Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ജയ് ജയ് ജയ്‌സ്വാള്‍, അരങ്ങേറ്റത്തില്‍ സെഞ്ച്വറി! വമ്പന്‍ റെക്കോഡ്- ഇതിഹാസങ്ങളോടൊപ്പം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറി നേട്ടവുമായി യശ്വസി ജയ്‌സ്വാള്‍. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ത്തന്നെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയെടുക്കാന്‍ യുവതാരത്തിനായിരിക്കുകയാണ്. 215 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ ബാറ്റിങ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഗംഭീര പ്രകടനം നടത്തി ദേശീയ ടീമിലേക്കെത്തിയ താരം പ്രതീക്ഷ തെറ്റിക്കാതെ മിന്നിച്ചിരിക്കുകയാണ്.

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഇന്ത്യക്കാരുടെ പട്ടികയില്‍ ഇനി ജയ്‌സ്വാളുമുണ്ടാവും. ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി എന്നിവരെല്ലാം ഉള്‍പ്പെടുന്ന പട്ടികയിലാണ് ജയ്‌സ്വാള്‍ ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യക്ക് പുറത്ത് ടെസ്റ്റ് അരങ്ങേറ്റം നടത്തുകയും സെഞ്ച്വറി നേടുകയും ചെയ്യുന്ന നാലാമത്തെ താരമായി മാറാനും ജയ്‌സ്വാളിനായി. ഇന്ത്യക്കായി ടെസ്റ്റ് ഓപ്പണറായി ഇറങ്ങി സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ് ജയ്‌സ്വാള്‍.

ഓപ്പണിങ്ങില്‍ ചരിത്ര നേട്ടമാണ് രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് സൃഷ്ടിച്ചത്. വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോഡാണ് ജയ്‌സ്വാള്‍-രോഹിത് കൂട്ടുകെട്ട് സ്വന്തം പേരിലാക്കിയത്. 2006ല്‍ വീരേന്ദര്‍ സെവാഗും വസിം ജാഫറും ചേര്‍ന്ന് സൃഷ്ടിച്ച 159 റണ്‍സിന്റെ റെക്കോഡാണ് തകര്‍ക്കപ്പെട്ടത്. രോഹിത് ശര്‍മയ്‌ക്കൊപ്പം അരങ്ങേറ്റക്കാരന്റെ ഭയമില്ലാതെ ബാറ്റുവീശാന്‍ ജയ്‌സ്വാളിനുമായി.

ഇടം കൈയന്‍ ഓപ്പണറായി മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാനുള്ള പ്രതിഭയുണ്ടെന്ന് തെളിയിക്കുന്ന പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. ടി20യില്‍ തകര്‍ത്തടിച്ചുകളിക്കുന്ന താരം ടെസ്റ്റില്‍ പക്വതയോടെയാണ് ബാറ്റുവീശിയത്. ഒരവസരം പോലും വെസ്റ്റ് ഇന്‍ഡീസിന് നല്‍കിയില്ല. അര്‍ധ സെഞ്ച്വറിക്ക് ശേഷം പതിയ ജയ്‌സ്വാള്‍ ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റി. എന്നാല്‍ വിക്കറ്റ് നഷ്ടമാവുന്ന തരത്തിലുള്ള സാഹസിക ഷോട്ടുകള്‍ക്ക് മുതിര്‍ന്നുമില്ല.

Yashasvi Jaiswal

ശുബ്മാന്‍ ഗില്‍ ഓപ്പണര്‍ സ്ഥാനം ജയ്‌സ്വാളിന് വിട്ടുനല്‍കിയത് മികച്ച തീരുമാനമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തം. ഓപ്പണിങ്ങിലേക്ക് ഗില്ലിന് മടങ്ങിവരവ് കടുപ്പമാക്കുന്ന രീതിയിലുള്ള ബാറ്റിങ് പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്. ശിഖര്‍ ധവാന് ശേഷം മികച്ച ഇടം കൈയന്‍ ഓപ്പണറുടെ അഭാവം ഇന്ത്യക്കുണ്ട്. ഇതിന് പരിഹാരം കാണാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് ജയ്‌സ്വാളെന്ന് നിസംശയം പറയാം. രോഹിത്തിനൊപ്പം മികച്ച ധാരണയോടെ കളിക്കാന്‍ ജയ്‌സ്വാളിനാവുന്നു.

വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യക്കായി സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കുന്ന അഞ്ചാമത്തെ ഓപ്പണര്‍മാരാണ് രോഹിത്തും ജയ്‌സ്വാളും. എന്നാല്‍ വിന്‍ഡീസില്‍ 200 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ട് ടെസ്റ്റില്‍ നേടിയെടുത്ത ആദ്യത്തെ ഇന്ത്യന്‍ കൂട്ടുകെട്ടായി ഇവര്‍ മാറിയിരിക്കുകയാണ്. ഒരു കാലത്ത് പേരുകേട്ട നിരയായിരുന്ന വിന്‍ഡീസിന് ഇപ്പോള്‍ പഴയ മികവില്ല. ഇന്ത്യയെ ഒരു തരത്തിലും വെല്ലുവിളിക്കാന്‍ നിലവിലെ വിന്‍ഡീസ് നിരക്ക് സാധിക്കുന്നില്ല. മറ്റൊരു അപൂര്‍വ്വ റെക്കോഡുകൂടി രോഹിത്തും ജയ്‌സ്വാളും സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിക്കൊടുക്കുന്ന ആദ്യത്തെ ഓപ്പണിങ് കൂട്ടുകെട്ടെന്ന അപൂര്‍വ്വ റെക്കോഡിലേക്കാണ് രോഹിത്തും ജയ്‌സ്വാളുമെത്തിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും മൂന്ന് വിക്കറ്റുവീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ആതിഥേയരെ തകര്‍ത്തത്.

Story first published: Thursday, July 13, 2023, 23:42 [IST]
Other articles published on Jul 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+