Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ഗില്‍ നടത്തിയത് ചൂതാട്ടം! എന്നിട്ടും വമ്പന്‍ ജയം, എങ്ങനെ സാധിച്ചു? കിടു ക്യാപ്റ്റന്‍സി

ഹരാരെ: ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍. രണ്ടാം ടി20യില്‍ അദ്ദേഹം നയിച്ച ഇന്ത്യന്‍ യുവനിര 100 റണ്‍സിനാണ് സിംബാബ്‌വെയെ കെട്ടുകെട്ടിച്ചത്. റണ്‍സ് മാര്‍ജിനില്‍ ടി20യില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് വിജയം കൂടിയാണിത്. നേരത്തേ ആദ്യ ടി20യിലൂടെയായിരുന്നു ക്യാപ്റ്റനായി ഗില്ലിന്റെ അരങ്ങേറ്റം. പക്ഷെ ഈ മല്‍സരത്തില്‍ ഇന്ത്യ 13 റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. ഈ പരാജയത്തിനു ശേഷം ക്യാപ്റ്റനെന്ന നിലയില്‍ ഗില്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തിരുന്നു.

എന്നാല്‍ രണ്ടാം ടി20യില്‍ ടീമിനെ ഉജ്ജ്വല ജയത്തിലേക്കു നയിച്ച ഗില്‍ തന്റെ ക്യാപ്റ്റന്‍സിക്കെതിരേ വാളോങ്ങിയവരുടെയെല്ലാം വായടപ്പിച്ചിരിക്കുകയാണ്. ഈ മല്‍സരത്തില്‍ വളരെ മികച്ച രീതിയിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. ഓപ്പണറുടെ (2) റോളില്‍ ബാറ്റിങില്‍ ക്ലിക്കായില്ലെങ്കിലും ക്യാപ്റ്റന്‍സിയില്‍ ഗില്‍ ഇതു നികത്തുകയായിരുന്നു.

INDIAN CRICKET TEAM

വലിയൊരു ചൂതാട്ടമാണ് ഈ മല്‍സരത്തില്‍ ഗില്‍ നടത്തിയത്. കാരണം ആദ്യ ടി20യില്‍ പരാജയപ്പെട്ട ടീമില്‍ അദ്ദേഹം ഒരു മാറ്റം വരുത്തിയിരുന്നു. ഏഴാം നമ്പറില്‍ വരെ ബാറ്റിങിനു ആഴമുണ്ടായിട്ടും അതു മതിയാവാതെ ഒരു ബാറ്ററെ കൂടി ഈ മല്‍സരത്തില്‍ ഇലവനിലേക്കു ഗില്‍ കൊണ്ടുവന്നു. ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹമ്മദിനെ ഒഴിവാക്കിയാണ് സ്‌പെഷ്യലിസ്റ്റ് ബാറ്ററായ സായ് സുദര്‍ശനെ ഗില്‍ കളിപ്പിച്ചത്.

ഖലീല്‍ പുറത്തായോടെ ഇന്ത്യയുടെ ബൗളര്‍മാരുടെ എണ്ണം നാലായി കുറയുകയും ചെയ്തിരുന്നു. ബാറ്റിങ് ലൈനപ്പിനു ആഴം കൂട്ടാന്‍ ഒരു സ്‌പെഷ്യലിസ്റ്റ് പേസറെ ഒഴിവാക്കിയ ഗില്ലിന്റെ നീക്കം ഇന്ത്യക്കു ക്ഷീണമായേക്കുമെന്നാണ് ടോസിനു ശേഷം പലരും പ്രതീക്ഷിച്ചത്. പക്ഷെ അവരുടെ കണക്കുകൂട്ടല്‍ തെറ്റാണെന്നു വമ്പന്‍ ജയത്തോടെ ഗില്‍ തെളിയിച്ചു.

കഴിഞ്ഞ മല്‍സരത്തില്‍ ടോസ് ലഭിച്ചിട്ടും ആദ്യം ബൗള്‍ ചെയ്യാനുള്ള ഗില്ലിന്റെ തീരുമാനം ഇന്ത്യക്കു തിരിച്ചടിയായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ വീണ്ടും ടോസ് നേടിയപ്പോള്‍ അദ്ദേഹം ഈ തെറ്റ് തിരുത്തുകയും ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ആദ്യ കളി തോറ്റതിനാല്‍ ഈ മല്‍സരം നിര്‍ണായകമാണെന്നും റണ്‍ചേസില്‍ അനുഭവസമ്പത്ത് തീരെ കുറവുള്ള ഇന്ത്യന്‍ ബാറ്റിങ് നിര പതറുമെന്നും ഗില്‍ മനസ്സില്‍ കണ്ടു. ഇതാണ് ബാറ്റിങിനു അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

പിന്നീട് ബാറ്റിങില്‍ റിങ്കു സിങിനെ നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്തതും ഗില്ലിന്‍റെ മറ്റൊരു മാസ്റ്റര്‍ സ്‌ട്രോക്കാണ്. സുദര്‍ശന്‍, റിയാന്‍ പരാഗ് എന്നിവരേക്കാള്‍ മുമ്പ് റിങ്കു വന്നതോടെ ഇന്ത്യന്‍ സ്‌കോറിങിനു വേഗതയും കൂടി. 22 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ഫോറുമടക്കം പുറത്താവാതെ 48 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

INDIAN TEAM

പിന്നീട് സിംബാബ്‌വെയുടെ റണ്‍ചേസില്‍ തന്റെ ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കുന്നതിലും ഗില്‍ മികവ് പുലര്‍ത്തി. നാല് അംഗീകൃത ബൗളര്‍മാര്‍ മാത്രമേയുള്ളൂവെന്ന് അറിയാവുന്നതിനാല്‍ തന്നെ തന്ത്രപൂര്‍വമാണ് ഇവരെ അദ്ദേഹം റൊട്ടേറ്റ് ചെയ്തത്. രണ്ടാമത്തെ ഓവറില്‍ അഭിഷേക് ശര്‍മയെ ഗില്‍ പരീക്ഷിച്ചെങ്കിലും 19 റണ്‍സ് താരം വഴങ്ങി. പിഴവ് ബോധ്യമായ ഗില്‍ ഉടന്‍ തന്നെ അഭിഷേകിനെ പിന്‍വലിച്ച് ആവേശ് ഖാനെ കൊണ്ടുവന്നു. രണ്ടു വിക്കറ്റുകളും ഈ ഓവറില്‍ അദ്ദേഹം വീഴ്ത്തി.

അതിനു ശേഷം ഒരു പാര്‍ട്ട്‌ടൈം ബൗളറെ പോലും 13ാം ഓവര്‍ വരെ ഗില്‍ കൊണ്ടുവന്നില്ല. തന്റെ നാലു പ്രധാന ബൗളര്‍മാരെ കൊണ്ടു തന്നെ അദ്ദേഹം എതിരാളികളുടെ കഥ കഴിച്ചു. 13ാം ഓവറില്‍ സിംബാബ്‌വെ ഏഴിനു 83 റണ്‍സെന്ന നിലയില്‍ തോല്‍വിയുറപ്പിച്ചപ്പോഴാണ് അഭിഷേകിനെ രണ്ടാം സ്‌പെല്ലിനു ഗില്‍ തിരികെ വിളിച്ചത്. മാത്രമല്ല റിയാന്‍ പരാഗിനെക്കൊണ്ടും ഒരോവര്‍ അദ്ദേഹം എറിയിച്ചു. ഇതു ഗില്ലിന്റെ ക്യാപ്റ്റന്‍സി മിടുക്ക് തന്നെയാണ് തെളിയിക്കുന്നത്.

Story first published: Sunday, July 7, 2024, 20:57 [IST]
Other articles published on Jul 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+