Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ജയ്‌സ്വാള്‍ ഓപ്പണറാവും! മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്‍- വ്യക്തമാക്കി രോഹിത്

കിങ്‌സ്ടൗണ്‍: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ട് മത്സര ടെസ്റ്റ് പരമ്പര ഇന്ന് ആരംഭിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം സീസണിലെ ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണിത്. കഴിഞ്ഞ രണ്ടുതവണയും റണ്ണറപ്പുകളായ ഇന്ത്യ ഇത്തവണ വിന്‍ഡീസ് പരമ്പര തൂത്തുവാരി പുതിയ സീസണിലേക്കുള്ള വരവറിയിക്കാമെന്ന പ്രതീക്ഷയിലാണ്. ഇടവേളക്ക് ശേഷം ചേതേശ്വര്‍ പുജാരയില്ലാതെ ഇന്ത്യ ഇറങ്ങുന്ന ടെസ്റ്റ് മത്സരമാണിത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്രകടനം കണ്ടറിയണം.

ഭാവി മുന്നില്‍ക്കണ്ടുള്ള അഴിച്ചുപണികള്‍ ഇന്ത്യ ഇതിനോടകം ആരംഭിച്ചുവെന്നുവേണം കരുതാന്‍. ഇപ്പോഴിതാ വിന്‍ഡീസ് പരമ്പരയില്‍ ബാറ്റിങ് ഓഡറിലെ അഴിച്ചുപണിയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ. യുവതാരം യശ്വസി ജയ്‌സ്വാള്‍ ഓപ്പണറാവുമ്പോള്‍ നിലവിലെ ഓപ്പണറായ ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ കളിക്കുമെന്നാണ് രോഹിത് വ്യക്തമാക്കിയത്. ഇത്തരമൊരു മാറ്റത്തിന്റെ കാരണവും അദ്ദേഹം പറയുന്നുണ്ട്.

rohit sharma

'ഇന്ത്യയുടെ ബാറ്റിങ് പൊസിഷനില്‍ മാറ്റമുണ്ടാവും. ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ കളിക്കും. കാരണം മൂന്നാം നമ്പറില്‍ ബാറ്റുചെയ്യാമെന്ന് അവന്‍ സ്വയം ആവശ്യപ്പെട്ടിരിക്കുകയാണ്. അവന്‍ രാഹുല്‍ ഭായിയുമായി (രാഹുല്‍ ദ്രാവിഡ്) സംസാരിച്ചിരുന്നു. മൂന്ന്, നാല് നമ്പറുകളില്‍ കളിച്ചിട്ടുണ്ടെന്നും മൂന്നാം നമ്പറില്‍ കളിച്ചാല്‍ ടീമിനായി കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഗില്‍ ദ്രാവിഡ് ഭായിയോട് പറഞ്ഞു.

അവന്‍ മൂന്നാം നമ്പറില്‍ കളിക്കുന്നത് ടീമിന് നല്ലതാണ്. കാരണം ഇടത്-വലത് ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനാവും. ഏറെ നാളുകളായി മികച്ച ഇടത്-വലത് കൂട്ടുകെട്ട് ഇന്ത്യക്കില്ല. അതുകൊണ്ടുതന്നെ ഇത് ദീര്‍ഘനാള്‍ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. മികച്ച പ്രകടനം നടത്തി ഓപ്പണര്‍ സ്ഥാനം ജയ്‌സ്വാള്‍ തന്റേതാക്കുമെന്നാണ് കരുതുന്നത്'- വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് ശര്‍മ പറഞ്ഞു.

യശ്വസി ജയ്‌സ്വാള്‍ ആക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാനാണ്. അവസാന ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഒരുപോലെ മികവുകാട്ടാന്‍ ജയ്‌സ്വാളിനായിരുന്നു. ഇടം കൈയന്‍ താരം ഓപ്പണിങ്ങിലേക്കെത്തിയാല്‍ മികച്ച തുടക്കം പ്രതീക്ഷിക്കാം. ചേതേശ്വര്‍ പുജാരക്ക് പകരം ശുബ്മാന്‍ ഗില്ലിനെ കളിപ്പിക്കുന്നത് ഗുണം ചെയ്‌തേക്കും. പുജാരയുടെ അമിത പ്രതിരോധ ബാറ്റിങ് ഇപ്പോള്‍ ടീമിന് ഗുണം ചെയ്യുന്നതല്ല. അതേ സമയം ഗില്ലാവുമ്പോള്‍ ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റില്‍ റണ്‍സുയര്‍ത്തും.

മൂന്നാം നമ്പറില്‍ ഗില്ലിന് തിളങ്ങാനായാല്‍ പുജാരയുടെ തിരിച്ചുവരവ് കടുപ്പമായി മാറും. ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട ശേഷം ദുലീപ് ട്രോഫി കളിക്കാന്‍ പോയ പുജാര സെഞ്ച്വറിയോടെ മികവുകാട്ടിയിരുന്നു. അതുകൊണ്ടുതന്നെ പുജാര ഇപ്പോഴും ദേശീയ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. എന്നാല്‍ വിന്‍ഡീസിലെ ഇന്ത്യയുടെ പരീക്ഷണം വിജയിച്ചാല്‍ പുജാരയുടെ ചീട്ടുകീറുമെന്നുറപ്പ്. ഇന്ത്യയുടെ ബൗളിങ് കൂട്ടുകെട്ടിനെക്കുറിച്ചും രോഹിത് പറഞ്ഞു.

'വിക്കറ്റ് നോക്കുമ്പോള്‍ രണ്ട് സ്പിന്നര്‍മാരെയും മൂന്ന് പേസര്‍മാരെയും കളിപ്പിക്കാമെന്നാണ് കരുതുന്നത്. അവസാനമായി 2017ല്‍ കളിച്ചപ്പോള്‍ സ്പിന്നര്‍മാര്‍ കൂടുതല്‍ വിക്കറ്റ് നേടിയിരുന്നു. മൂന്ന്, നാല് ദിവസം ഇവിടെ പരിശീലനം നടത്തിയതില്‍ നിന്ന് പിച്ചില്‍ ബൗണ്‍സ് കൂടുതലാണെന്നാണ് കരുതുന്നത്'- രോഹിത് ശര്‍മ പറഞ്ഞു. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും പ്ലേയിങ് 11 ഉള്‍പ്പെടുമെന്നുറപ്പാണ്. താരതമ്യേനെ ദുര്‍ബലരാണെങ്കിലും ആതിഥേയരെ എഴുതിത്തള്ളാനാവില്ല.

ജയ്‌സ്വാള്‍ അരങ്ങേറ്റം ഉറപ്പിച്ചതോടെ റുതുരാജ് ഗെയ്ക്‌വാദ് ബെഞ്ചിലിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ റുതുരാജിന് റെഡ് ബോള്‍ ക്രിക്കറ്റില്‍ വലിയ ഭാവിയുണ്ടെന്ന് രോഹിത് പറഞ്ഞു. 'ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്നതിന് അര്‍ഹിച്ച അംഗീകാരമാണ് അവന് ലഭിച്ചിരിക്കുന്നത്. ജയ്‌സ്വാളില്‍ വലിയ പ്രതീക്ഷയാണുള്ളത്. ഗില്‍ മികച്ച പ്രകടനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ റുതുരാജ് കാത്തിരിക്കണം. ടെസ്റ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കാനുള്ള കഴിവുണ്ട്'-രോഹിത് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, July 12, 2023, 7:01 [IST]
Other articles published on Jul 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+