For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 32 വര്‍ഷത്തെ ചരിത്രം വഴിമാറി, ഗാബയില്‍ ഇന്ത്യക്കു ഗംഭീര വിജയം! പരമ്പരയും നേടി

മൂന്നു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്

ബ്രിസ്ബണ്‍: അവിശ്വസനീയം... ഗാബ ടെസ്റ്റില്‍ ടീം ഇന്ത്യയുടെ വിജയത്തെക്കുറിച്ച് വിശേഷിപ്പിക്കാന്‍ ഇതിലും നല്ലൊരു വാക്കില്ല. ഓസ്‌ട്രേലിയയുടെ പൊന്നാപുരംകോട്ടയായ ബ്രിസ്ബണിലെ ഗാബയില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ വിജയക്കൊടി നാട്ടിയിരിക്കുന്നു. 1988നു ശേഷം ആദ്യമായി ഗാബയില്‍ ഓസീസ് തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചു. ടി20 മല്‍സരം പോലെ ആവേശകരമായ ക്ലൈമാക്‌സില്‍ മൂന്നു വിക്കറ്റിനാണ് കംഗാരുപ്പടയെ ഇന്ത്യയുടെ രണ്ടാംനിര ടീം കൊമ്പുകുത്തിച്ചത്. ഇതോടെ 2-1നു ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി കിരീടം ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തു. 2018-19ലെ പര്യടനത്തിലും ഇതേ മാര്‍ജിനില്‍ തന്നെയായിരുന്നു നാലു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്.

ഗാബയിൽ ചരിത്രം തിരുത്തിയെഴുതി ടീം ഇന്ത്യ | Oneindia Malayalam
1

328 റണ്‍സെന്ന ദുഷ്‌കമരായ ലക്ഷ്യത്തിലേക്കു ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് വീശിയപ്പോള്‍ ആരും തന്നെ സാധ്യത കല്‍പ്പിച്ചിരുന്നില്ല. മല്‍സരം സമനിലയിലായാലും ട്രോഫി നിലനിര്‍ത്താമെന്നതിനാല്‍ സമനിലയ്ക്കു വേണ്ടിയാവും ഇന്ത്യ ശ്രമിക്കുകയെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ അജിങ്ക്യ രഹാനെയുടെയും ടീമിന്റെയും മനസ്സില്‍ മറ്റൊന്നായിരുന്നു. വിജയം തന്നെ മോഹിച്ച് അവര്‍ ബാറ്റ് വീശി.

ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ (91) സെഞ്ച്വറിക്കു തുല്യമായ ഫിഫ്റ്റി ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടപ്പോള്‍ റിഷഭ് പന്തും (89*) ചേതേശ്വര്‍ പുജാരയും (56) തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യയെ വിജയത്തിലേക്കു വഴി കാണിച്ചു. ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 138 ബോളില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 89 റണ്‍സോടെ പന്ത് പുറത്താവാതെ നിന്നു. ജയിക്കാന്‍ മൂന്നു റണ്‍സ് വേണമെന്നിരിക്കെ ബൗണ്ടറിയിലൂടെയാണ് താരം ഇന്ത്യയുടെ വിജയ റണ്‍സ് കുറിച്ചത്. സ്‌കോര്‍: ഓസ്‌ട്രേലിയ 369, 294. ഇന്ത്യ 336, ഏഴിന് 329. അപരാജിത ഫിഫ്റ്റിയുമായി ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ച പന്താണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് പരമ്പരയുടെ താരം

2

146 ബോളില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കാണ് ഗില്‍ ടെസ്റ്റ് കരിയറിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ഇന്നിങ്‌സില്‍ നേടിയത്. രോഹിത്തിനെ ടീം സ്‌കോര്‍ 18ല്‍ വച്ചു നഷ്ടമായ ശേഷമായിരുന്നു ഇന്ത്യ ടെസ്റ്റിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയത്. രണ്ടാം വിക്കറ്റില്‍ 114 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഗില്‍- പുജാര ജോടി ഇന്ത്യയെ മല്‍സരത്തിലേക്കു തിരികെ കൊണ്ടു വന്നു. നാലാം വിക്കറ്റില്‍ പുജാര-പന്ത് ജോടി 61 റണ്‍സും ആറാം വിക്കറ്റില്‍
പന്ത്- വാഷിങ്ടണ്‍ സുന്ദര്‍ ജോടി 53 റണ്‍സും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഓസീസിനായി പാറ്റ് കമ്മിന്‍സ് നാലും നതാന്‍ ലിയോണ്‍ രണ്ടും വിക്കറ്റെടുത്തു.

3

വിക്കറ്റ് നഷ്ടമില്ലാതെ നാലു റണ്‍സെന്ന നിലയിലാണ് ഇന്ത്യ അവസാന ദിനം കളി പുനരാരംഭിച്ചത്. മഴയെ തുടര്‍ന്നു നാലാം ദിനം കളി നേരത്തേ നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരുന്നു. അഞ്ചാം ദിനം തുടക്കത്തില്‍ തന്നെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യക്കു നഷ്ടമായി. തലേദിവസത്തെ ടീം സ്‌കോറിലേക്കു 14 റണ്‍സ് മാത്രമാണ് ഇന്ത്യക്കു കൂട്ടിച്ചേര്‍ക്കാനായത്. 21 ബോളില്‍ നിന്നും ഒരു ബൗണ്ടറിയോടെ ഏഴു റണ്‍സ് മാത്രമെടുത്ത രോഹിത്തിനെ പാറ്റ് കമ്മിന്‍സിന്റെ ബൗളിങില്‍ ടിം പെയ്ന്‍ പിടികൂടുകയായിരുന്നു.

നേരത്തേ 33 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്. രണ്ടാമിന്നിങ്‌സില്‍ 294 റണ്‍സിന് ആതിഥേയരെ ഒതുക്കാന്‍ ഇന്ത്യക്കു സാധിച്ചു. സ്റ്റീവ് സ്മിത്തിന്റെ (55) ഫിഫ്റ്റിയാണ് ഓസീസിനു തുണയായത്. ഡേവിഡ് വാര്‍ണര്‍ (48), മാര്‍ക്കസ് ഹാരിസ് (38), കാമറോണ്‍ ഗ്രീന്‍ (37), നായകന്‍ ടിം പെയ്ന്‍ (27), മാര്‍നസ് ലബ്യുഷെയ്ന്‍ (25) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. അഞ്ചു വിക്കറ്റെടുത്ത പേസര്‍ മുഹമ്മദ് സിറാജാണ് ഓസീസിനെ തകര്‍ത്തത്. താരത്തിന്റെ കരിയറിലെ കന്നി അഞ്ചു വിക്കറ്റ് നേട്ടം കൂടിയാണിത്. നാലു വിക്കറ്റെടുത്ത ശര്‍ദ്ദുല്‍ താക്കൂര്‍ മികച്ച പിന്തുണയേകി. ഓസീസിനായി ആദ്യ വിക്കറ്റില്‍ വാര്‍ണര്‍- ഹാരിസ് സഖ്യം 89 റണ്‍സ് അടിച്ചെടുത്തിരുന്നു. ഓസീസ് ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ടും ഇതു തന്നെയാണ്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍, മായങ്ക് അഗര്‍വാള്‍, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ടി നടരാജന്‍.

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Tuesday, January 19, 2021, 13:37 [IST]
Other articles published on Jan 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+