വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിലൂടെ വരവറിയിച്ചിരിക്കുകയാണ് യുവ താരം യശ്വസി ജയ്‌സ്വാള്‍. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ജയ്‌സ്വാള്‍ നിരവധി റെക്കോഡുകളും സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയവര്‍ ഏറെയാണെങ്കിലും വിദേശ പിച്ചില്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ സെഞ്ച്വറി നേടുന്ന ഏക ഇന്ത്യന്‍ ഓപ്പണറെന്ന ബഹുമതി ജയ്‌സ്വാളിന് മാത്രം അവകാശപ്പെട്ടതാണ്.
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഒരുപോലെ തിളങ്ങിയ ജയ്‌സ്വാളിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവും ഗംഭീരമായിരിക്കുകയാണ്. ഇപ്പോഴിതാ സെഞ്ച്വറി നേട്ടത്തിന് മുമ്പ് ഇന്ത്യന്‍ നായകനും സഹ ഓപ്പണറുമായ രോഹിത് ശര്‍മ നല്‍കിയ നിര്‍ണ്ണായക ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ് ജയ്‌സ്വാള്‍. 'ബാറ്റുചെയ്യുന്നതിനിടെ നിരവധി കാര്യങ്ങള്‍ രോഹിത് ഭായിയോട് സംസാരിച്ചു. ഈ വിക്കറ്റില്‍ എങ്ങനെ ബാറ്റുചെയ്യണമെന്നത് അദ്ദേഹമാണ് പറഞ്ഞുതന്നത്.
എവിടെയാണ് റണ്‍സ് നേടേണ്ടതെന്ന് കൃത്യമായി വിശദീകരിച്ചു. ഞങ്ങള്‍ തമ്മില്‍ കൃത്യമായ ആശയവിനിമയമുണ്ടായിരുന്നു. നിനക്ക് ചെയ്യാന്‍ സാധിക്കുമെന്ന് പറഞ്ഞ് ആത്മവിശ്വാസം നല്‍കി. മാനസികമായി റണ്‍സ് നേടാനുള്ള മുന്നൊരുക്കം നടത്തിയിരുന്നു. ഈ മത്സരത്തില്‍ നിന്ന് ഒരുപാട് അനുഭവസമ്പത്തുണ്ടായി. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം. അനുഭവസമ്പന്നരും ഇതിഹാസങ്ങളുമായ താരങ്ങളോടൊപ്പം കളിക്കുകയെന്നത് ഭാഗ്യമാണ്.
രഹാനെ, വിരാട്, രോഹിത് എന്നിവരെല്ലാം നമുക്കൊപ്പം ഇരിക്കാനും സംസാരിക്കാനും തയ്യാറാവും. ഇവരുടെ വാക്കുകള്‍ താരങ്ങളുടെ പ്രകടനത്തില്‍ വലിയ മാറ്റമുണ്ടാക്കും. ഞാന്‍ ഇവരുടെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ടിരിക്കാറുണ്ട്'- ജയ്‌സ്വാള്‍ രണ്ടാം ദിനത്തിന് ശേഷം പറഞ്ഞു. രോഹിത് ശര്‍മക്ക് മുമ്പ് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ജയ്‌സ്വാളിനായിരുന്നു. ഐപിഎല്ലില്‍ കണ്ട വമ്പനടിക്കാരനായ താരത്തില്‍ നിന്ന് തികച്ചും വ്യത്യസ്‌നായാണ് ജയ്‌സ്വാള്‍ ഒന്നാം ടെസ്റ്റ് കളിച്ചത്.

പ്രായം 21 മാത്രമാണെങ്കിലും വലിയ പക്വത കാട്ടാന്‍ അദ്ദേഹത്തിനായി. ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഓപ്പണറായി ജയ്‌സ്വാള്‍ മാറിയേക്കും. ഒന്നാം വിക്കറ്റില്‍ രോഹിത്തിനൊപ്പം 229 റണ്‍സിന്റെ കൂട്ടുകെട്ടാണ് ജയ്‌സ്വാള്‍ സൃഷ്ടിച്ചത്. വിന്‍ഡീസിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് ഓപ്പണിങ് കൂട്ടുകെട്ടാണിത്. ഇവിടെ 200 കൂട്ടുകെട്ട് സൃഷ്ടിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഓപ്പണിങ് കൂട്ടുകെട്ടാവാനും ഇവര്‍ക്ക് സാധിച്ചു.
സെഞ്ച്വറിക്ക് പിന്നാലെ രോഹിത് (103) പുറത്തായപ്പോഴും ജയ്‌സ്വാള്‍ ക്രീസില്‍ തുടരുകയാണ്. 350 പന്തുകള്‍ നേരിട്ട് 14 ബൗണ്ടറി ഉള്‍പ്പെടെ 143 റണ്‍സോടെയാണ് ജയ്‌സ്വാള്‍ ക്രീസിലുള്ളത്. 36 പന്ത് നേരിട്ട് വിരാട് കോലിയാണ് ഒപ്പമുള്ളത്. ഇന്ത്യയുടെ അരങ്ങേറ്റക്കാരില്‍ കൂടുതല്‍ പന്ത് നേരിട്ട താരമെന്ന റെക്കോഡും ജയ്‌സ്വാളിന്റെ പേരിലാണ്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. വിന്‍ഡീസിന് ഒരു പഴുതുപോലും കൊടുക്കാതെയാണ് ജയ്‌സ്വാളിന്റെ പ്രകടനം.
സെഞ്ച്വറി നേട്ടം രോഹിത് ശര്‍മയെ കെട്ടിപ്പിടിച്ചാണ് ജയ്‌സ്വാള്‍ ആഘോഷിച്ചത്. സെഞ്ച്വറി നേട്ടത്തിന്റെ സന്തോഷം മത്സരശേഷം ജയ്‌സ്വാള്‍ പങ്കുവെക്കുകയും ചെയ്തു. 'വളരെയധികം സന്തോഷം തോന്നുന്നു. വളരെ വൈകാരികമായ അനുഭവമാണത്. ഞാന്‍ ക്രീസില്‍ തുടരുകയാണ്. കഴിയുന്നിടത്തോളം ക്രീസില്‍ തുടരാനാണ് ആഗ്രഹിക്കുന്നത്. ഇത് എന്റെ കരിയറിന്റെ തുടക്കമാണ്. അതുകൊണ്ടുതന്നെ കഴിയുന്നിടത്തോളം മുന്നോട്ട് പോകണം. ഉത്തരവാദിത്തമേറ്റെടുത്ത് മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നു.
സെഞ്ച്വറി നേട്ടം എന്നെ സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കുമായി നല്‍കുന്നു. അച്ഛനും അമ്മയ്ക്കും സമര്‍പ്പിക്കുന്നു'- ജയ്‌സ്വാള്‍ പറഞ്ഞു. മൂന്നാം ദിനം ഇരട്ട സെഞ്ച്വറിയെന്ന ലക്ഷ്യത്തോടെയാവും ജയ്‌സ്വാള്‍ ഇറങ്ങുക. അങ്ങനെയെങ്കില്‍ അത് ചരിത്ര റെക്കോഡായി മാറും. വലിയ ഭാവി മുന്നിലുള്ള ജയ്‌സ്വാളിന്റെ തുടക്കം അതി ഗംഭീരമായെന്ന് തന്നെ പറയാം.