For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: കോലി കിതക്കുന്നു, പുലിക്കുട്ടികള്‍ വേറെയുണ്ട്; സഞ്ജുവിന് അവസരം നല്‍കുമോ?

ബംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 46 റണ്‍സിനാണ് ഓള്‍ഔട്ടായത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ നാട്ടിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലെന്ന നാണക്കേടാണ് ഇന്ത്യയെ തേടിയെത്തിയിരിക്കുന്നത്. ഏഷ്യന്‍ ടീമുകളുടെ തന്നെ ചെറിയ സ്‌കോറെന്ന മോശം റെക്കോഡിലേക്കാണ് ഇന്ത്യ എത്തിപ്പെട്ടിരിക്കുന്നത്.

ഇന്ത്യയുടെ അഞ്ച് സൂപ്പര്‍ താരങ്ങളാണ് ഡെക്കിന് പുറത്തായത്. ഇതില്‍ വിരാട് കോലിയുടെ ഡെക്കാണ് ഇന്ത്യയെ കൂടുതല്‍ നിരാശപ്പെടുത്തുന്നതെന്ന് പറയാം. മൂന്നാം നമ്പറിലിറങ്ങിയ വിരാട് കോലി 9 പന്ത് നേരിട്ടാണ് അക്കൗണ്ട് തുറക്കാതെ മടങ്ങിയത്. കോലിയുടെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണെന്നിരിക്കെ കോലിക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്. ഇന്ത്യ ഇതിന് തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

സഞ്ജുവിനെ കളിപ്പിക്കുമോ?

ഗൗതം ഗംഭീറും രോഹിത് ശര്‍മയും തനിക്ക് ടെസ്റ്റിലേക്ക് വിളി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യക്കായി സമീപകാലത്ത് കളിച്ച ഏകദിനത്തിലും ടി20യിലും മികവ് കാട്ടാന്‍ സഞ്ജു സാംസണിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ടെസ്റ്റിലേക്ക് അദ്ദേഹത്തിന് വിളി നല്‍കാനുള്ള സാധ്യതയും കൂടുതലാണ്. കോലിക്ക് ഇന്ത്യ വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്.

ഇതേ ഫോമില്‍ കോലി കളി തുടരുന്നത് ടീമിന് ബാധ്യതയാണെന്ന് പറയാം. നേരത്തെ കോലി ഇതുപോലെ മോശം ഫോമിലേക്ക് പോയപ്പോള്‍ വിശ്രമം എടുത്ത് ഫോം കണ്ടെത്തി തിരിച്ചെത്തുകയായിരുന്നു. അതുപോലെ ഇത്തവണയും ചെയ്യേണ്ട സാഹചര്യമാണുള്ളത്. കോലിക്ക് പകരക്കാരനായി സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. രഞ്ജി ട്രോഫിയില്‍ സഞ്ജു മികവ് കാട്ടിയാല്‍ രണ്ടാം ടെസ്റ്റില്‍ സഞ്ജുവിനെ ടീമിലേക്ക് വിളിക്കാന്‍ സാധിക്കും.

rohit sharma virat kohli

ഇന്ത്യക്ക് വേണ്ടത് ആക്രമണകാരികളെ

ഇന്ത്യയുടെ നിലവിലെ പരിശീലകനായ ഗൗതം ഗംഭീര്‍ ടെസ്റ്റ് ടീമിനെ കൂടുതല്‍ ആക്രമണോത്സകതയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. ഇതിന്റെ സൂചനകള്‍ അദ്ദേഹം ഇതിനോടകം നല്‍കിക്കഴിഞ്ഞു. കൂടുതല്‍ യുവതാരങ്ങളെ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാനാവും. കടന്നാക്രമിച്ച് കളിക്കുന്ന താരങ്ങളെ ഇന്ത്യക്ക് ആവശ്യമാണെന്ന നിലപാടില്‍ ഗംഭീര്‍ ഉറച്ചുനിന്നാല്‍ സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് എത്താന്‍ സാധ്യത കൂടുതലാണ്.

സഞ്ജു സാംസണിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ മികച്ചതാണ്. ദുലീപ് ട്രോഫിയിലും സെഞ്ച്വറിയോടെ സ്ഥിരത കാട്ടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. തുടര്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ സഞ്ജു മികവ് കാട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ടെസ്റ്റില്‍ നല്‍കാന്‍ ഗംഭീറും രോഹിത്തും തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. 2024ല്‍ ഒരുമികച്ച പ്രകടനം പോലും നടത്താത്ത കോലിയെ ഇന്ത്യ ഇനിയും വിശ്വസിക്കുന്നത് മണ്ടത്തരമാണെന്ന് പറയാം.

ഓസീസ് പര്യടനത്തില്‍ കോലി വേണ്ട

ഇന്ത്യയുടെ അഭിമാന പരമ്പരയായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി വരാനിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കാന്‍ പോകുന്നത്. അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്. എന്നാല്‍ ഓസീസ് പര്യടനത്തില്‍ ഇന്ത്യ വിരാട് കോലിയെ പിന്തുണക്കുന്നത് മണ്ടത്തരമായേക്കും.

കോലി സൂപ്പര്‍ താരമാണ്. മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരവുമാണ്. എന്നാല്‍ വിരാട് കോലിയുടെ നിലവിലെ ഫോം നിരാശപ്പെടുത്തുന്നുവെന്നതാണ് വസ്തുത. ഗൗതം ഗംഭീര്‍ ഫോം വിലയിരുത്തി ടീമില്‍ മാറ്റം വരുത്താന്‍ തയ്യാറാവുന്ന പരിശീലകനാണ്. സൂപ്പര്‍ താരമാണോയെന്ന് മുഖം നോക്കാതെ ടീമില്‍ മാറ്റം വരുത്താന്‍ ഗംഭീര്‍ തയ്യാറായാല്‍ കോലി പുറത്തിരിക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Thursday, October 17, 2024, 16:47 [IST]
Other articles published on Oct 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+