത് ഓപ്പണിങില്‍ തിരിച്ചെത്തുമെന്നുറപ്പായതിനാല്‍ മോശം ഫോമിലുള്ള മായങ്ക് അഗര്‍വാളിനു വഴി മാറിക്കൊടുക്കേണ്ടി വരും. ശുഭ്മാന്‍ ഗില്ലിനൊപ്പം രോഹിത് ഓപ്പണറായി കളിക്കാനാണ് സാധ്യത. ഉമേഷിനു പകരം ആരു കളിക്കുമെന്നു വ്യക്തമല്ല. നവദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍, പുതുമുഖം ടി നടരാജന്‍ തുടങ്ങിയവര്‍ അവസരം കാത്തു നില്‍ക്കുന്നുണ്ട്.

വാര്‍ണറുടെ തിരിച്ചുവരവ്
ഓപ്പണറും സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍ ഓസ്‌ട്രേലിയയുടെ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് വിവരം. പരിക്കു കാരണം ആദ്യ രണ്ടു ടെസ്റ്റുകളും അദ്ദേഹത്തിനു നഷ്ടമായിരുന്നു. വാര്‍ണര്‍ക്കൊപ്പം പുതുമുഖം വില്‍ പ്യുകോസ്‌കി ഓപ്പണറായി ഇറങ്ങിയേക്കും. വാര്‍ണറെപ്പോലെ തന്നെ പ്യുകോസ്‌കിയും പരിക്കേറ്റ് ടീമിന് പുറത്തായിരുന്നു.
നേരത്തേ ഓപ്പണായിരുന്ന മാത്യു വെയ്ഡ് സിഡ്‌നിയില്‍ മധ്യനിരയിലേക്കു മാറിയേക്കും. മോശം ഫോമിലുള്ള ട്രാവിസ് ഹെഡ്ഡിനാവും സ്ഥാനം നഷ്ടമാവുക. ഓസീസ് ടീമില്‍ മറ്റു മാറ്റങ്ങള്‍ക്കു സാധ്യത കുറവാണ്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി/ ടി നടരാജന്‍.
ഓസ്‌ട്രേലിയ-വില്‍ പ്യുകോസ്‌കി, ഡേവിഡ് വാര്‍ണണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ട്രാവിസ് ഹെഡ് / മാത്യു വെയ്ഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), നതാന്‍ ലിയോണ്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications