ഹരാരെ: സിംബാബ് വെക്കെതിരായ നാലാം ടി20യില്‍ ഇന്ത്യ 10 വിക്കറ്റിന്റെ വിജയം നേടിയെടുത്തിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ 7 വിക്കറ്റിന് 152 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 15.2 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യക്കായി യശ്വസി ജയ്‌സ്വാള്‍ 93 റണ്‍സും ശുബ്മാന്‍ ഗില്‍ 58 റണ്‍സും നേടി പുറത്താവാതെ നിന്നതാണ് ഇന്ത്യക്ക് അനായാസ വിജയത്തിലേക്കെത്തിച്ചത്. ജയ്‌സ്വാള്‍ സെഞ്ച്വറി നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ നേട്ടത്തിലേക്കെത്താനായില്ല.
ഇപ്പോഴിതാ ജയ്‌സ്വാളിന്റെ സെഞ്ച്വറി തടഞ്ഞത് ശുബ്മാന്‍ ഗില്ലാണെന്ന് ആരോപിച്ചിരിക്കുകയാണ് ആരാധകര്‍. ജയ്‌സ്വാള്‍ സെഞ്ച്വറി പ്രതീക്ഷിച്ച് അതിവേഗം ബാറ്റ് ചെയ്യുകയായിരുന്നു. അര്‍ധ സെഞ്ച്വറി പിന്നിട്ട ശുബ്മാന്‍ ഗില്‍ ജയ്‌സ്വാളിന് സെഞ്ച്വറിക്കായുള്ള അവസരമൊരുക്കി നല്‍കണമായിരുന്നു. നായകനെന്ന നിലയില്‍ ഗില്‍ ചെയ്യേണ്ടത് അതായിരുന്നു. എന്നാല്‍ ജയ്‌സ്വാളിന്റെ സെഞ്ച്വറി തടുക്കാന്‍ ഗില്‍ സിക്‌സര്‍ പറത്തുകയായിരുന്നു.
ഈ സിക്‌സറോടെ ജയ്‌സ്വാളിന് സെഞ്ച്വറിയിലേക്കെത്താനുള്ള റണ്‍സ് ബാക്കിയില്ലാതെയാവുകയായിരുന്നു. ശുബ്മാന്‍ ഗില്‍ സിക്‌സര്‍ പറത്തിയപ്പോള്‍ ജയ്‌സ്വാളിനുണ്ടായിരുന്ന നിരാശയില്‍ നിന്ന് അദ്ദേഹത്തിന്റെ അതൃപ്തി വ്യക്തമായിരുന്നു. സെഞ്ച്വറി നേടാനുള്ള എല്ലാ അവസരവും യുവ ഓപ്പണര്‍ക്കുണ്ടായിരുന്നു. വളരെ നിര്‍ണ്ണായകമായ പരമ്പരയല്ല ഇത്. അതുകൊണ്ടുതന്നെ നേരത്തെ ജയിച്ചാലും കാര്യമായൊന്നും ലഭിക്കില്ല. ഗില്‍ സിംഗിളെടുത്ത് ജയ്‌സ്വാളിന് സ്‌ട്രൈക്ക് നല്‍കണമായിരുന്നു.
എന്നാല്‍ ജയ്‌സ്വാള്‍ ഓപ്പണറെന്ന നിലയില്‍ വളരുന്നതിനോട് ഗില്ലിന് എതിര്‍പ്പുണ്ട്. ടി20യില്‍ ഗില്ലിന്റെ ഓപ്പണര്‍ സ്ഥാനം തെറിപ്പിച്ചാണ് ജയ്‌സ്വാള്‍ ഓപ്പണറായി എത്തിയത്. ഇതില്‍ ഗില്ലിന് അസൂയയുണ്ടെന്നും ഇതാണ് സെഞ്ച്വറി തടുക്കാനുള്ള കാരണമെന്നുമാണ് ആരാധകര്‍ പറയുന്നത്. അര്‍ധ സെഞ്ച്വറിക്ക് ശേഷം സെഞ്ച്വറിയെന്ന ലക്ഷ്യത്തോടെയാണ് ജയ്‌സ്വാള്‍ കളിച്ചത്. അദ്ദേഹമത് അര്‍ഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗില്‍ ഈ നീക്കം തടയുകയായിരുന്നു.

ടി20 സെഞ്ച്വറി എപ്പോഴും നേടിയെടുക്കാവുന്ന നേട്ടമല്ല. അത് സംഭവിക്കാന്‍ ഭാഗ്യവും ഫോമും ഒരുപോലെ വരണം. ഇന്ന് എന്തുകൊണ്ടും ജയ്‌സ്വാളിന് സെഞ്ച്വറി നേടാനുള്ള അവസരം മുന്നിലുണ്ടായിരുന്നു. പക്ഷെ ഗില്ലിന്റെ ചതിയാണ് അര്‍ഹിച്ച സെഞ്ച്വറി ജയ്‌സ്വാളിന് നിഷേധിച്ചതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ടി20 ലോകകപ്പില്‍ ബെഞ്ചിലൊതുക്കപ്പെട്ട ജയ്‌സ്വാള്‍ തൊട്ടടുത്ത പരമ്പരയിലൂടെത്തന്നെ തന്റെ മികവ് വീണ്ടും കാട്ടിയിരിക്കുകയാണ്.
53 പന്തില്‍ 13 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ജയ്‌സ്വാള്‍ പുറത്താവാതെ നിന്നു. 175ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് ജയ്‌സ്വാള്‍ കളിച്ചത്. 2023 മുതലുള്ള കണക്ക് പരിശോധിക്കുമ്പോള്‍ ടി20 പവര്‍പ്ലേയില്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള മൂന്നാമത്തെ താരമാണ് ജയ്‌സ്വാള്‍. 160ന് മുകളിലാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ജയ്‌സ്വാള്‍ ഇന്ത്യയുടെ ടി20 ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ഇത് ശുബ്മാന്‍ ഗില്ലിനെ സംബന്ധിച്ച് എട്ടിന്റെ പണിയാണ്.
സിംബാബ് വെക്കെതിരേ തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ച്വറി നേടാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചു. എന്നാല്‍ ഇതെല്ലാം ജയ്‌സ്വാളിന്റെ പ്രകടനത്തില്‍ മുങ്ങിപ്പോയി. ടി20യില്‍ ജയ്‌സ്വാളിന്റെ വളര്‍ച്ചയോടെയാണ് ഗില്‍ ഒതുക്കപ്പെട്ടത്. ഇതില്‍ ഗില്ലിന് അതൃപ്തിയുണ്ടാവാമെന്നും ഇതിന്റെ പകപോക്കലാണ് ഇപ്പോള്‍ നടത്തുന്നതെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്. ജയ്‌സ്വാളിന് സെഞ്ച്വറി നേടാന്‍ സുവര്‍ണ്ണാവസരമായിരുന്നെങ്കിലും വിധി അനുവദിച്ചില്ലെന്ന് പറയാം.
39 പന്തില്‍ 6 ഫോറും 2 സിക്‌സുമടക്കമാണ് ഗില്‍ 58 റണ്‍സ് നേടിയത്. പരമ്പര അലമാരയിലെത്തിക്കാന്‍ നായകനെന്ന നിലയില്‍ ഗില്ലിന് സാധിച്ചു. എന്നാല്‍ ടി20 ടീമിലേക്ക് ഗില്ലിന് മടങ്ങിവരവ് എളുപ്പമല്ല. വിരാട് കോലി കളമൊഴിഞ്ഞ മൂന്നാം നമ്പറിലേക്കെത്താന്‍ ഗില്‍ മോഹിക്കുന്നുണ്ടെങ്കിലും ഗൗതം ഗംഭീര്‍ അതിനെ പിന്തുണച്ചേക്കില്ല. നിലവില്‍ പ്രധാന മത്സരങ്ങളില്‍ ശുബ്മാന്‍ ഗില്ലിന് ഇന്ത്യയുടെ ടി20 ടീമില്‍ സീറ്റില്ല. മടങ്ങിവരവ് എളുപ്പവുമാവില്ല.
സ്വാര്‍ത്ഥനായ താരമാണ് ഗില്ലെന്നും ആരാധകര്‍ പറയുന്നു. രണ്ടാം ടി20യില്‍ സെഞ്ച്വറിയടിച്ച അഭിഷേക് ശര്‍മക്കായി ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ ഗില്‍ തയ്യാറാവാത്തത് സ്വാര്‍ത്ഥതകൊണ്ടാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.