Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: വെറും 17 റണ്‍സ്, ജയ്‌സ്വാളിന് നഷ്ടമായത് ചരിത്രം! ധവാനും രോഹിത്തിനും ആശ്വാസം

ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയടിക്കുന്ന ആദ്യ താരമെന്ന ലോക റെക്കോര്‍ഡ് യുവതാരം യശസ്വി ജയ്‌സ്വാളിനു നഷ്ടമായി. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഡൊമിനിക്കയില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ മൂന്നാംദിനം രാവിലെ തന്നെ താരം പുറത്താവുകയായിരുന്നു. 171 റണ്‍സാണ് കന്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ജയ്‌സ്വാള്‍ അടിച്ചെടുത്തത്. 387 ബോളുകള്‍ നേരിട്ട ഇടംകൈയന്‍ ഓപ്പണറുടെ ഇന്നിങ്‌സില്‍ 16 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

വിരാട് കോലിക്കൊപ്പം മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് താരം ക്രീസ് വിട്ടത്. അരങ്ങേറ്റ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ കൂടിയണ് ജയ്‌സ്വാള്‍ ഈ മല്‍സരത്തില്‍ നേടിയത്. ഒരു ഘട്ടത്തില്‍ അദ്ദേഹം ചരിത്രം തിരുത്തുമെന്നായിരുന്നു ആരാധകര്‍ ഉറപ്പിച്ചിരുന്നത്. പക്ഷെ വെറും 17 റണ്‍സ് മാത്രമകലെ ചരിത്രം കുറിക്കാനുള്ള സുവര്‍ണാവസരം ജയ്‌സ്വാള്‍ നഷ്ടപ്പെടുത്തുകയായിരുന്നു.

YASHASVI JAISWAL

188 റണ്‍സ് നേടിയിരുന്നെങ്കില്‍ അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ അദ്ദേഹത്തിന്റെ പേരിലാവുമായിരുന്നു. നിലവില്‍ കന്നി ടെസ്റ്റില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് അവകാശപ്പെട്ടതാണ്. 187 റണ്‍സുമായാണ് അദ്ദേഹം തലപ്പത്തുള്ളത്. 2013ല്‍ മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ധവാന്റെ കിടിലന്‍ ഇന്നിങ്‌സ്.

രണ്ടാംസ്ഥാനത്തു നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. ഹിറ്റ്മാന്‍ തന്റെ ആദ്യ ഇന്നിങ്‌സില്‍ നേടിയിരിക്കുന്നത് 177 റണ്‍സാണ്. 2013ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ഇത്. ജയ്‌സ്വാളിനു പിന്നില്‍ അരങ്ങേറ്റത്തില്‍ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയവരില്‍ ഗുണ്ടപ്പ വിശ്വനാഥ് (137), പൃഥ്വി ഷാ (134) എന്നിവരാണുള്ളത്.

ഈ ഇന്നിങ്സില്‍ ഒരു സിക്‌സര്‍ കൂടി അടിച്ചിരുന്നെങ്കില്‍ രോഹിത്തിനൊപ്പം ജയ്‌സ്വാള്‍ എത്തുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ 171ല്‍ താരത്തിന്റെ സ്വപ്‌നതുല്യമായ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. എങ്കിലും വിദേശത്തു അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറാണ് ജയ്‌സ്വാള്‍ നേടിയിരിക്കുന്നത്.

YASHASVI JAISWAL

കൂടാതെ കന്നി ടെസ്റ്റില്‍ ഏറ്റവുമധികം ബോളുകള്‍ നേരിട്ട മൂന്നാമത്തെ താരമായി അദ്ദേഹം മാറുകയും ചെയ്തു. 387 ബോളുകളാണ് ജയ്‌സ്വാള്‍ ഡൊമിനിക്കയില്‍ പിടിച്ചുനിന്നത്. അരങ്ങേറ്റ ഇന്നിങ്‌സില്‍ കൂടുതല്‍ ബോളുകള്‍ നേരിട്ട അഞ്ചു പേരെയെടുത്താല്‍ അക്കൂട്ടത്തിലെ ഏക ഇന്ത്യന്‍ താരവും അദ്ദേഹം തന്നെ.

1987ല്‍ ന്യൂസിലാന്‍ഡിനെതിരേ ശ്രീലങ്കയ്ക്കായി 548 ബോളുകള്‍ കളിച്ച ബ്രെന്‍ഡന്‍ കുറുപ്പുവിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 1999ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ന്യൂസിലാന്‍ഡിനായി 447 ബോളുകള്‍ നേരിട്ട മാത്യു സിംക്ലെയര്‍ രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു.

അതേസമയം, വിന്‍ഡീസിനെതിരേ ഡൊമിനിക്ക ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ലീഡ് 200 കടന്നിരിക്കുകയാണ്. മൂന്നാം ദിനം ആദ്യ സെഷനില്‍ 136 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 371 റണ്‍സെടുത്തിട്ടുണ്ട്. ഫിഫ്റ്റിയോടെ വിരാട് കോലിയും (53) പുതുതായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയുമാണ് (11) ക്രീസിലുള്ളത്.

ആറു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യ ഇപ്പോള്‍ 221 റണ്‍സിനു മുന്നിലാണ്. ജയ്‌സ്വാളിനെക്കൂടാതെ നായകന്‍ രോഹിത് (103), ശുഭ്മന്‍ ഗില്‍ (6), അജിങ്ക്യ രഹാനെ (3) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്.

Story first published: Friday, July 14, 2023, 21:26 [IST]
Other articles published on Jul 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+