ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് ഒരു കൂട്ടുകെട്ടായിരുന്നു. മലയാളി താരം സഞ്ജു സാംസണും യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗും തമ്മിലുള്ള കൂട്ടുകെട്ടായിരുന്നു ഇത്. കളിയുടെ ഒരു ഘട്ടത്തില്‍ ബാക്ക്ഫൂട്ടിലായിരുന്ന ഇന്ത്യയെ രക്ഷിച്ചത് ഈ ജോടിയാണ്. നാലാം വിക്കറ്റില്‍ 65 റണ്‍സാണ് സഞ്ജു- പരാഗ് സഖ്യം കൂട്ടിച്ചേര്‍ത്തത്. ഇന്ത്യന്‍ ഇന്നിങ്സിലെ ഏക ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടും ഇതായിരുന്നു
ഈ കൂട്ടുകെട്ടിനിടെ സഞ്ജു തനിക്കു നല്‍കിയ ഉപദേശത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പരാഗ്. മല്‍സരശേഷം സംസാരിക്കുകയായിരുന്നു താരം. ഐപിഎല്ലില്‍ സഞ്ജുവിനു കീഴില്‍ കഴിഞ്ഞ കുറച്ചു സീസണുകളായി രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന താരം കൂടിയാണ് പരാഗ്. അതുകൊണ്ടു തന്നെ വളരെ നല്ല അടുപ്പവുമാണ് ഇവര്‍ തമ്മിലുള്ളത്.

കഴിഞ്ഞ സീസണില്‍ റോയല്‍സ് ബാറ്റിങിലെ നെടുതൂണുകള്‍ സഞ്ജുവും പരാഗുമായിരുന്നു. 500ന് മുകളില്‍ റണ്‍സ് ഇരുവരും അടിച്ചെടുക്കുകയും ചെയ്തു. മൂന്നാം നമ്പറില്‍ സഞ്ജുവും നാലാമനായി പരാഗുമാണ് ബാറ്റ് ചെയ്തത്. പല മല്‍സരങ്ങളിലും റോയല്‍സിനെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഈ സഖ്യം മികച്ച കൂട്ടുകെട്ടുകളുമായി ടീമിനെ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. റോയല്‍സിലെ അതേ തന്ത്രമാണ് സിംബാബ്‌വെയുമായുള്ള ഈ മല്‍സരത്തിലും സഞ്ജു പയറ്റിയതെന്നാണ് പരാഗ് പറയുന്നത്.
ബാറ്റിങിനായി ഞാന്‍ ക്രീസിലെത്തിയപ്പോള്‍ സഞ്ജു ഭായ് എന്നോടു സംസാരിച്ചു കൊണ്ടേയിരുന്നു. രാജസ്ഥാന്‍ റോയല്‍സിലെ ആ കൂട്ടുകെട്ട് നമുക്കു ഇവിടെയും ഉണ്ടാക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതാണ് മികച്ചൊരു കൂട്ടുകെട്ടിനു പിറകിലെന്നും പരാഗ് വെളിപ്പെടുത്തി. പവര്‍പ്ലേയില്‍ ഒരുമിച്ച സഖ്യം 15ാം ഓവറില്‍ വേര്‍പിരിയുമ്പോഴേക്കും ഇന്ത്യന്‍ ടോട്ടല്‍ 100 കടക്കുകയും ചെയ്തിരുന്നു.
ഈ മല്‍സരത്തില്‍ പരാഗിനേക്കാള്‍ നേരത്തേ നാലാം നമ്പറിലേക്കു സഞ്ജുവിനെ ഇന്ത്യ പ്രൊമോട്ട് ചെയ്യുകയായിരുന്നു. തുടക്കത്തിലേറ്റ ബാറ്റിങ് തകര്‍ച്ചയെ തുടര്‍ന്നായിരുന്നു ഇത്. നാലാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ അഭിഷേക് ശര്‍മ പുറത്തായപ്പോഴാണ് സഞ്ജു ക്രീസിലേക്കു വന്നത്. അടുത്ത ഓവറിലെ അവസാന ബോളില്‍ നായകന്‍ ശുഭ്മന്‍ ഗില്ലും മടങ്ങി. ഇതോടെ പരാഗും ബാറ്റിങിനെത്തി. ഇന്ത്യ അപ്പോള്‍ അഞ്ചോവറില്‍ മൂന്നിനു 40 റണ്‍സെന്ന നിലയില്‍ പരുങ്ങലിലായിരുന്നു.

എന്നാല്‍ പരിചയ സമ്പന്നനായ സഞ്ജു അനുഭവസമ്പത്ത് തീരെയില്ലാത്ത പരാഗിനൊപ്പം ഇന്ത്യയെ വന്‍ തകര്‍ച്ചയിലേക്കു വീഴാതെ രക്ഷിച്ചു. വമ്പന്‍ ഷോട്ടുകള്‍ക്കൊന്നും തുനിയാതെ ക്ഷമയോടെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവാനാണ് ഇരുവരും ശ്രമിച്ചത്. ആറു മുതല്‍ എട്ടു വരെയുള്ള മൂന്നോവറുകളില്‍ ഒരു ഫോറോ, സിക്‌സറോ പോലും രണ്ടു പേരും നേടിയില്ല.
ഒമ്പതാം ഓവറില്‍ സഞ്ജുവാണ് സിക്‌സറടിച്ച് ഗിയര്‍ മാറ്റിയത്. അടുത്ത ഓവറില്‍ പരാഗും ആദ്യ സിക്‌സര്‍ കണ്ടെത്തി. 12ാം ഓവറില്‍ തുടര്‍ച്ചയായി രണ്ടു സിക്‌സറുകളാണ് സഞ്ജു പറത്തിയത്. 15ാം ഓവറില്‍ പരാഗ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്. അപ്പോഴേക്കും ഇന്ത്യന്‍ ടോട്ടല്‍ 105 റണ്‍സിലുമെത്തിയിരുന്നു. 24 ബോളില്‍ ഒരു സിക്‌സറടക്കം 22 റണ്‍സെുത്ത പരാഗിനെ ബ്രെന്‍ഡന്‍ മവൂറ്റയാണ് പുറത്താക്കിയത്. എന്‍ഗറാവ ക്യാച്ചെടുക്കുകയായിരുന്നു.