ഇന്ത്യ X ഓസ്‌ട്രേലിയ ടി20: പരമ്പരയില്‍ വഴിത്തിരിവ് സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള അഞ്ച് താരങ്ങള്‍
സിഡ്‌നി: കോവിഡിനെത്തുടര്‍ന്നുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും പരമ്പരയ്ക്കിറങ്ങുന്നു. ഈ മാസം 27ന് ആരംഭിക്കുന്ന ഓസീസ് പരമ്പരയോടെയാണ് വീണ്ടും ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കാനുള്ള താരങ്ങളുടെ കാത്തിരുപ്പിന് വിരാമം ആകുന്നത്. മൂന്ന് ഏകദിനം ഏകദിന, ടി20 പരമ്പരയും നാല് ടെസ്റ്റുകളുമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ കളിക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയ ചില താരങ്ങളെയും ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഇത്തവണ ടി20 പരമ്പരയില്‍ വഴിത്തിരിവ് സൃഷ്ടിക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ടി നടരാജന്‍
ഇത്തവണത്തെ ഐപിഎല്ലിലൂടെ വളര്‍ന്നുവന്ന് ഇന്ത്യയുടെ ടി20 ടീമില്‍ ഇടം പിടിച്ച താരമാണ് തമിഴ്‌നാട്ടുകാരന്‍ ടി നടരാജന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത നടരാജന്‍ യോര്‍ക്കറുകള്‍ എറിയാനുള്ള മിടുക്കിലൂടെയാണ് കരുത്ത് കാട്ടിയത്. മികച്ച ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുള്ള ഇന്ത്യന്‍ നിരയില്‍ നടരാജന്‍ സ്ഥിര സാന്നിധ്യമാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തവണത്തെ ഓസീസ് പര്യടനത്തില്‍ നടരാജനില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നുണ്ട്.

ഗ്ലെന്‍ മാക്‌സ്‌വെല്‍
ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും അപകടകാരിയായ ബാറ്റ്‌സ്മാനാണ് ഗ്ലെന്‍ മാക്‌സ് വെല്‍. ഓസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ് നടക്കുന്നതെന്നതിനാല്‍ മാക്‌സ്‌വെല്ലില്‍ പ്രതീക്ഷകളേറെ. നിലയുറപ്പിച്ച് കിട്ടിയാല്‍ എതിര്‍ ബൗളര്‍മാരുടെ അന്തകനാകാനുള്ള മികവ് മാക്‌സ് വെല്ലിനുണ്ട്. 2019ല്‍ 6 ടി20കളില്‍ നിന്നായി 264 റണ്‍സാണ് മാക്‌സ് വെല്‍ ഓസ്‌ട്രേലിയക്കായി അടിച്ചെടുത്തത്. 52.58 ശരാശരിയും 168.15 സ്‌ട്രൈക്കറേറ്റും മാക്‌സ് വെല്ലിനുണ്ട്. രണ്ട് അര്‍ധ സെഞ്ച്വറിയും 1 സെഞ്ച്വറിയും അദ്ദേഹം നേടി. അതിനാല്‍ത്തന്നെ ഇന്ത്യക്ക് വലിയ ഭീഷണി മാക്‌സ് വെല്‍ ഉയര്‍ത്തുമെന്നുറപ്പാണ്.

ശ്രേയസ് അയ്യര്‍
ഭാവിയിലെ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പോലും പരിഗണിക്കപ്പെടുന്ന താരമാണ് ശ്രേയസ് അയ്യര്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായിരുന്ന ശ്രേയസിന് ടീമിനെ ഫൈനലില്‍ എത്തിക്കാന്‍ സാധിച്ചിരുന്നു. ഈ സീസണിലെ ഐപിഎല്ലില്‍ 519 റണ്‍സും അദ്ദേഹം നേടിയിരുന്നു. ഇന്ത്യയുടെ മധ്യനിരയില്‍ നിര്‍ണ്ണായക സ്ഥാനം കല്‍പ്പിക്കുന്ന താരമാണ് ശ്രേയസ്. രോഹിത് ശര്‍മയുടെ അഭാവം പരിമിത ഓവര്‍ ടീമില്‍ ഉള്ളതിനാല്‍ ഇന്ത്യ വളരെയധികം താരത്തില്‍ പ്രതീക്ഷവെക്കുന്നു. ശ്രേയസിന്റെ ഇന്ത്യന്‍ ജഴ്‌സിയിലെ ആദ്യ ഓസീസ് പര്യടനമാണിത്.

മാര്‍ക്കസ് സ്റ്റോയിനിസ്
വെടിക്കെട്ട് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് ഗെയിം ചെയ്ഞ്ചര്‍ താരമാണ്. ഏത് പൊസിഷനിലും ബാറ്റിങ്ങും ബൗളിങ്ങും ചെയ്യാനുള്ള മികവ് സ്റ്റോയിനിസിനുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ ഡല്‍ഹിക്കൊപ്പം ശ്രദ്ധേയ പ്രകടനം നടത്താന്‍ സ്റ്റോയിനിസിനായി. മീഡിയം പേസിലൂടെ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് സ്റ്റോയിനിസ്. ഇന്ത്യക്ക് വലിയ തലവേദന ഉണ്ടാക്കാനുള്ള മികവ് സ്‌റ്റോയിനിസിനുണ്ട്.

ശിഖര്‍ ധവാന്‍
ഇന്ത്യയുടെ ടി20 ടീമിലെ ഓപ്പണര്‍ സ്ഥാനം സ്വപ്‌നം കണ്ടിരുന്ന യുവതാരങ്ങളെ നിരാശപ്പെടുത്തി ശക്തമായ തിരിച്ചുവരവാണ് ഇത്തവണത്തെ ഐപിഎല്ലൂടെ ശിഖര്‍ ധവാന്‍ നടത്തിയത്. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ നേടി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരനാവാന്‍ ധവാന് സാധിച്ചിരുന്നു. ഓസീസ് സാഹചര്യങ്ങളില്‍ പരിചയസമ്പത്തുള്ള ധവാന് ഇത്തവണ ഉത്തരവാദിത്തം ഏറും. രോഹിതിന്റെ അഭാവത്തില്‍ ടീമിന് മികച്ച തുടക്കം നല്‍കേണ്ടത് സീനിയര്‍ താരമെന്ന നിലയില്‍ ധവാന്റെ കടമയാണ്. ശിഖാറിന്റെ പ്രകടനം മത്സരത്തില്‍ വഴിത്തിരിവാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications