ഹരാരെ: ഇന്ത്യ-സിംബാബ് വെ ടി20 പരമ്പരയിലെ നാലാം മത്സരം നാളെ നടക്കാന്‍ പോവുകയാണ്. ആദ്യത്തെ മത്സരം സിംബാബ്‌വെ ജയിച്ചപ്പോള്‍ രണ്ടാമത്തേയും മൂന്നാമത്തേയും മത്സരം ജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തിയിരിക്കുകയാണ്. നാലാം മത്സരത്തില്‍ ജയിച്ച് പരമ്പര ഉറപ്പിക്കാനാവും ഇന്ത്യ ശ്രമിക്കുക. ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു സാംസണും ശിവം ദുബേയും യശ്വസി ജയ്‌സ്വാളും തിരിച്ചുവന്നതോടെ ടീം കൂടുതല്‍ ശക്തിപ്പെട്ടു.
എന്നാല്‍ മൂന്നാം മത്സരത്തിലും ശക്തമായ പ്രകടനം നടത്താന്‍ സിംബാബ് വെക്കായിരുന്നു. നാലാം മത്സരത്തില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ സാധ്യതയുണ്ടോ? പരിശോധിക്കാം. ഇന്ത്യ ഒരു മാറ്റം വരുത്താനാണ് സാധ്യത. പേസ് നിരയില്‍ തുഷാര്‍ ദെശപാണ്ഡെക്ക് അവസരം നല്‍കിയേക്കുമെന്നാണ് വിവരം. ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ആദ്യ മൂന്ന് മത്സരത്തിലും താരത്തെ കളിപ്പിച്ചില്ല. എന്നാല്‍ നാലാം മത്സരത്തില്‍ ദെശപാണ്ഡെക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കാനാണ് സാധ്യത.
നാലാം മത്സരത്തില്‍ ഇന്ത്യ ഓപ്പണിങ് കൂട്ടുകെട്ടില്‍ ചെറിയ മാറ്റം വരുത്തിയേക്കും. ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറിലേക്കിറങ്ങിയ അഭിഷേക് ശര്‍മയെ ഓപ്പണറാക്കിയേക്കും. രണ്ടാം മത്സരത്തില്‍ സെഞ്ച്വറി നേടിയ അഭിഷേകിനെ മൂന്നാം മത്സരത്തില്‍ മൂന്നാം നമ്പറിലേക്ക് മാറ്റിയപ്പോള്‍ താരം ഫ്‌ളോപ്പായിരുന്നു. ഇതിന്റെ പേരില്‍ നായകനെതിരേ വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ നാലാം മത്സരത്തില്‍ അഭിഷേകിനെ ഓപ്പണറാക്കിയേക്കും.
റുതുരാജ് ഗെയ്ക് വാദ് നാലാം നമ്പറില്‍ തുടരുമ്പോള്‍ അഞ്ചാം നമ്പറില്‍ സഞ്ജു സാംസണ്‍ കളിക്കും. മൂന്നാം ടി20യില്‍ സഞ്ജു സാംസണിന് ബാറ്റ് ചെയ്യാന്‍ ഏഴ് പന്തുകള്‍ മാത്രമാണ് ലഭിച്ചത്. നാലാം ടി20യില്‍ സഞ്ജുവിന് ബാറ്റിങ് ഓഡറില്‍ പ്രൊമോഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ശിവം ദുബേയും പ്ലേയിങ് 11ല്‍ തുടരും. ഓള്‍റൗണ്ടറായ ദുബെക്ക് മൂന്നാം മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. പന്തെറിഞ്ഞപ്പോള്‍ തല്ലുകൊള്ളിയായി മാറുകയും ചെയ്തു.

റിങ്കു സിങ്ങും പ്ലേയിങ് 11 തുടര്‍ന്നേക്കും. മൂന്നാം മത്സരത്തില്‍ ഒരു പന്താണ് റിങ്കു സിങ്ങിന് നേരിടാന്‍ കിട്ടിയത്. റിങ്കുവിനും സഞ്ജു സാംസണിനും ശിവം ദുബെക്കുമെല്ലാം ശ്രീലങ്കന്‍ പരമ്പരയില്‍ അവസരം ലഭിക്കാന്‍ സിംബാബ് വെ പരമ്പരയില്‍ മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്. വാഷിങ്ടണ്‍ സുന്ദര്‍ ഓള്‍റൗണ്ട് പ്രകടനം നടത്തുന്നുണ്ട്. ബാറ്റുകൊണ്ടും പന്തുകൊണ്ടും താരം മികവ് കാട്ടുന്നു. സ്പിന്‍ നിരയില്‍ യുവതാരം രവി ബിഷ്‌നോയിയാണ് കസറുന്നത്.
ഇന്ത്യയുടെ ഭാവി സ്പിന്നര്‍മാരിലൊരാളായി താനുണ്ടാവുമെന്ന് അടിവരയിടുന്ന പ്രകടനം കാഴ്ചവെക്കാന്‍ ബിഷ്‌നോയ്ക്ക് സാധിക്കുന്നു. പേസ് നിരയില്‍ തുഷാര്‍ ദെശപാണ്ഡെക്ക് അവസരം ലഭിച്ചാല്‍ താരത്തിന് മികവ് കാട്ടാനായേക്കും. സ്വിങ് കണ്ടെത്താന്‍ കഴിയുന്ന പേസറാണ് തുഷാര്‍. അതുകൊണ്ടുതന്നെ സിംബാബ് വെയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ തുഷാറിന് സാധിച്ചേക്കും. ഇടം കൈയന്‍ പേസറായ ഖലീല്‍ അഹമ്മദ് പ്ലേയിങ് 11ല്‍ തുടര്‍ന്നേക്കും.
ഐപിഎല്ലില്‍ മികവ് കാട്ടുന്ന ഖലീലിന് ഇന്ത്യന്‍ ടീമിനൊപ്പം പ്രതീക്ഷിച്ച പ്രകടനം നടത്താനായിട്ടില്ല. എന്തായാലും ഖലീലിന് നാലാം മത്സരത്തിലും ഇന്ത്യ പ്ലേയിങ് 11ല്‍ അവസരം നല്‍കിയേക്കും. സിംബാബ് വെ മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന് 39 റണ്‍സെന്ന നിലയില്‍ തകര്‍ന്നിട്ടും ശക്തമായി തിരിച്ചുവന്നിരുന്നു. ഈ പോരാട്ടവീര്യം സിംബാബ് വെ തുടര്‍ന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യ വലിയ പോരാട്ടം തന്നെ പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ സാധ്യതാ 11: അഭിഷേക് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍ (c), റുതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസണ്‍, ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, തുഷാര്‍ ദെശപാണ്ഡെ, ഖലീല്‍ അഹമ്മദ്