ഹരാരെ: ടി20 ലോകകപ്പിലെ കിരീട വിജയത്തിന്റെ ആരവങ്ങള്‍ക്കു ശേഷം ടീം ഇന്ത്യ പുതിയ ലുക്കില്‍ വീണ്ടും കളത്തിലേക്ക്. യുവതാരം ശുഭ്മന്‍ ഗില്ലിനു കീഴില്‍ സിംബാബ്‌വെയുമായി ടി20 പരമ്പരയിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുക. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയ്ക്കു ശനിയാഴ്ച ഹരാരെയില്‍ തുടക്കമാവുകയാണ്. അതിനിടെ ഒരു അപ്രതീക്ഷിത തിരിച്ചടിയും ഇന്ത്യക്കു നേരിട്ടിട്ടുണ്ട്. മൂന്നു നിര്‍ണായക താരങ്ങളെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യക്കു നഷ്ടമായിരിക്കുകയാണ്.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, മലയാളി താരം സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവര്‍ക്കു ആദ്യ രണ്ടു മല്‍സരവും കളിക്കാന്‍ സാധിക്കില്ല. ടി20 ലോകകപ്പ് വിജയത്തിനു ശേഷം വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ഇവര്‍ ഇന്ത്യയിലേക്കു മടങ്ങാന്‍ വൈകുന്നതാണ് കാരണം. ഇവരുടെ അഭാവത്തില്‍ എങ്ങനെയായിരിക്കും ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യ അണിനിരക്കുക. ഏറ്റവും മികച്ച പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

ഗില്ലും ജയ്‌സ്വാളും ചേര്‍ന്ന് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ തികച്ചും അപ്രതീക്ഷിതമായി ജയ്‌സ്വാളിനെ നഷ്ടമായതോടെ പുതിയ ഓപ്പണിങ് കോമ്പിനേഷനെ ഇന്ത്യക്കു കണ്ടെത്തേണ്ടതായി വരും. റുതുരാജ് ഗെയ്ക്വാദ്, പുതുമുഖം അഭിഷേക് ശര്‍മ എന്നിവരാണ് ഓപ്പണിങിലേക്കു ഇന്ത്യക്കു മുന്നിലുള്ള രണ്ടു ഓപ്ഷനുകള്‍. ഇവരില്‍ ഇടംകൈയന്‍ ബാറ്ററായ അഭിഷേകിനു നറുക്കുവീഴാനാണ് സാധ്യത.
ജയ്‌സ്വാളിനു പകരം മറ്റൊരു ഇടംകൈയനെ തന്നെ ഓപ്പണിങിലേക്കു കൊണ്ടുവരാനിരിക്കും ഇന്ത്യ ശ്രമിക്കുക. ഈ റോളിലേക്കു ഏറ്റവും അനുയോജ്യന്‍ അഭിഷേക് തന്നെയാണ്. കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഓപ്പണിങില്‍ വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. ജയ്‌സ്വാളിനെപ്പോലെ ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കുകയെന്നതാണ് അഭിഷേകിന്റെയും ശൈലി.
സിംബാബ്‌വെയ്‌ക്കെതിരേ മൂന്നാം നമ്പറില്‍ സഞ്ജു കളിക്കുമെന്നാണ് നേരത്തേ പ്രതീക്ഷിച്ചിരുന്നത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ റുതുരാജായിരിക്കും ഈ പൊസിഷനില്‍ ബാറ്റ് ചെയ്യുക. നാലാം നമ്പറില്‍ പുതുമുഖ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിന്റെ ഊഴമായിക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കഴിഞ്ഞ തവണ നാലാം നമ്പറില്‍ 570നു മുകളില്‍ റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. നാലു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്.
അഞ്ചാം നമ്പര്‍ ഫിനിഷര്‍ റിങ്കു സിങിനായിരിക്കും. ടി20 ലോകകപ്പില്‍ തികച്ചും അപ്രതീക്ഷിതമായി ടീമില്‍ നിന്നും തഴയപ്പെട്ട അഹേം ഈ പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. ആറാമനായി വിക്കറ്റ് കീപ്പര്‍ ബാറ്ററെയായിരിക്കും ഇന്ത്യ ഇറക്കുക. യുവതാരം ധ്രുവ് ജുറേലും ജിതേഷ് ശര്‍മയുമാണ് ഇന്ത്യന്‍ സംഘത്തിലുള്ള വിക്കറ്റ് കീപ്പര്‍മാര്‍.

ഇവരില്‍ ജുറേലിനാവും മുന്‍തൂക്കം ലഭിച്ചേക്കുക. കാരണം ഐപിഎല്ലില്‍ റോയല്‍സിനായി ഭേദപ്പെട്ട പ്രകടനം താരം നടത്തിയിരുന്നു. എന്നാല്‍ ജിതേഷ് ഐപിഎല്ലല്‍ നിരാശപ്പെടുത്തിയിരുന്നു. ഈ വര്‍ഷമാദ്യവും കഴിഞ്ഞ വര്‍ഷമവസാനവും ഇന്ത്യക്കു വേണ്ടി ചില ടി20 പരമ്പരകളില്‍ അദ്ദേഹം കളിച്ചിരുന്നു. ടി20 ലോകകപ്പില്‍ ജിതേഷ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഐപിഎല്ലിലെ ഫ്‌ളോപ്പ് ഷോ ടീമിലെ സ്ഥാനം നഷ്ടമാക്കുകയായിരുന്നു.
ഏഴാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ കളിച്ചേക്കും. രവി ബിഷ്‌നോയ് ആയിരിക്കും ഇലവനിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക മുകേഷ് കുമാറായിരിക്കും. ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവരായിരിക്കും ഇലവനിലെ മറ്റു പേസര്‍മാര്‍.
ആദ്യ ടി20യിലെ ഇന്ത്യന്‍ പ്ലെയിങ് 11
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ധ്രുവ് ജുറേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്.