മുംബൈ: തുടര്‍ച്ചയായി രണ്ട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ചെങ്കിലും കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. പ്രഥമ ഫൈനലില്‍ ന്യൂസീലന്‍ഡിനോടും രണ്ടാം ഫൈനലില്‍ ഓസ്‌ട്രേലിയയോടുമാണ് ഇന്ത്യ തോറ്റത്. രണ്ട് തവണയും വലിയ പ്രതീക്ഷ നല്‍കിയെങ്കിലും തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. ഇത്തവണ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യയിറങ്ങിയത്. ഇതുവരെ ഫൈനല്‍ തോല്‍ക്കാത്ത നായകനെന്ന റെക്കോഡ് ഓവലില്‍ അദ്ദേഹത്തിന് നഷ്ടപ്പെടുത്തേണ്ടി വന്നു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ആരാധകര്‍ കൂടുതലും ആഗ്രഹിച്ചത് വിരാട് കോലിയുടെ നായകനായുള്ള തിരിച്ചുവരവാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര റെക്കോഡുള്ള സമയത്താണ് കോലിയെ ഇന്ത്യ നായകസ്ഥാനത്തുനിന്ന് നീക്കുന്നത്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കളിച്ചത് കോലിക്ക് കീഴിലായിരുന്നു. ഇത്തവണയും ഏഴ് മത്സരങ്ങളില്‍ കോലിയാണ് ഇന്ത്യയെ നയിച്ചത്. പക്ഷെ പാതിവഴിയില്‍ കോലിക്ക് നായകസ്ഥാനത്തുനിന്ന് മാറേണ്ടി വന്നു.
ഇപ്പോള്‍ കോലി നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയാല്‍ ഇന്ത്യയുടെ പ്രതിസന്ധികള്‍ മാറി ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളാവാന്‍ ഇന്ത്യക്ക് സാധിക്കുമോ? കോലി നായകനായതുകൊണ്ട് മാത്രം ഇന്ത്യക്ക് കപ്പിലേക്കെത്താനാവില്ല. കോലി നായകനായാല്‍ പഴയ ആക്രമണോത്സകതയിലേക്ക് തിരിച്ചെത്താന്‍ ടീമിന് സാധിച്ചേക്കും. കൂടാതെ താരങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും കൈവന്നേക്കും. ഇന്ത്യന്‍ ടീമിനെ കോലി നയിച്ചാല്‍ എതിരാളികള്‍ കൂടുതല്‍ ഭയക്കാനും സാധ്യതയുണ്ട്.
എന്നാല്‍ ഇന്ത്യന്‍ ടീമിന് കപ്പിലേക്കെത്താന്‍ കോലി നായകസ്ഥാനത്തേക്ക് മടങ്ങിയെത്തിയതുകൊണ്ട് മാത്രം കാര്യമില്ല. അടുത്ത തവണയും ഫൈനലിന് വേദി വിദേശ മൈതാനം തന്നെയാവും. ഇന്ത്യക്ക് ഫൈനലിലേക്കെത്താന്‍ സാധിക്കുമ്പോഴും കപ്പിലേക്കെത്താന്‍ സാധിക്കാത്തതിന്റെ പ്രധാന കാരണം വിദേശ മൈതാനത്തെ മികവില്ലായ്മയാണ്. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയ ടീമാണ് ഇന്ത്യ. പക്ഷെ അപ്പോഴെല്ലാം ആവിശ്യത്തിന് മുന്നൊരുക്കം നടത്തിയിരുന്നു.
പക്ഷെ ഇത്തവണ ഒരാഴ്ച മാത്രം പരിശീലനം നടത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഇതാണ് തിരിച്ചടിയായി മാറിയതും. ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടാന്‍ ശക്തമായ മുന്നൊരുക്കം അത്യാവശ്യമാണ്. അതിനായി പ്രധാന താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് വിട്ടുനിന്നാലും പ്രശ്‌നമല്ല. ഐസിസി കിരീടത്തിന് പ്രാധാന്യം നല്‍കി ഇന്ത്യ മുന്നൊരുക്കം നടത്താത്ത പക്ഷം കോലി നായകനായതുകൊണ്ട് മാത്രം കിരീടത്തിലേക്കെത്താനാവില്ല.

മറ്റൊരു പ്രധാന കാര്യം പ്ലേയിങ് 11 തിരഞ്ഞെടുപ്പാണ്. കോലിയെ നായകനാക്കുകയും ടീം മാനേജ്‌മെന്റ് ക്യാപ്റ്റനെ പിന്തുണക്കാതെയും ചെയ്താല്‍ ഇന്ത്യക്ക് കപ്പ് നേടാനാവില്ല. പ്രതിഭയുള്ള താരങ്ങളെ ഇന്ത്യ പരിഗണിക്കണം. സീനിയര്‍ താരങ്ങളാണെന്നതിന്റെ പേരില്‍ മാത്രം ഇന്ത്യന്‍ ടീമിലേക്ക് വിളിനല്‍കാനാവില്ല. പ്രതിഭകാട്ടുന്ന യുവതാരങ്ങള്‍ക്കും അവസരം നല്‍കണം. പ്രധാനമായും കൂടുതല്‍ പേസ് ഓള്‍റൗണ്ടര്‍മാരെ ടീമിലേക്ക് വളര്‍ത്തണം.
ഹര്‍ദിക് പാണ്ഡ്യ ടെസ്റ്റ് കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഇന്ത്യ തല്‍സ്ഥാനത്തേക്ക് മികച്ചൊരാളെ കണ്ടെത്തണം. ചേതേശ്വര്‍ പുജാരക്ക് പകരം മികച്ചൊരു ബാറ്റ്‌സ്മാനെ ടീമിലെത്തിക്കേണ്ടതായുണ്ട്. ആവിശ്യത്തിന് വിശ്രമം താരങ്ങള്‍ക്ക് അനുവദിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തുടര്‍ മത്സരങ്ങളും രണ്ട് മാസം ഐപിഎല്‍ കളിക്കുന്നതും താരങ്ങളുടെ കായിക ക്ഷമതയെ തളര്‍ത്തുന്നു. ഇതിനെല്ലാം പരിഹാരം കാണാതെ ഇന്ത്യ ക്യാപ്റ്റനെ മാറ്റിയതുകൊണ്ട് മാത്രം കാര്യമില്ല.
നിലവിലെ ടീമിനെ ഉടച്ചുവാര്‍ക്കലാണ് ആദ്യം ചെയ്യേണ്ടത്. രോഹിത് ശര്‍മയെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് നീക്കുകയും ചേതേശ്വര്‍ പുജാരക്ക് ഉത്തമ പകരക്കാരനെ കണ്ടെത്തുകയും മികച്ചൊരു പേസ് ഓള്‍റൗണ്ടറെ ടീമിലേക്കെത്തിക്കുകയും ചെയ്താല്‍ ഇന്ത്യയുടെ പകുതി പ്രശ്‌നങ്ങള്‍ക്ക് അവസാനം കാണാനാവും. ഇതോടൊപ്പം കോലി ടെസ്റ്റ് നായകനാവുകയും ചെയ്താല്‍ ഇന്ത്യക്കത് വലിയ ആത്മവിശ്വാസം നല്‍കുകയും കിരീടത്തിലേക്കെത്താനുള്ള വഴിതുറക്കുകയും ചെയ്‌തേക്കും.