ഇന്ത്യ vs ഓസ്‌ട്രേലിയ: ഇനി വേറെ ലെവല്‍... കണക്കു തീര്‍ത്ത്, കപ്പടിക്കാന്‍ കോലിപ്പട
മുംബൈ: 2020ല്‍ ടീം ഇന്ത്യയുടെ യഥാര്‍ഥ അഗ്നിപരീക്ഷ ഒടുവില്‍ വന്നെത്തി. മുന്‍ ലോകചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയുള്ള ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്കു ചൊവ്വാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ തുടക്കമാവും. ഉച്ചയ്ക്കു 1.30ാണ് മല്‍സരം ആരംഭിക്കുന്നത്. ഈ പരമ്പരയിലെ മൂന്നു മല്‍സരങ്ങളും ഡേ നൈറ്റാണ്.
ഈ വര്‍ഷം ആദ്യം കളിച്ച ശ്രീലങ്കയ്‌ക്കെതിരേയുള്ള ടി20 പരമ്പര അനായാസം സ്വന്തമാക്കിയാണ് വിരാട് കോലിയു സംഘവും കംഗാരുക്കൂട്ടത്തിനു മുന്നിലെത്തുന്നത്. ലങ്കയ്‌ക്കെതിരേ നേടിയതു പോലൊരു ഏകപക്ഷീയ ജയം ഓസീസിനെതിരേ ഇന്ത്യ നേടുക ദുഷ്‌കരം തന്നെയായിരിക്കും. അതുകൊണ്ടു തന്നെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

കണക്കുതീര്‍ക്കണം
കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ ഓസീസിനോടു ഇന്ത്യ തോല്‍വിയേറ്റുവാങ്ങിയിരുന്നു. അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര 2-3നാണ് ഇന്ത്യ കൈവിട്ടത്. ആദ്യ രണ്ടു മല്‍സരങ്ങളും ഇന്ത്യ ജയിച്ചെങ്കിലും പിന്നീടുള്ള മൂന്നു കളികളിലും ജയം കൊയ്ത് ഓസീസ് ഞെട്ടിക്കുകയായിരുന്നു. 2009നു ശേഷം ഇന്ത്യന്‍ മണ്ണില്‍ ഓസീസിന്റെ ആദ്യത്തെ ഏകദിന പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.
തുടര്‍ന്നു നടന്ന രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയും തൂത്തുവാരി ഓസീസ് ഇന്ത്യയം നാണംകെടുത്തി. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് അവര്‍ ഇവിടെ ടി20 പരമ്പര നേട്ടം സ്വന്തമാക്കിയത്. ഈ രണ്ടു പരമ്പരകളിലുമേറ്റ പരാജയത്തിനു കണക്കുതീര്‍ക്കാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്

കാലാവസ്ഥ, പിച്ച്
വാംഖഡെ ഏകദിനത്തിനു മഴ ഭീഷണിയില്ല. തെളിഞ്ഞ കാലാവസ്ഥയായിരിക്കും ചൊവ്വാഴ്ച ഇവിടെയെന്നാണ് പ്രവചനം.
അതേസമയം, ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റിങ് പിച്ചുകളിലൊന്നായ വാംഖഡയില്‍ ഇത്തവണയും റണ്ണൊഴുകുമെന്നാണ് കരുതുന്നത്. ഗ്രൗണ്ടിനു വലിപ്പം കുറവായതിനാല്‍ സ്‌കോര്‍ പ്രതിരോധിച്ചു ജയിക്കുകയെന്നത് ഇവിടെ ദുഷ്‌കരമാണ്. അതിനാല്‍ ടോസ് ലഭിക്കുന്ന ടീമിന്റെ ക്യാപ്റ്റന്‍ ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

ഓപ്പണിങ് തലവേദന
ഇന്ത്യയെ സംബന്ധിച്ച് ഓപ്പണിങിന്റെ കാര്യത്തിലാണ് ഇപ്പോള്‍ പ്രധാന തലവേദന. വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ തിരിച്ചെത്തിയതോടെ ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ ഇവരില്‍ ആരെ ഓപ്പണറാക്കുമെന്നതാണ് ചോദ്യം.
ലങ്കയ്‌ക്കെതിരേ രോഹിത്തിന്റെ അഭാവത്തില്‍ ഓപ്പണറായി കളിച്ച രാഹുല്‍ കസറിയിരുന്നു. തൊട്ടുമുമ്പ് വിന്‍ഡീസിനെതിരേ നടന്ന പരമ്പരകളില്‍ ധവാനു പകരമിറങ്ങിയും രാഹുല്‍ മിന്നിയിരുന്നു. നിലവില്‍ രോഹിത്തിന്റെ ഓപ്പണിങ് സ്ഥാനം മാത്രമേ ഉറപ്പുള്ളൂ.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍, പ്രത്യേകിച്ചും ഏകദിനത്തില്‍ രോഹിത്- ധവാന്‍ സഖ്യം നേരത്തേ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഈ കോമ്പിനേഷന്‍ തന്നെ ഇന്ത്യ തുടരാനാണ് സാധ്യത.

ഓസീസ് മിന്നുന്ന ഫോമില്‍
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പര്യടനം നടത്തിയതിനേക്കാള്‍ ശക്തമായ ടീമുമായാണ് ഇത്തവണ ഓസീസിന്റെ വരവ്. സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കു കഴിഞ്ഞ തവണ വിലക്ക് മൂലം ഓസീസിനായി കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ ഇരുവരും വിലക്ക് മാറി ടീമില്‍ തിരിച്ചെത്തിക്കഴിഞ്ഞു.
കൂടാതെ ടെസ്റ്റിലെ ബാറ്റിങ് സെന്‍സേഷനായി മാറിയ മാര്‍നസ് ലബ്യുഷെയ്‌നെയും ഓസീസ് ഇതാദ്യമായി ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരടങ്ങുന്ന ശക്തമായ ബൗളിങ് നിരയും ഓസീസിനുണ്ട്.

സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ / ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, അലെക്‌സ് കാരി, ആഷ്ടണ്‍ ടേര്‍ണര്‍, ആഷ്ടണ്‍ ഏഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications