ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച തുറുപ്പുചീട്ടുകളിലൊന്ന് താന്‍ തന്നെയാണെന്നു മറ്റൊരു സ്‌ഫോടനാത്മക ഇന്നിങ്‌സിലൂടെ കാണിച്ചു തന്നിരിക്കുകയാണ് യുവ ഫിനിഷര്‍ റിങ്കു സിങ്. സിംബാബ്‌വെയുമായുള്ള രണ്ടാം ടി20യില്‍ ബാറ്റിങില്‍ നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട അദ്ദേഹം 22 ബോളില്‍ പുറത്താവാതെ വാരിക്കൂട്ടിയത് 48 റണ്‍സാണ്. അഞ്ചു കൂറ്റന്‍ സിക്‌സറും രണ്ടു ഫോറുമടക്കമാണിത്. 218.18 സ്‌ട്രൈക്ക് റേറ്റും റിങ്കുവിനുണ്ടായിരുന്നു.
സമാപിച്ച ടി20 ലോകകപ്പില്‍ റിസര്‍വ് ലിസ്റ്റിലേക്കു തന്നെ ഒതുക്കുകയും പകരം ശിവം ദുബെയെ കളിപ്പിക്കുകയും ചെയ്ത സെലക്ടര്‍മാര്‍ക്കുള്ള മറുപടി കൂടിയായിരുന്നു റിങ്കുവിന്റെ ഈ പ്രകടനം. ഇത്തവണത്തെ ടി20 ലോകകപ്പ് മിസ്സായെങ്കിലും 2026ല്‍ നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത എഡിഷനില്‍ തീര്‍ച്ചയായും തന്നെ കാണാമെന്നു ആരാധകരെ അദ്ദേഹം ഓര്‍പ്പെടുത്തുക കൂടിയാണ് ചെയ്തിരിക്കുന്നത്.

സിംബാബ്‌വെയ്‌ക്കെതിരേ സെഞ്ച്വറി കുറിച്ച ശേഷം അഭിഷേക് ശര്‍മ 14ാം ഓവറില്‍ പുറത്തായപ്പോഴാണ് സായ് സുദര്‍ശന്‍, റിയാന്‍ പരാഗ് എന്നിവരേക്കാള്‍ മുമ്പ് റിങ്കുവിനെ ഇന്ത്യ ക്രീസിലേക്കു അയച്ചത്. പരമാവധി വേഗത്തില്‍ റണ്‍സ് വാരിക്കൂട്ടി ടീമിനെ വലിയൊരു ടോട്ടലിലെത്തിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. റിങ്കു ബാറ്റിങിനെത്തുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 147 റണ്‍സെന്ന നിലയിലായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച റുതുരാജ് ഗെയ്ക്വാദിനൊപ്പം അദ്ദേഹം ശ്രദ്ധയോടെയാണ് തുടങ്ങിയത്.
ആദ്യത്തെ 14 ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം 18 റണ്‍സാണ് റിങ്കു നേടിയത്. എന്നാല്‍ അവസാനത്തെ രണ്ടോവറില്‍ അദ്ദേഹം ടോപ് ഗിയറിലേക്കു കയറുകയായിരുന്നു. ബ്ലെസിങ് മുസറബാനിയെറിഞ്ഞ 19ാം ഓവറില്‍ രണ്ടു സിക്‌സറുകളാണ് റിങ്കു പറത്തിയത്. ലൂക്ക് ജോങ്വയുടെ അവസാന ഓവറിലും അദ്ദേഹം ആഞ്ഞടിച്ചു അവസാനത്തെ നാലു ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറുമാണ് റിങ്കു പായിച്ചത്. ഒരു ബോള്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ മൂന്നാമത്തെ ടി20 ഫിഫ്റ്റി കൂടി അദ്ദേഹം കുറിക്കുമായിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നടന്ന അയര്‍ലാന്‍ഡ് പര്യടനത്തിലൂടെ അരങ്ങേറിയ റിങ്കുവിന്റെ ടി20 കരിയര്‍ ശരിക്കും അതിശയിപ്പിക്കുന്നതാണ്. 226 ബോളുകളാണ് അദ്ദേഹം ഇതിനകം നേരിട്ടത്. ഇവയില്‍ നിന്നും അടിച്ചെടുത്തത് 404 റണ്‍സാണ്. 80.80 എന്ന തകര്‍പ്പന്‍ ശരാശരിയോടെയാണിത്.
178.76 എന്ന മാരക സ്‌ട്രൈക്ക് റേറ്റും റിങ്കുവിനുണ്ട്. 33 ഫോറുകളും 25 സിക്‌സറുകളാണ് ടി20യില്‍ താരം വാരിക്കൂട്ടിയത്. ഫിനിഷറെന്ന ഏറ്റവും ബുദ്ധിമുട്ടേറിയ റോളില്‍ കളിച്ചാണ് റിങ്കു ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത്.
ടി20യില്‍ 13 ഇന്നിങ്‌സുകളിലാണ് റിങ്കു ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ ഡെക്കായത് ഒന്നില്‍ മാത്രം. ഒറ്റയക്ക സ്‌കോര്‍ നേടിയത് രണ്ടിന്നിങ്‌സുകളിലുമാണ്. ശേഷിച്ച 10 ഇന്നിങ്‌സുകളിലും ബാറ്റിങില്‍ ഇംപാക്ടുണ്ടാക്കാന്‍ റിങ്കുവിനു കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. 38 (21 ബോള്‍), 37* (15), 22* (14), 31* (9), 46 (29), 6 (8), 68* (39), 14 (10), 16* (9), 9* (9), 69* (39), 0 (2), 48* (22) എന്നിങ്ങനെയാണ് ടി20 കരിയറില്‍ ഇതുവരെയുള്ള അദ്ദേഹത്തിന്റെ ഇന്നിങ്‌സുകള്‍.