വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ഏവരുടെയും ശ്രദ്ധ നേടിയെടുത്തിരിക്കുകയാണ് യശ്വസി ജയ്‌സ്വാള്‍. ഇടം കൈയന്‍ ഓപ്പണറായ താരം അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് സ്വന്തമാക്കിയത്. ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഓപ്പണറും അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന 17ാമത്തെ ഇന്ത്യക്കാരനുമാണ് ജയ്‌സ്വാള്‍. ശുബ്മാന്‍ ഗില്‍ ഓപ്പണര്‍ സ്ഥാനം വിട്ടുകൊടുത്തപ്പോള്‍ ജയ്‌സ്വാള്‍ അവസരം മുതലാക്കി.
ഇടവേളക്ക് ശേഷമാണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഇടം കൈയന്‍ ഓപ്പണറെ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ജയ്‌സ്വാളിന് ഇന്ത്യ വലിയ പിന്തുണ നല്‍കുമെന്നുറപ്പാണ്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ സ്ഥാനം മാത്രമാണ് ജയ്‌സ്വാളിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ അധികം വൈകാതെ പരിമിത ഓവറിലും ജയ്‌സ്വാളിനെ ഇന്ത്യ ഓപ്പണറാക്കണം. നിലവില്‍ രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യക്കായി ഇറങ്ങുന്നത്.

എന്നാല്‍ ഗില്ലിനെ മാറ്റി ജയ്‌സ്വാളിനെ ഓപ്പണറാക്കുന്നത് ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യും. ഒന്നാമത്തെ കാര്യം ഇടത്-വലത് കൂട്ടുകെട്ട് ലഭിക്കുമെന്നതാണ്. രോഹിത്തും ശുബ്മാന്‍ ഗില്ലും ഓപ്പണര്‍മാരാവുമ്പോള്‍ രണ്ടുപേരും വലം കൈയന്‍മാരാണ്. അതുകൊണ്ടു തന്നെ എതിര്‍ ടീമിന് കാര്യങ്ങള്‍ എളുപ്പമാണ്. ശിഖര്‍ ധവാന് ശേഷം മൂന്ന് ഫോര്‍മാറ്റിലും പ്രതീക്ഷ നല്‍കുന്ന മറ്റൊരു ഇടം കൈയന്‍ ഓപ്പണറെ കണ്ടെത്താന്‍ ഇന്ത്യക്കായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ജയ്‌സ്വാള്‍ എത്തിയിരിക്കുന്നു.
ടി20യില്‍ ജയ്‌സ്വാളിന്റെ മികവ് എല്ലാവരും കണ്ടതാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ജയ്‌സ്വാള്‍ തല്ലിത്തകര്‍ത്തിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ജയ്‌സ്വാള്‍ ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ്. ലിസ്റ്റ് എ ക്രിക്കറ്റിലും അദ്ദേഹം തിളങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഏകദിന, ടി20 ഫോര്‍മാറ്റിലും അദ്ദേഹത്തെ ഓപ്പണറാക്കാവുന്നതാണ്. ശുബ്മാന്‍ ഗില്ലിനെക്കാള്‍ ആക്രമണോത്സകതയുള്ള ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍.
അതുകൊണ്ടുതന്നെ ഓപ്പണറാക്കുമ്പോള്‍ പവര്‍പ്ലേ കൂടുതല്‍ നന്നായി മുതലാക്കാനായേക്കും. അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറായി ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും ഇറങ്ങുന്നത് മികച്ച തീരുമാനമായിരിക്കും. ശുബ്മാന്‍ ഗില്ലിനെക്കാളും നന്നായി സാഹസിക ഷോട്ട് കളിക്കാന്‍ ജയ്‌സ്വാളിന് മികവുണ്ട്. ഗില്‍ ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്നവനാണ്. സാഹസികമായ ഷോട്ടുകള്‍ക്ക് അദ്ദേഹം മുതിരാറില്ല. എന്നാല്‍ എല്ലാത്തരം ഷോട്ടുകളും കളിക്കാന്‍ ജയ്‌സ്വാളിന് കഴിവുണ്ട്.
ഇന്ത്യയുടെ ഭാവി മുന്നില്‍ക്കണ്ട് ജയ്‌സ്വാളിന് കൂടുതല്‍ അവസരം നല്‍കേണ്ടതാണ്. 2023ലെ ലോകകപ്പിന് ശേഷം രോഹിത് ശര്‍മക്ക് മുന്നോട്ട് പോവുക പ്രയാസമാണ്. ഇതിനോടകം ഫിറ്റ്‌നസ് പ്രശ്‌നമടക്കം നേരിടുന്ന രോഹിത്തിന് സ്ഥിരതയോടെ കളിക്കാനും സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ജയ്‌സ്വാളിനെ ഇന്ത്യ ഓപ്പണിങ്ങില്‍ കളിപ്പിക്കണം. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ ജയ്‌സ്വാളിനെ ഓപ്പണറാക്കണമെങ്കില്‍ ഇപ്പോള്‍ മുതല്‍ പിന്തുണ നല്‍കേണ്ടതായുണ്ട്.
ജയ്‌സ്വാളിന്റെ റെക്കോഡുകളാണ് എടുത്തു പറയേണ്ടത്. ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യന്‍ താനാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ജയ്‌സ്വാള്‍ ഇതുവരെ കാഴ്ചവെച്ചിരിക്കുന്നത്. കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം തന്റേതായ അടയാളപ്പെടുത്തല്‍ നടത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലും ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ജയ്‌സ്വാള്‍.
അണ്ടര്‍ 19 ലോകകപ്പില്‍ സെഞ്ച്വറി, രഞ്ജി ട്രോഫിയില്‍ സെഞ്ച്വറി, ഇറാനി ട്രോഫിയില്‍ സെഞ്ച്വറി, ദുലീപ് ട്രോഫിയില്‍ സെഞ്ച്വറി, ഇന്ത്യ എ ടീമിനൊപ്പം സെഞ്ച്വറി, ഐപിഎല്ലില്‍ സെഞ്ച്വറി, ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി എന്നിവയെല്ലാം ജയ്‌സ്വാളിന്റെ മികവ് എത്രത്തോളമെന്ന് എടുത്തുകാട്ടുന്നതാണ്. ശുബ്മാന്‍ മൂന്നാം നമ്പറിലും നാലാം നമ്പറിലും കളിച്ച് അനുഭവസമ്പത്തുള്ള താരമായതിനാല്‍ അദ്ദേഹത്തെ മധ്യനിരയിലിറക്കി ജയ്‌സ്വാളിനെ ഇന്ത്യക്ക് ഓപ്പണറാക്കാവുന്നതാണ്.