ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പരമ്പരയ്ക്കു വ്യാഴാഴ്ച തുടക്കമാവുകയാണ്. ട്രിനിഡാഡാണ് ആദ്യ അങ്കത്തിനു വേദിയാവുക. ചില യുവതാരങ്ങള്‍ ഈ പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് യുവ മധ്യനിര ബാറ്റര്‍ തിലക് വര്‍മ. ജൂനിയര്‍ തലത്തിലും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം മിന്നുന്ന പ്രകടനങ്ങള്‍ നടത്തിയ ശേഷമാണ് ഇടംകൈയന്‍ ബാറ്റര്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുമെത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളിലും മുംബൈ ഇന്ത്യന്‍സിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയതോടെയാണ് തിലക് താരപദവിയിലേക്കുയര്‍ന്നത്. സ്ഥിരതയ്ക്കൊപ്പം പ്രായത്തില്‍ കവിഞ്ഞ പക്വതയും കളിക്കളത്തില്‍ പുറത്തെടുത്തതോടെ അദ്ദേഹത്തെ മുന്‍ താരങ്ങളടക്കം പലരും വാഴ്ത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആദ്യമായി ഇന്ത്യന്‍ ടീമിലേക്കും തിലകിനു വിളിയെത്തിയത്.

വിന്‍ഡീസുമായുള്ള ആദ്യ ടി20യില്‍ തന്നെ അദ്ദേഹത്തിനു ഇന്ത്യ അരങ്ങേറാന്‍ അവസരം നല്‍കേണ്ടത് ആവശ്യമാണ്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. കരിയര്‍ ബെസ്റ്റ് ഫോമിലാണ് തിലക് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതു മുതലെടുക്കേണ്ടത് പ്രധാനമാണെന്നതാണ് ആദ്യത്തെ കാരണം.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈയ്ക്കായി 164 സ്‌ട്രൈക്ക് റേറ്റേടെ 343 റണ്‍സാണ് തിലക് സ്‌കോര്‍ ചെയ്തത്. ചില മല്‍സരങ്ങളില്‍ പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്നെങ്കിലും ഇതൊന്നും താരത്തിന്റെ ഫോമിനെ ബാധിച്ചില്ല. സീസണില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഇന്ത്യന്‍ താരങ്ങളില്‍ സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ സൂര്യകുമാര്‍ യാദവും അജിങ്ക്യ രഹാനെയും മാത്രമേ തിലകിനു മുന്നിലുണ്ടായിരുന്നുള്ളൂ.
2022ലെ ഐപിഎല്ലിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. കന്നി സീസണില്‍ തന്നെ 397 റണ്‍സോടെ മുംബൈയ്‌ക്കൊപ്പം അദ്ദേഹം വരവറിയിക്കുകയും ചെയ്തു. പേസ്, സ്പിന്‍ ബൗളര്‍മാര്‍ക്കെിരേ ഒരുപോലെ മികവ് കാണിക്കാന്‍ സാധിക്കുന്നുവെന്നതാണ് തിലകിന്റെ ഏറ്റവും വലിയ കരുത്ത്.
ഏതു സാഹചര്യത്തിന് അനുസരിച്ചും ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്താന്‍ തിലകിനു കഴിയുമെന്നതാണ് അദ്ദേഹത്തിനു ആദ്യ കളിയില്‍ അവസരം നല്‍കേണ്ടതിന്റെ രണ്ടാമത്തെ കാരണം. ആക്രമിച്ചും അതുപോലെ തന്നെ പ്രതിരോധിച്ചും ഇന്നിങ്സ് മുന്നോട്ടു കൊണ്ടു പോവാന്‍ തിലകിനറിയാം. നിലവില്‍ ഈ ശൈലിയില്‍ കളിക്കാന്‍ സാധിക്കുന്ന ടീമിലെ രണ്ടു പേര്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ശുഭ്മന്‍ ഗില്ലുമാണ്. തിലക് കൂടി വരുന്നതോടെ മൂന്നാമതൊരു ഓപ്ഷന്‍ കൂടിയാണ് ഇന്ത്യക്കു ലഭിക്കുന്നത്.

ക്രീസിലെത്തിയാല്‍ ആദ്യത്തെ ബോള്‍ മുതല്‍ ഷോട്ടുകള്‍ പായിച്ച് അതിവേഗം റണ്‍സ് അടിച്ചെടുക്കാന്‍ തിലകിനു കഴിയും. അതുപോലെ തന്നെ ടീം തകര്‍ച്ച നേരിടുകയാണെങ്കില്‍ ആങ്കറുടെ റോള്‍ ഏറ്റെടുത്ത് മാന്യമായ സ്‌കോറിലേക്കു ടീമിനെ നയിക്കാനുള്ള ശേഷിയും താരത്തിനുണ്ട്.
ലിസ്റ്റ് എ ക്രിക്കറ്റില്‍ 56 എന്ന മികച്ച ബാറ്റിങ് ശരാശരിയാണ് തിലകിനുള്ളത്. പവര്‍പ്ലേയില്‍ ഇന്ത്യക്കു രണ്ടോ, മൂന്നോ വിക്കറ്റുകള്‍ നഷ്ടമായാല്‍ തിലകിനെ പരീക്ഷിക്കാവുന്നതാണ്. കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിച്ച് ബൗളര്‍മാരെ പ്രതിരോധത്തിലാക്കാന്‍ താരത്തിനു സാധിക്കുകയും ഇതു മല്‍സരത്തിലേക്കു തിരികെ വരാന്‍ ടീമിനെ സഹായിക്കുകയും ചെയ്യും.