ഹരാരെ: സിംബാബ് വെക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ഇന്ത്യയുടെ യുവ നിര പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ആധിപത്യ ജയം നേടിയാണ് അഞ്ച് മത്സര പരമ്പര സ്വന്തമാക്കിയത്. ഇന്ത്യക്കായി ആദ്യത്തെ രണ്ട് മത്സരങ്ങളും കളിക്കാതിരുന്ന സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും ശിവം ദുബെയും മൂന്നാം മത്സരത്തിലൂടെയാണ് പ്ലേയിങ് 11ലെത്തിയത്.
സഞ്ജു സാംസണ്‍ എത്തിയതോടെ ദ്രുവ് ജുറേലിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റി പകരം സഞ്ജു തല്‍സ്ഥാനത്തേക്കെത്തി. വിക്കറ്റിന് പിന്നില്‍ സഞ്ജു മികവ് കാട്ടുമ്പോഴും ബാറ്റ് ചെയ്യാന്‍ ആവശ്യത്തിന് അവസരം ലഭിച്ചില്ല. മൂന്നാം ടി20യില്‍ അഞ്ചാമനായി ഇറങ്ങിയ സഞ്ജുവിന് ഏഴ് പന്തുകളാണ് നേരിടാന്‍ ലഭിച്ചത്. പുറത്താവാതെ 12 റണ്‍സോടെ സഞ്ജു ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തു. എന്നാല്‍ നാലാം മത്സരത്തില്‍ ഓപ്പണര്‍മാര്‍ ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു.
ഇതോടെ സഞ്ജുവിന് വീണ്ടും ബാറ്റിങ് അവസരം ലഭിച്ചില്ല. സിംബാബ് വെ പര്യടനത്തിന് ശേഷം ഈ മാസം അവസാനം തന്നെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കാന്‍ പോവുകയാണ്. പുതിയ ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍ ഇന്ന് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വരുന്ന ആഴ്ചയില്‍ ടീം പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. പൊതുവെ സഞ്ജുവിന് വലിയ പിന്തുണ നല്‍കുന്നയാളല്ല ഗംഭീര്‍.
അതുകൊണ്ടുതന്നെ സിംബാബ് വെ പര്യടനത്തില്‍ ബാറ്റിങ്ങില്‍ മികവ് കാട്ടി സെലക്ടര്‍മാരുടെ ശ്രദ്ധ നേടേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കിലും ബെഞ്ചിലായിരുന്നു സഞ്ജുവിന്റെ സ്ഥാനം. സഞ്ജുവിന് സമീപകാലത്തൊന്നും മികച്ച ടി20 പ്രകടനം നടത്താനായിട്ടില്ല. സിംബാബ് വെ പര്യടനത്തെ സഞ്ജു പ്രതീക്ഷയോടെയാണ് കാണുന്നതെങ്കിലും ബാറ്റിങ് അവസരമില്ല.

ഇതോടെ ശ്രീലങ്കന്‍ പര്യടനം സഞ്ജുവിന് നഷ്ടമാവാനാണ് സാധ്യത കൂടുതല്‍. സഞ്ജുവിന് സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താനാവാത്തതിനാല്‍ അദ്ദേഹത്തെ അനായാസം തഴയാന്‍ സെലക്ടര്‍മാര്‍ക്കാവും. ഏകദിന ടീമില്‍ നിന്നും സഞ്ജുവിനെ തഴയാനാണ് സാധ്യത കൂടുതല്‍. അങ്ങനെ വരുമ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കുകയും പ്രയാസമാവില്ല. സിംബാബ് വെ പര്യടനത്തില്‍ സഞ്ജുവിന് ബാറ്റിങ് അവസരം ലഭിക്കാത്തത് അദ്ദേഹത്തെ കാര്യമായി ബാധിക്കുമെന്നുറപ്പ്.
അഞ്ചാം മത്സരം നാളെ നടക്കാന്‍ പോവുകയാണ്. ദുര്‍ബലരായ സിംബാബ് വെ ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ തന്നെ കസറും. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് ബാറ്റിങ് അവസരം ലഭിച്ചേക്കില്ല. നിലവില്‍ അഞ്ചാം നമ്പറിലാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും റുതുരാജ് ഗെയ്ക് വാദും അഭിഷേക് ശര്‍മയുമെല്ലാം ഫോമിലുള്ളപ്പോള്‍ അഞ്ചാം നമ്പറുകാരന് അവസരം ലഭിക്കുക പ്രയാസമാവും.
സഞ്ജുവിന് മൂന്നാം നമ്പറില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്തി സെലക്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ സാധിച്ചേക്കും. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ സഞ്ജുവിന് ശ്രീലങ്കന്‍ പരമ്പരയിലേക്ക് വിളി ലഭിക്കാന്‍ സാധ്യത കുറവാണ്. രോഹിത് ശര്‍മയും വിരാട് കോലിയും ശ്രീലങ്കന്‍ പരമ്പരക്കുണ്ടാവില്ല. പകരം കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ഗംഭീര്‍ പരിഗണിക്കാനാണ് സാധ്യതയുള്ളത്.
ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് കളി തുടരും. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന് കാര്യങ്ങള്‍ കടുപ്പമാണ്. മലയാളി താരത്തിന്റെ പ്രതീക്ഷ സിംബാബ് വെ പര്യടനത്തിലായിരുന്നെങ്കിലും ഇപ്പോള്‍ ബാറ്റിങ് അവസരം ലഭിക്കാതെ വരുന്നതോടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നിരിക്കുകയാണ്. എന്തായാലും ഗംഭീറിന്റെ തീരുമാനം സഞ്ജുവിന്റെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവും.