IND vs ZIM: സഞ്ജു കിടു, അവസരം കിട്ടിയാല്‍ പൊളിക്കും; ശ്രീലങ്കന്‍ ടി20യില്‍ വൈസ് ക്യാപ്റ്റനാക്കൂ?
മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20, ഏകദിന പരമ്പരക്കുള്ള ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഈ മാസം 27നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. സിംബാബ് വെയില്‍ പരമ്പര നേടിയ ഇന്ത്യന്‍ ടീമില്‍ നിന്ന് ആരൊക്കെ ശ്രീലങ്കയിലേക്ക് ഉണ്ടാകുമെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജു സാംസണ്‍ അഞ്ചാം ടി20യില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ഇന്ത്യയുടെ രക്ഷകനായിരുന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 45 പന്തില്‍ 58 റണ്‍സാണ് സഞ്ജു നേടിയത്.
ഒരു ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ കിടിലന്‍ ബാറ്റിങ്. സഞ്ജുവിന്റെ ഗംഭീര പ്രകടനത്തോടെ ശ്രീലങ്കയ്‌ക്കെതിരേ ടി20 പരമ്പര കളിക്കാന്‍ സഞ്ജുവും ഉണ്ടാവാന്‍ സാധ്യത കൂടിയിരിക്കുകയാണ്. മത്സരത്തിലുടെനീളം സഞ്ജു പക്വതയോടെ മുന്നില്‍ നിന്ന് നയിക്കുന്നതാണ് കണ്ടത്. ഇപ്പോഴിതാ സഞ്ജുവിനെ ഇന്ത്യ ശ്രീലങ്കന്‍ പരമ്പരയിലും വൈസ് ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍.
സിംബാബ് വെ പര്യടനത്തില്‍ വൈസ് ക്യാപ്റ്റന്‍സി സഞ്ജുവിനായിരുന്നു. അഞ്ചാം മത്സരത്തില്‍ പല അവസരത്തിലും നായകന്‍ ശുബ്മാന്‍ ഗില്ലിന് ഉപദേശം നല്‍കി സഞ്ജു സജീവമായിരുന്നു. റിവ്യൂ എടുക്കുന്ന ഘട്ടത്തിലടക്കം സഞ്ജുവിന്റെ തീരുമാനം നിര്‍ണ്ണായകമായി. കൂടാതെ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ റിയാന്‍ പരാഗിനെ കൂട്ടുപിടിച്ച് മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുക്കാനും സഞ്ജുവിനായി. ഈ കൂട്ടുകെട്ടാണ് വലിയ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.
മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യാന്‍ സഞ്ജു സാംസണിന് സാധിച്ചു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് ക്യാപ്റ്റനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തുണ്ട്. അത് കൃത്യമായി ഉപയോഗപ്പെടുത്തുന്ന പ്രകടനമാണ് സിംബാബ് വെക്കെതിരേ സഞ്ജു കാട്ടിയത്. ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യ ശക്തമായ ടീമിനെയാവും കളത്തിലിറക്കുക. രോഹിത് ശര്‍മ വിരമിച്ചതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയാവും നയിക്കുക.

സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് എന്നിവരെല്ലാം ടീമില്‍ ഉള്ളപ്പോള്‍ സഞ്ജുവിന് വൈസ് ക്യാപ്റ്റന്‍സി ലഭിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. എന്നാല്‍ ഇവരെക്കാളെല്ലാം നായകനെന്ന നിലയില്‍ അനുഭവസമ്പത്തുള്ളതും മികച്ച റെക്കോഡുള്ളതും സഞ്ജുവിനാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇന്ത്യ വൈസ് ക്യാപ്റ്റനാക്കുന്നത് ടീമിന് ഗുണം ചെയ്‌തേക്കും. പക്ഷെ ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം എടുക്കേണ്ടത് ഗൗതം ഗംഭീറാണ്.
മുഖ്യ പരിശീലകനായ ഗംഭീര്‍ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. റിഷഭ് പന്തിനെ ടെസ്റ്റിലേക്കും ഏകദിനത്തിലേക്കുമായി മാറ്റി സഞ്ജുവിന് ടി20യില്‍ കൂടുതല്‍ അവസരം നല്‍കാന്‍ ഗംഭീര്‍ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ അടുത്ത ടി20 ലോകകപ്പിലേക്കെത്തുമ്പോള്‍ സഞ്ജു ടീമിന്റെ നിര്‍ണ്ണായക ഘടകമായി മാറും. മത്സരത്തെക്കുറിച്ചും പിച്ചിനെക്കുറിച്ചും മനസിലാക്കി പക്വതയോടെ കളിക്കാന്‍ സഞ്ജുവിന് ഇപ്പോള്‍ സാധിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ സഞ്ജു കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരേ സഞ്ജുവിന് ടി20യില്‍ മികച്ച റെക്കോഡല്ല ഉള്ളത്. 15ല്‍ താഴെയാണ് അദ്ദേഹത്തിന്റെ ശരാശരി. ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സഞ്ജുവിനെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ തഴയാനും സാധ്യതയുണ്ട്. പക്ഷെ അജിത് അഗാര്‍ക്കര്‍ മുഖ്യ സെലക്ടറായി വന്ന ശേഷം സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ടി20 ലോകകപ്പില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ചില്ലെങ്കിലും സഞ്ജു ടീമിന്റെ ഭാഗമായിരുന്നു.
ഇതേ പിന്തുണ ഗംഭീര്‍ പരിശീലകനായി എത്തുമ്പോഴും ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. രോഹിത്തും കോലിയും ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയും കളിക്കുന്നില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് ഏകദിന പരമ്പരയിലേക്കും വിളിയെത്താന്‍ സാധ്യതയുണ്ടെന്ന് പറയാം. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ശ്രീലങ്കന്‍ പരമ്പര സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications