ഹരാരെ: സിംബാബ് വെക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് 11 സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടപ്പോള്‍ ആരാധകര്‍ വലിയ സന്തോഷത്തിലായിരുന്നു. ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട സഞ്ജുവിന് പക്ഷെ ഒറ്റ മത്സരം കളിക്കാന്‍ അവസരം ലഭിച്ചില്ല. അതുകൊണ്ടുതന്നെ സിംബാബ് വെക്കെതിരേ സഞ്ജു പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടപ്പോള്‍ മികച്ചൊരു ബാറ്റിങ് കാണാമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ആരാധകരുടെ സന്തോഷം ഇരട്ടിച്ചു.
എന്നാല്‍ അഞ്ചാമനായി ബാറ്റ് ചെയ്യാനിറങ്ങിയ സഞ്ജുവിന് 7 പന്തുകളാണ് നേരിടാന്‍ സാധിച്ചത്. 12 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ട് ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. ചെറിയൊരു കാമിയോ കാഴ്ചവെച്ചെങ്കിലും വലിയൊരു പ്രകടനം നടത്താനുള്ള പന്തുകള്‍ സഞ്ജുവിന് ലഭിച്ചില്ല. ഇപ്പോഴിതാ സഞ്ജുവിനെ നാലാം നമ്പറില്‍ കളിപ്പിക്കാത്തതിനെതിരേ ആരാധക രോഷം കടുക്കുകയാണ്. സീനിയര്‍ താരമായിട്ടും അവസരം കിട്ടാതെ സഞ്ജു തഴയപ്പെടുകയാണ്.
മൂന്നാം നമ്പറില്‍ അഭിഷേക് ശര്‍മയും നാലാം നമ്പറില്‍ റുതുരാജ് ഗെയ്ക് വാദുമാണ് ഇറങ്ങിയത്. സഞ്ജുവിനെ നാലാം നമ്പറില്‍ ഇറക്കണമായിരുന്നുവെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. സഞ്ജുവിന് മികച്ച പ്രകടനം നടത്താനുള്ള അവസരം മുന്നിലുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള അവസരം ലഭിക്കുന്നില്ല. സിംബാബ് വെ പരമ്പരക്ക് ശേഷം ശ്രീലങ്കന്‍ പരമ്പര വരാനിരിക്കുകയാണ്. ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുന്നത്.
ഇതില്‍ ഇടം ലഭിക്കുന്നതിന് സിംബാബ് വെ പര്യടനത്തില്‍ തിളങ്ങേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് അത്യാവശ്യമാണ്. എന്നാല്‍ ആവശ്യത്തിന് അവസരം നല്‍കാതെ സഞ്ജുവിനെ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജുവിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. എന്നാല്‍ സിംബാബ് വെ പര്യടനത്തില്‍ കാര്യമായ പ്രകടനം കാട്ടാനാവാതെ വന്നാല്‍ സഞ്ജുവിനെ തഴയാനും ഇത് കാരണമാവും.

ഗൗതം ഗംഭീര്‍ ശ്രീലങ്കന്‍ പരമ്പരയിലൂടെയാവും സ്ഥാനം ഏറ്റെടുക്കുക. അതുകൊണ്ടുതന്നെ ടീമില്‍ വലിയ അഴിച്ചുപണി നടത്തിയേക്കും. സഞ്ജു സാംസണിന് വലിയ പിന്തുണ ഗംഭീര്‍ നല്‍കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് മികച്ച പ്രകടനം നടത്താതെ ശ്രീലങ്കന്‍ പരമ്പരയിലേക്ക് എത്താനാവില്ല. സഞ്ജുവിനെ തഴയാനുള്ള ഗൂഡ നീക്കമാണ് നടക്കുന്നതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. രണ്ട് മത്സരങ്ങള്‍ പരമ്പരയില്‍ ശേഷിക്കുന്നുണ്ട്.
സഞ്ജുവില്‍ നിന്ന് വരുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം ഉണ്ടാവാത്ത പക്ഷം സെലക്ടര്‍മാര്‍ സഞ്ജുവിനെ ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് തഴയാനുള്ള സാധ്യതയാണ് കൂടുതല്‍. ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട സഞ്ജുവിന് സിംബാബ് വെ പര്യടനത്തില്‍ പോലും ടോപ് ഓഡറില്‍ ബാറ്റിങ്ങില്‍ അവസരം ലഭിക്കാതിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നാണ് ആരാധകര്‍ പറയുന്നത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് കരുത്തായത് ശുബ്മാന്‍ ഗില്ലിന്റെ (66) അര്‍ധ സെഞ്ച്വറിയും റുതുരാജ് ഗെയ്ക് വാദിന്റെ പ്രകടനവുമാണ് (49). ഒന്നാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കുമായി. 27 പന്തില്‍ 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 36 റണ്‍സെടുത്ത ജയ്‌സ്വാളിനെ പുറത്താക്കി സിക്കന്തര്‍ റാസയാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാം നമ്പറിലെത്തിയ അഭിഷേക് ശര്‍മ 10 റണ്‍സില്‍ പുറത്തായപ്പോള്‍ റുതുരാജ് ലഭിച്ച അവസരത്തില്‍ ശോഭിച്ചു.
28 പന്തില്‍ 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 49 റണ്‍സ് നേടിയാണ് റുതുരാജ് മടങ്ങിയത്. 49 പന്തില്‍ 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 66 റണ്‍സാണ് ശുബ്മാന്‍ ഗില്‍ അടിച്ചെടുത്തത്.