
വിന്‍ഡീസ് 236ന് പുറത്ത്
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 50 ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും ഇന്ത്യ അനുവദിച്ചില്ല. 47.4 ഓവറില്‍ 236 റണ്‍സില്‍ ആതിഥേയരെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. ഓപ്പണര്‍ സുനില്‍ ആംബ്രിസിന്റെയും (61) ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിന്റെയും (65) ഫിഫ്റ്റികളാണ് വിന്‍ഡീസിനെ മാന്യമായ സ്‌കോറിലെത്തിച്ചത്.
രണ്ടു വിക്കറ്റ് വീതമെടുത്ത ദീപക് ചഹര്‍, നവ്ദീപ് സെയ്‌നി, രാഹുല്‍ ചഹര്‍ എന്നിവരാണ് വിന്‍ഡീസിനെ എറിഞ്ഞൊതുക്കിയത്.

റുതുരാജിന് സെഞ്ച്വറി നഷ്ടം
237 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യക്കു കളിയുടെ ഒരു ഘട്ടത്തിലും വെല്ലുവിളിയുയര്‍ത്തിയില്ല. വെറും 33 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. ഒരു റണ്‍സിന് സെഞ്ച്വറി നഷ്ടമായ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദാണ് (99) ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ചത്. ശുഭ്മാന്‍ ഗില്‍ (69), ശ്രേയസ് അയ്യര്‍ (61) എന്നിവരും മികച്ച പ്രകടനം നടത്തി.
11.2 ഓവറില്‍ ഗില്‍ മടങ്ങുമ്പോഴേക്കും ഇന്ത്യ 110 റണ്‍സ് അടിച്ചെടുത്തിരുന്നു. 89 പന്തില്‍ 11 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് റുതുരാജ് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. ഗില്‍ 40 പന്തില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറും പായിച്ചപ്പോള്‍ ശ്രേയസ് 64 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി.

ഒരു തോല്‍വി മാത്രം
അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒരു തോല്‍വി മാത്രമേ ഇന്ത്യക്കു നേരിട്ടിട്ടുള്ളൂ. ഹാട്രിക് ജയങ്ങളുമായി ഇന്ത്യ നേരത്തേ തന്നെ പരമ്പരയില്‍ 3-0ന്റെ അപരാജിത ലീഡ് നേടിയിരുന്നു. നാലാം ഏകദിനത്തില്‍ വിന്‍ഡീസ് തിരിച്ചടിച്ചു. അഞ്ചു റണ്‍സിന്റെ നേരിയ ജയമാണ് വിന്‍ഡീസ് നേടിയത്.
ആദ്യ രണ്ടു മല്‍സരങ്ങളില്‍ 65 റണ്‍സിനും മൂന്നാമത്തെ മല്‍സരത്തില്‍ 148 റണ്‍സിനുമാണ് ഇന്ത്യ ജയം കൊയ്തത്.


Click it and Unblock the Notifications











