ഹരാരെ: ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചായി എത്തിയിരിക്കുന്ന ഗൗതം ഗംഭീറിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഇന്നിങ്‌സുമായി കസറിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. സിംബാബ്‌വെയുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20യിലാണ് ക്ലാസ് ഫിഫ്റ്റിയുമായി അദ്ദേഹം ടീമിന്റെ രക്ഷകനായത്. നാലാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച സഞ്ജു തനിക്കു ലഭിച്ച അവസസരം ശരിക്കും മുതലാക്കുകയായിരുന്നു. 58 റണ്‍സാണ് സഞ്ജു നേടിയത്. 45 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ നാലു സിക്‌സറും ഒരു ഫോറുമുള്‍പ്പെട്ടിരുന്നു.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (12), അഭിഷേക് ശര്‍മ (14) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ നാലാം ഓവറില്‍ സഞ്ജു ക്രീസിലെത്തി. ഓവറിലെ അഞ്ചാമത്തെ ബോളിലാണ് അഭിഷേക് മടങ്ങിയത്. ഇന്ത്യ അപ്പോള്‍ രണ്ടു വിക്കറ്റിനു 38 റണ്‍സെന്ന നിലയിലായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനൊപ്പം സഞ്ജു മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. അടുത്ത ഓവറില്‍ ഗില്ലും (13) വീണു.

ഇതോടെ സഞ്ജുവിന്റെ ഉത്തരവാദിത്വം വര്‍ധിക്കുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സിലെ തന്റെ ഫേവറിറ്റ് ബാറ്റിങ് പങ്കാളിയായ റിയാന്‍ പരാഗിനെ കൂട്ടുപിടിച്ച് അദ്ദേഹം ടീമിനെ കൂടുതല്‍ തകര്‍ച്ചയിലേക്കു വീഴാതെ കൈപിടിച്ചുയര്‍ത്തി. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത കളിച്ച ഈ ജോടി ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. 65 റണ്‍സ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യയുടെ ടോട്ടല്‍ 100 കടക്കുകയും ചെയ്തു.
അതിനിടെ 12ാം ഓവറില്‍ ബ്രെന്‍ഡന്‍ മവൂറ്റയ്‌ക്കെതിരേ തുടര്‍ച്ചയായി രണ്ടു സിക്‌സറുകള്‍ പറത്തി സഞ്ജു ആരാധകരെ ത്രില്ലടിപ്പിക്കുകയും ചെയ്തു. ഒരു സിക്‌സര്‍ മേല്‍ക്കൂരയ്ക്കു മുകളിലൂടെ പുറത്തേക്കാണ് പറന്നത്. 15ാം ഓവറില്‍ പരാഗിനെ (22) നഷ്ടമായെങ്കിലും സഞ്ജു തന്റെ ഇന്നിങ്‌സുമായി മുന്നോട്ടുപോയി. 17ാം ഓവറിലാണ് അദ്ദേഹം ഫിഫ്റ്റി പൂര്‍ത്തിയാക്കിത്. 39 ബോളുകളില്‍ നിന്നായിരുന്നു ഇത്.
സ്‌കോറിങ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് 18ാം ഓവറില്‍ സഞ്ജു പുറത്തായത്. മുസറബാനിയുടെ ബൗളിങില്‍ മികച്ചൊരു ക്യാച്ചിലൂടെ മറുമാനി അദ്ദേഹത്തെ മടക്കുകയായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പില്‍ ടീമിലുണ്ടായിട്ടും ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ സഞ്ജുവിനു അവസരം ലഭിച്ചിരുന്നില്ല.
സിംബാബ്‌വെയുമായുള്ള ഈ പരമ്പരയിലെ ആദ്യ രണ്ടു കളിയിലും അദ്ദേഹം ടീമില്‍ ഇല്ലായിരുന്നു. മൂന്നാമത്തെ ടി20യിലാവട്ടെ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തതിനാല്‍ വെറും ഏഴു ബോളുകള്‍ മാത്രമേ സഞ്ജുവിനു നേരിടാനായുള്ളൂ. പുറത്താവാതെ 12 റണ്‍സും അദ്ദേഹം നേടി. നാലാം ടി20യില്‍ അദ്ദേഹത്തിനു ബാറ്റിങിനു ഇറങ്ങേണ്ടി വന്നില്ല. എന്നാല്‍ അവസാന കളിയില്‍ പ്രതിസന്ധി ഘട്ടത്തില്‍ ക്രീസിലെത്തിയപ്പോള്‍ മികച്ചൊരു ഇന്നിങ്‌സ് സഞ്ജു കാഴ്ചവയ്ക്കുകയും ചെയ്തിരിക്കുകയാണ്.

സഞ്ജു സാംസണ്‍ തന്റെ കഴിവ് വീണ്ടും ലോകത്തിനു കാണിച്ചു തന്നിരിക്കുകയാണ്. പുതിയ കോച്ച് ഗൗതം ഗംഭീറെങ്കിലും ഇതു മനസ്സിലാക്കുമെന്നു കരുതുന്നു. ശ്രീലങ്കയ്‌ക്കെതിരായ അടുത്ത പരമ്പരയിലും സഞ്ജുവിനു തീര്‍ച്ചയായും അവസരം നല്‍കേണ്ടതുണ്ട്. റിഷഭ് പന്തിനേക്കാള്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. അതിനുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
സൗത്താഫ്രിക്കയ്‌ക്കെതിരേ അവസാനമായി കളിച്ച ഏകദിനത്തില്‍ (പരമ്പരയിലെ അവസാന മല്‍സരം) സെഞ്ച്വറി നേടിയ താരമാണ് സഞ്ജു സാംസണ്‍. പക്ഷെ അതിനു ശേഷം അദ്ദേഹം ഏകദിനം കളിച്ചിട്ടില്ല. ഇപ്പോള്‍ സിംംബാബ്‌വെയ്‌ക്കെതിരേ അവസാന ടി20യില്‍ ഫിഫ്റ്റിയും നേടിയിരിക്കുകയാണ് സഞ്ജു. അടുത്ത ടി20യില്‍ അദ്ദേഹതത്തിനു ഇടമുണ്ടാവുമോയെന്നു കാത്തിരുന്നു കാണണം. ഗൗതം ഗംഭീര്‍ നീതി കാണിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ആരാധകര്‍ കുറിക്കുന്നു.