പോരാട്ടം ഇനി പെര്‍ത്തിലേക്ക്... ഹിറ്റ്മാനും അശ്വിനുമില്ലാതെ ഇന്ത്യ, തിരിച്ചടിക്കാന്‍ കംഗാരുപ്പട

പെര്‍ത്ത്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു വെള്ളിയാഴ്ച പെര്‍ത്തില്‍ തുടക്കമാവും. മെല്‍ബണ്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം കൊയ്ത ടീം ഇന്ത്യ പെര്‍ത്തിലും ജയിച്ച് നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന്റെ ലീഡ് നേടാമെന്ന ആത്മവിശ്വാസത്തിലാണ്. പെര്‍ത്തിലെ പുതിയ സ്റ്റേഡിയമായ ഓപ്റ്റസ് സ്റ്റേഡിയമാണ് രണ്ടാം ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ 7.50നാണ് കളി ആരംഭിക്കുന്നത്.
മെല്‍ബണില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കംഗാരുപ്പടയെ ഇന്ത്യ മറികടന്നത്. ചരിത്രത്തിലാദ്യമായാണ് ഓസീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചു കയറുന്നത്. പേസര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുന്ന പെര്‍ത്തില്‍ പിടിച്ചുനില്‍ക്കാനായാല്‍ മാത്രമേ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ.

രോഹിത്തും അശ്വിനുമില്ല
ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ് വെടിക്കെട്ട് താരം രോഹിത് ശര്‍മയുടെയും സ്പിന്നര്‍ ആര്‍ അശ്വിന്റെയും പരിക്ക്. ഇരുവരും പരിക്കിനെ തുടര്‍ന്നു രണ്ടാം ടെസ്റ്റില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. മെല്‍ബണ്‍ ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പുറംഭാഗത്തേറ്റ പരിക്കാണ് രോഹിത്തിന് തിരിച്ചടിയായത്. എന്നാല്‍ പേശീവലിവിനെ തുടര്‍ന്നാണ് അശ്വിന്റെ പിന്‍മാറ്റം.
ഇരുവര്‍ക്കും പകരം ഹനുമാ വിഹാരിയയും രവീന്ദ്ര ജഡേജയെയും പെര്‍ത്ത് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പേസര്‍മാരുടെ പിച്ച്
പേസ് ബൗളര്‍മാരെ ഏറെ തുണയ്ക്കുന്നതാണ് പെര്‍ത്തിലെ പിച്ച്. അതുകൊണ്ടു തന്നെ പേസ് ബൗളിങിന് മുന്‍തൂക്കമുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിക്കാനാണ് സാധ്യത. 13 അംഗ ഇന്ത്യന്‍ ടീമില്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ താരത്തെ കളിപ്പിച്ചിരുന്നില്ല.
ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍മാര്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. രണ്ടിന്നിങ്‌സിലും ഓസീസിനെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. 20 വിക്കറ്റുകളില്‍ 14ഉം വീഴ്ത്തിയത് പേസര്‍മാരായിരുന്നു.

പൃഥ്വി ഷാ പുറത്തുതന്നെ
പരിക്കിനെ തുടര്‍ന്നു ആദ്യ ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വന്ന ഇന്ത്യയുടെ യുവ ഓപ്പണര്‍ പൃഥ്വി ഷായുടെ സേവനം പെര്‍ത്തിലും ലഭിക്കില്ല. ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് നടന്ന പരിശീലന മല്‍സരത്തിലിടെയാണ് പൃഥ്വിക്കു പരിക്കു പറ്റിയത്. കഴിഞ്ഞ ദിവസം താരം ടീമിന്റെ പരിശീലന സെഷനില്‍ പങ്കെടുത്തിരുന്നെങ്കിലും രണ്ടാം ടെസ്റ്റിനുള്ള ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ആദ്യ ടെസ്റ്റിലെ ഓപ്പണര്‍മാരായ മുരളി വിജയ്- ലോകേഷ് രാഹുല്‍ എന്നിവരെ രണ്ടാം ടെസ്റ്റിലും നിലനിര്‍ത്താനാണ് ഇന്ത്യയുടെ തീരുമാനം.
ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഈ ജോടി ഫ്‌ളോപ്പായിരുന്നെങ്കിലും രണ്ടാമിന്നിങ്‌സില്‍ ഇരുവരു നല്‍കിയ ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

ഓസീസ് ടീമില്‍ മാറ്റമുണ്ടായേക്കില്ല
ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും പെര്‍ത്തിലും അതേ ടീമിനെ തന്നെ ഓസ്‌ട്രേലിയ നിലനിര്‍ത്താനാണ് സാധ്യത. ആദ്യ ടെസ്റ്റില്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് രണ്ടിന്നിങ്‌സിലും ഫ്‌ളോപ്പായത് ഓസീസിന് കനത്ത തിരിച്ചടിയായിരുന്നു. കഴിഞ്ഞ ദിവസം മുന്‍ ക്യാപ്റ്റനും ഓസീസ് ഇതിഹാസവുമായ റിക്കി പോണ്ടിങ് ഫിഞ്ചിന് പിന്തുണയുമായി രംഗത്തു വന്നിരുന്നു.
മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ഫോമിലേക്കുയരാത്തതാണ് ഒന്നാം ടെസ്റ്റില്‍ ഓസീസിന് തിരിച്ചടിയായത്. പെര്‍ത്തില്‍ ബാറ്റിങ് നിര താളം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍.

ടീം
ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.
ഓസ്‌ട്രേലിയ- ടിം പെയ്ന്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സോംബ്, ട്രാവിഡ് ഹെഡ്ഡ്, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസ്ല്‍വുഡ്, നതാന്‍ ലിയോണ്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications