IND vs ZIM: പ്രതിഭാശാലിയാണ്, പക്ഷെ സഞ്ജു ചിലപ്പോള്‍ നിരാശപ്പെടുത്തും! മുകുന്ദ് പറയുന്നു
ഹരാരെ: സിംബാബ് വെക്കെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യ 42 റണ്‍സിന്റെ ജയം നേടിയെടുത്തിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റിന് 167 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ് വെ 18.3 ഓവറില്‍ 125 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രതീക്ഷിച്ച പ്രകടനമല്ല കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യയുടെ രക്ഷകനായത് സഞ്ജു സാംസണാണ്. 45 പന്തില്‍ 58 റണ്‍സാണ് സഞ്ജു നേടിയത്.
1 ഫോറും 4 സിക്‌സും സഞ്ജു പറത്തി. 128.88 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ പ്രകടനം. ടി20യിലെ പ്രകടനമെന്ന നിലയില്‍ ഇത് ഗംഭീരമല്ലെങ്കിലും പിച്ചിന്റെ സ്വഭാവവും മത്സരത്തിന്റെ സാഹചര്യവും നോക്കുമ്പോള്‍ പക്വതയോടെയുള്ള ഗംഭീര ഇന്നിങ്‌സായിരുന്നു ഇത്. ഈ പ്രകടനത്തോടെ വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയിലേക്കും സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. സഞ്ജുവിന്റെ പ്രകടനത്തെ എല്ലാവരും വാഴ്ത്തുമ്പോള്‍ അഭിനവ് മുകുന്ദ് നടത്തിയ വിലയിരുത്തല്‍ വൈറലാവുകയാണ്.
'ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിന് ഇടം നേടുകയെന്നത് പ്രയാസമുള്ള കാര്യമാണ്. കാരണം പ്രതിഭയുണ്ടെങ്കിലും ചിലപ്പോഴെല്ലാം അവന്‍ നിങ്ങളെ അലോസരപ്പെടുത്തു. പക്വത കാട്ടാന്‍ അവന് സാധിക്കാറില്ല. നേരത്തെ അവന്‍ എന്നോട് പറഞ്ഞിട്ടുള്ളതുപോലെ ഐപിഎല്ലില്‍ വലിയ താരങ്ങളോടൊപ്പം കളിച്ചത് ആത്മവിശ്വാസവും പ്രകടനവും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ റിയാന്‍ പരാഗ്, യശ്വസി ജയ്‌സ്വാള്‍ തുടങ്ങിയ യുവതാരങ്ങളേയും വളര്‍ത്താന്‍ അവന് സാധിക്കുന്നു.
ഇത് ഒരു ബാറ്റ്‌സ്മാനും നായകനും വളര്‍ന്ന് പക്വതയിലേക്കെത്തുന്നതിനെയാണ് കാട്ടുന്നത്. ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്' അഭിനവ് മുകുന്ദ് പറഞ്ഞു. സ്ഥിരതയില്ലാത്ത താരമെന്ന പഴി ഏറെ നാളുകളായി സഞ്ജു കേള്‍ക്കുന്നതാണ്. എന്നാല്‍ സമീപകാലത്തായി ഈ പേരുദോഷം മാറ്റാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ നായകനായും ബാറ്റ്‌സ്മാനായും അദ്ദേഹം തിളങ്ങുന്നു.

ഇതോടെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിന്റെ ഭാഗമാവാനും സഞ്ജുവിന് ഭാഗ്യം ലഭിച്ചു. എന്നാല്‍ ഇന്ത്യക്കായി ലോകകപ്പ് കളിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചില്ല. റിഷഭ് പന്ത് എല്ലാ മത്സരവും കളിച്ചപ്പോള്‍ സഞ്ജു ബെഞ്ചിലേക്ക് ഒതുക്കപ്പെട്ടു. ഇപ്പോള്‍ സിംബാബ് വെക്കെതിരേ അഞ്ചാം മത്സരത്തില്‍ മാത്രമാണ് ബാറ്റിങ്ങില്‍ അവസരം ലഭിക്കുന്നത്. മൂന്നാം മത്സരത്തില്‍ വെറും 7 പന്താണ് സഞ്ജുവിന് നേരിടാന്‍ ലഭിച്ചത്. ഇതില്‍ 12 റണ്‍സും നേടി.
അഞ്ചാം ടി20യില്‍ നാലാം നമ്പറില്‍ അവസരം ലഭിച്ചപ്പോള്‍ അര്‍ധ സെഞ്ച്വറിയോടെ ടീമിന്റെ നെടുന്തൂണാവാനും സഞ്ജുവിന് സാധിച്ചു. സഞ്ജുവിന്റെ പ്രകടനത്തെ മുന്‍ സിംബാബ് വെ താരവും കമന്റേറ്ററുമായ ടിനോ മവോയോ പ്രശംസിച്ചു. 'സഞ്ജുവിന്റെ ഇന്നിങ്‌സിനെ പക്വതയുള്ളത് എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. കാരണം ആ പക്വതയാണ് സഞ്ജുവെന്ന താരം. സഞ്ജുവിനെ പുറത്താക്കാന്‍ സിക്കന്തര്‍ റാസ സ്പിന്നര്‍മാരെ ഉപയോഗിച്ചു.
ചിലപ്പോള്‍ മാത്രമേ അത് ഫലം കാണൂ. കാരണം അവന്‍ തന്റേതായ ദിവസം കളിക്കുന്നത് കൃത്യതയും വ്യക്തതയുമുള്ള ഇന്നിങ്‌സാണ്. ആ സമയത്ത് താന്‍ ക്രീസില്‍ വേണ്ടത് നിര്‍ണ്ണായകമാണെന്ന് സഞ്ജു തിരിച്ചറിഞ്ഞു. മോശം പന്തുകളില്‍ കൃത്യമായി വലിയ ഷോട്ടുകള്‍ കളിക്കുകയും ചെയ്തു. മികച്ച ഷോട്ടുകളോടെയാണ് സഞ്ജു കളിച്ചത്. ബാറ്റ് ചെയ്യാന്‍ പ്രയാസമുള്ള പിച്ചായിരുന്നു ഇത്' മവോയോ പറഞ്ഞു. ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജുവിന് അവസരം ലഭിക്കാനാണ് സാധ്യത.
ചാമ്പ്യന്‍സ് ട്രോഫി ലക്ഷ്യമിട്ടാണ് ഇപ്പോള്‍ സഞ്ജു തന്ത്രം മെനയുന്നത്. ഇതേ പ്രകടനം തുടര്‍ന്നാല്‍ സഞ്ജുവിന് ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് വിളിയെത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം. ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി സഞ്ജു അര്‍ഹിക്കുന്നുണ്ടെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications