For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ശുഭ്മാന്‍ ഗില്ലിന് കന്നി ഫിഫ്റ്റി, ഓപ്പണര്‍മാര്‍ പുറത്ത്- ഇന്ത്യ പൊരുതുന്നു

ഓസീസ് ഒന്നാമിന്നിങ്‌സില്‍ 338 റണ്‍സിന് പുറത്തായിരുന്നു

സിഡ്‌നി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ പൊരുതുന്നു. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 338 റണ്‍സിനു മറുപടിയില്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 96 റണ്‍സെടുത്തിട്ടുണ്ട്. എട്ടു വിക്കറ്റുകള്‍ ശേഷിക്കെ ആതിഥേയര്‍ക്കൊപ്പമെത്താന്‍ ഇന്ത്യക്കു 242 റണ്‍സ് കൂടി വേണം. നായകന്‍ അജിങ്ക്യ രഹാനെ (5*), ചേതേശ്വര്‍ പുജാര (9*) എന്നിവരാണ് ക്രീസില്‍. കന്നി ടെസ്റ്റ് ഫിഫ്റ്റി നേടിയ ശുഭ്മാന്‍ ഗില്‍ (50) രോഹിത് ശര്‍മ (26) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. 101 ബോളുകള്‍ നേരിട്ട ഗില്ലിന്റെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളുണ്ടായിരുന്നു. താരത്തിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റായിരുന്നു ഇത്. മെല്‍ബണില്‍ നടന്ന കഴിഞ്ഞ ടെസ്റ്റിലായിരുന്നു 21കാരന്റെ അരങ്ങേറ്റം.

Gill and Rohit Departed As India End Day 2 At 96/2 | Oneindia Malayalam
1

രോഹിത്- ഗില്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 70 റണ്‍സ് നേടാന്‍ ഈ ജോടിക്കു കഴിഞ്ഞു. രോഹിത്തിനെ പുറത്താക്കിയ ജോഷ് ഹേസല്‍വുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രോഹിത്തിനെ ഹേസല്‍വുഡ് സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു. 77 ബോളുകള്‍ നേരിട്ട ഹിറ്റ്മാന്റെ ഇന്നിങ്‌സില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമുണ്ടായിരുന്നു. രോഹിത് മടങ്ങി വൈകാതെ തന്നെ ഗില്ലും ക്രീസ് വിട്ടു. ഇതിനിടെ താരം അര്‍ഹിച്ച ഫിഫ്റ്റി കണ്ടെത്തിയിരുന്നു. ഗുങ് ലെങ്ത് ഡെലിവെറിക്കെതിരേ പ്രതിരോധിക്കാന്‍ ശ്രമിച്ച ഗില്ലിനു പിഴച്ചു. ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ ഗല്ലിയില്‍ കാമറോണ്‍ ഗ്രീന്‍ ഡൈവ് ചെയ്തു പിടികൂടുകയായിരുന്നു.

2

നേരത്തേ ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് 338 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ വമ്പന്‍ സ്‌കോര്‍ നേടുമെന്നു കരുതിയ ഓസീസിനെ ഇന്ത്യ മികച്ച ബൗളിങിലൂടെ റണ്‍സിനു പിടിച്ചുനിര്‍ത്തി. സ്റ്റീവ് സ്മിത്ത് (131) ക്രീസിന്റെ ഒരു വശത്തു സെഞ്ച്വറിയുമായി പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഇന്ത്യ പ്രഹരമേല്‍പ്പിക്കുകയായിരുന്നു. ഏറ്റവും അവസാനമാണ് സ്മിത്ത് കീഴടങ്ങിയത്. 226 ബോളില്‍16 ബൗണ്ടറികളുള്‍പ്പെട്ടതാണ് സ്മിത്തിന്റെ ഇന്നിങ്‌സ്. ഈ പരമ്പരയില്‍ ഒരു ഓസീസ് താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. മാത്രമല്ല 2017നു ശേഷം ഇന്ത്യക്കെതിരേ ടെസ്റ്റില്‍ സഞ്ച്വറി നേടിയ ആദ്യ ഓസീസ് താരം കൂടിയായി സ്മിത്ത് മാറി. ഇന്ത്യക്കെതിരേ അവസാനമായി ടെസ്റ്റ് സെഞ്ച്വറിയടിച്ചതും അദ്ദേഹം തന്നെയായിരുന്നു. 2017 മാര്‍ച്ചില്‍ ധര്‍മശാലയില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്.

സ്മിത്തിനെക്കൂടാതെ മാര്‍നസ് ലബ്യുഷെയ്ന്‍ (91), ഓപ്പണറും അരങ്ങേറ്റക്കാരനുമായ വില്‍ പ്യുകോസ്‌കി (62) എന്നിവരാണ് സിഡ്‌നിയില്‍ ഓസീസിന്റെ മറ്റു സ്‌കോറര്‍മാര്‍. മിച്ചെല്‍ സ്റ്റാര്‍ക്കാണ് (24) 20ന് മുകളില്‍ മറ്റൊരു ഓസീസ് താരം. മാത്യു വെയ്ഡ് 13 റണ്‍സിന് പുറത്തായി. നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. ജസ്പ്രീത് ബുംറയും നവദീപ് സെയ്‌നിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു.

3

ഒരു ഘട്ടത്തില്‍ രണ്ടിന് 200 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. 400ന് മുകളില്‍ സ്‌കോര്‍ ആതിഥേയര്‍ നേടുമെന്നുറപ്പിച്ച നിമിഷം. എന്നാല്‍ ഇന്ത്യ പിന്നീട് കളിയിലേക്കു ശക്തമായി തിരിച്ചുവന്നു. 106 റണ്‍സിനിടെ ഓസീസിന്റെ ഏഴു വിക്കറ്റുകള്‍ ഇന്ത്യ കടപുഴക്കി. തലേ ദിവസത്തെ ടീം സ്‌കോറിലേക്കു 40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ലബ്യുഷെയ്‌നെയാണ് രണ്ടാം ദിനം ഇന്ത്യ ആദ്യം പുറത്താക്കിയത്. സെഞ്ച്വറിക്കു ഒമ്പത് റണ്‍സ്‌കലെ താരത്തെ ഇന്ത്യ മടക്കി അയക്കുകയായിരുന്നു. ജഡേജയുടെ ബൗളിങില്‍ ലബ്യുഷെയ്‌നെ നായകന്‍ അജിങ്ക്യ രഹാനെയാണ് പിടികൂടിയത്. 196 ബോളില്‍ 11 ബൗണ്ടറികളടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 26 റണ്‍സ് കൂടി നേടുമ്പോഴേക്കും വെയ്ഡിനെയും ഇന്ത്യ മടക്കി. വെയ്ഡിനെ ജഡേജ ജസ്പ്രീത് ബുംറയ്ക്കു സമ്മാനിക്കുകയായിരുന്നു.

കാമറോണ്‍ ഗ്രീന്‍ (0), നായകന്‍ ടിം പെയ്ന്‍ (1), പാറ്റ് കമ്മിന്‍സ് (1) എന്നിവരെ ഇന്ത്യ ചെറിയ ഇടവേളകളില്‍ മടക്കിയതോടെ നാലിന് 248 റണ്‍സില്‍ നിന്നും ഓസീസ ഏഴിന് 278 റണ്‍സിലേക്കു വീണു. ഗ്രീനിനെയും കമ്മിന്‍സിനെയും ജഡേജ മടക്കിയപ്പോള്‍ പെയ്‌നിനെ ബുംറ ബൗള്‍ഡാക്കി. സ്റ്റാര്‍ക്കും ലിയോണും മടങ്ങിയതോടെ ഓസീസ് ഒമ്പതിന് 315 റണ്‍സ്. എന്നാല്‍ അവസാന വിക്കറ്റില്‍ ജോഷ് ഹേസല്‍വുഡിനെ കൂട്ടുപിടിച്ച് സ്മിത്ത് 23 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഓസീസിനെ 338 റണ്‍സ് വരെയെത്തിച്ചു.

4

അതേസമയം, മഴയും ഓസീസ് ബാറ്റ്‌സ്മാന്‍മാരുമായിരുന്നു സിഡ്‌നിയില്‍ ആദ്യദിനം വാണത്. അരങ്ങേറ്റക്കാരന്‍ വില്‍ പ്യുകോസ്‌കി (62), ഡേവിഡ് വാര്‍ണര്‍ (5) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമേ ആദ്യദിനം ഇന്ത്യക്കു ലഭിച്ചുള്ളൂ. രണ്ടു തവണ റിഷഭ് പന്ത് ദാനം നല്‍കിയ ജീവനാണ് പ്യുകോസ്‌കി ഫിഫ്‌റി വരെയെത്തിച്ചത്. ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങില്‍ രണ്ടു അനായാസ ക്യാച്ചുകള്‍ പന്ത് പാഴാക്കിയിരുന്നു.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് നാലാം ഓവറില്‍ തന്നെ ഇന്ത്യ ആദ്യ പ്രഹരമേല്‍പ്പിച്ചിരുന്നു. അഞ്ചു റണ്‍സെടുത്ത വാര്‍ണറെ സിറാജിന്റെ ബൗളിങില്‍ ചേതേശ്വര്‍ പുജാര ഫസ്റ്റ് സ്ലിപ്പില്‍ പിടികൂടി. രണ്ടാം വിക്കറ്റില്‍ പ്യുകോസ്‌കിക്കു കൂട്ടായി ലബ്യുഷെയ്ന്‍ വന്നു. 100 റണ്‍സ് ഇരുവരും നേടിയതോടെ ഓസീസ് കളിയിലേക്കു തിരികെ വന്നു. പ്യുകോസ്‌കിയെ പുറത്താക്കിയ സെയ്‌നിയാണ് ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ സമ്മാനിച്ചത്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി.

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, വില്‍ പ്യുകോസ്‌കി, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Friday, January 8, 2021, 13:07 [IST]
Other articles published on Jan 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+