ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയൊരു താരോദയത്തെക്കൂടി ലഭിച്ചിരിക്കുകയാണ്. പഞ്ചാബില്‍ നിന്നുള്ള യുവ ഇടംകൈയന്‍ ബാറ്റര്‍ അഭിഷേക് ശര്‍മയാണ് കരിയറിലെ രണ്ടാം അന്താരാഷ്ട്ര ടി20യില്‍ തന്നെ സെഞ്ച്വറിയോടെ ഹീറോയായിരിക്കുന്നത്. സിംബാബ് വെയ്‌ക്കെതിരായ രണ്ടാം ടി20യിലായിരുന്നു താരത്തിന്റെ ഇടിവെട്ട് ഇന്നിങ്‌സ്. വെറും 47 ബോളില്‍ അഭിഷേക് വാരിക്കൂട്ടിയത് 100 റണ്‍സാണ്. എട്ടു സിക്‌സറും ഏഴു ഫോറുകളുമുള്‍പ്പെടെയാണിത്. നേരത്തേ ആദ്യ ടി20യില്‍ പൂജ്യത്തിനു പുറത്താവേണ്ടി വന്നതിന്റെ നിരാശ ഈ ഇന്നങ്‌സോടെ അഭിഷേക് മായ്ച്ചുകളയുകയും ചെയ്തു.
23 കാരനായ താരത്തിന്റെ കരിയര്‍ മാറ്റി മറിച്ചതിനു പിന്നില്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും നാട്ടുകാരനുമായ യുവരാജ് സിങിനും നിര്‍ണായക പങ്കുണ്ട്. വളരെ സാധാരണ രീതിയില്‍ പോയ്‌ക്കൊണ്ടിരുന്ന താരത്തിന്റെ കരിയറിലെ മറ്റൊരു തലത്തിലേക്കുയര്‍ത്തിയത് യുവിയാണ്. ഇതു എങ്ങനെയാണെന്നു നോക്കാം. കൊവിഡ് മഹാമാരിയുടെ സമയത്തു രാജ്യം മുഴുവന്‍ ലോക്ക്ഡൗണിലായിരുന്ന സമയത്തായിരുന്നു യുവിക്കു കീഴില്‍ അഭിഷേക് പരിശീലനം നടത്തിയത്.

യുവിക്കൊപ്പമുള്ള പരിശീലനവും അദ്ദേഹം നല്‍കിയ ചില ഉപദേശങ്ങളും തന്റെ ബാറ്റിങ് മെച്ചപ്പെടുത്താന്‍ ഏറെ സഹായിച്ചതായി അഭിഷേക് പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. എന്റെ ബാറ്റിങ് ശൈലിയും ഞാന്‍ എന്നെക്കുറിച്ചു സ്വയം ചിന്തിച്ചിരുന്ന രീതിയുമെല്ലാം മാറ്റിമറിച്ചത് യുവിയാണ്. മൂന്ന്- നാലു മാസങ്ങളോളം അദ്ദേഹത്തിനൊപ്പം നടത്തിയ പരിശീലന സെഷനുകളാണ് കരിയറിലെ ടേണിങ് പോയിന്റ്.
ക്രിക്കറ്ററെന്ന നിലയില്‍ എന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും നല്ല ഓര്‍മകളും ആ സമയത്തേതാണ്. എന്നെ അടുമുടി മാറ്റിയത് യുവിക്കു കീഴിലുള്ള ആ പരിശീലനം തന്നെയാണ്. അതിനു ശേഷം എന്റെ ആത്മവിശ്വാസം വളരെയധികം വര്‍ധിക്കുകയും ചെയ്തു. കാരണം അന്നു എന്റെ പ്രതിഭയെ കൂടുതല്‍ മിനുക്കിയെടുക്കാനുള്ള പരിശീലനമാണ് നടത്തിയത്. എനിക്കു ഇല്ലാതെ പോയിരുന്ന പലതും മെച്ചപ്പെടുത്താന്‍ അതു സഹായിക്കുകയും ചെയ്തു. യുവി ക്രിക്കറ്റിലെ ഇതിഹാസവും കുട്ടിക്കാലം മുതലുള്ള തന്റെ ആരാധനാപാത്രവുമാണെന്നും അഭിഷേക് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
മകന്റെ കരിയറില്‍ യുവരാജ് വരുത്തിയ ഇംപാക്ടിനെക്കുറിച്ച് അഭിഷേകിന്റെ ആദ്യകാല കോച്ച് കൂടിയായ രാജ്കുമാര്‍ ശര്‍മയും ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നിു. ബാറ്റ് ചെയ്യുമ്പോഴുള്ള അഭിഷേകിന്റെ നില്‍പ്പില്‍ യുവി ചെറിയൊരു മാറ്റം വരുത്തി. അവന്റെ ബാക്ക്‌ലിഫ്റ്റ് എല്ലായ്‌പ്പോഴും വളരെ ഉയര്‍ന്നിട്ടായിരുന്നു. പക്ഷെ യുവി നല്‍കിയ ഉപദേശത്തിനു ശേഷം കൂടുതല്‍ നിശ്ചലമായാണ് അഭിഷേക് കളിക്കുന്നത്. ഇതു ഷോട്ടുകള്‍ പായിക്കുമ്പോള്‍ കൂടുതല്‍ കരുത്ത് സൃഷ്ടിച്ചെടുക്കാനും അവനെ സഹായിക്കുന്നതായും രാജ്കുമാര്‍ വ്യക്തമാക്കി.

2018ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ അഭിഷേക് 2023 വരെയുള്ള ആദ്യത്തെ ആറു സീസണുകളിലായി നേടിയത് 31 സിക്‌സറുകളായിരുന്നു. ഇതില്‍ 2022ല്‍ 13 സിക്‌സറുകള്‍ നേടിയതൊഴിച്ചാല്‍ മറ്റൊരു സീസണിലും താരം രണ്ടക്കത്തിലെത്തിയിട്ടുമില്ല. എന്നാല്‍ ഈ വര്‍ഷം നടന്ന ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓറഞ്ച് കുപ്പായത്തില്‍ സിക്‌സര്‍ മെഷീനായി അഭിഷേക് മാറുകയായിരുന്നു. 16 കളിയില്‍ താരം വാരിക്കൂട്ടിയത് 42 സിക്‌സറുകളാണ്. സീസണിലെ സിക്‌സര്‍ കിങും അഭിഷേകായിരുന്നു.
യുവിക്കൊപ്പമുള്ള പരിശീലനത്തോടൊപ്പം 2023ലെ ഐപിഎല്ലിനു ശേഷം മകന്‍ നടത്തിയ കഠിനാധ്വാനവുമാണ് അഭിഷേകിനെ ഇത്രയും ഗംഭീര പ്രകടനം നടത്താന്‍ സഹായിച്ചതെന്നാണ് രാജ്കുമാറിന്റെ വാക്കുകള്‍. 2024ലെ ഐപിഎല്ലിനായി 24 മണിക്കൂറും അവന്‍ കഠിനാധ്വാനം നടത്തിയിട്ടുണ്ട്. ദിനചര്യയില്‍ അഭിഷേക് പൂര്‍ണമായും മാറ്റം വരുത്തി.
പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേറ്റ ശേഷം ഫിറ്റ്‌നസ് നിലവാരമുയര്‍ത്തുന്നതിനായി അവന്‍ കഠിന പ്രയത്‌നം നടത്തി. സൈക്ലിങ്, ഓട്ടം, നീന്തല്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും. കൂടാതെ മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ യോഗയും ധ്യാനവും ശീലമാക്കുകയും ചെയ്തുവെന്നും രാജ്കുമാര്‍ പറയുന്നു.