ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ കൈവിട്ടിരിക്കുകയാണ്. അഞ്ച് മത്സര ടി20 പരമ്പ 3-2നാണ് ഇന്ത്യ തോറ്റത്. ആദ്യ രണ്ട് മത്സരത്തിലും വെസ്റ്റ് ഇന്‍ഡീസ് ജയിച്ചപ്പോള്‍ പിന്നീടുള്ള രണ്ട് മത്സരത്തിലും ജയം ഇന്ത്യക്കായിരുന്നു. പരമ്പര വിജയിയെ തീരുമാനിക്കുന്ന അഞ്ചാം ടി20യില്‍ തകര്‍പ്പന്‍ ജയത്തോടെ വിന്‍ഡീസ് പരമ്പര പോക്കറ്റിലാക്കുകയായിരുന്നു. എട്ട് വിക്കറ്റിനാണ് അഞ്ചാം ടി20യിലെ വെസ്റ്റ് ഇന്‍ഡീസിന്റെ ജയം.
അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ പരമ്പരയെ കണ്ടത്. ദൗര്‍ഭാഗ്യവശാല്‍ പരമ്പര നേടാനായില്ല. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇന്ത്യ വിന്‍ഡീസ് പരമ്പരക്കിറങ്ങിയത്. ഇന്ത്യയുടെ പദ്ധതികളും പരീക്ഷണങ്ങളും ടി20 പരമ്പരയില്‍ പാളുകയായിരുന്നു. ടി20 പരമ്പരയില്‍ ഇന്ത്യക്ക് പിഴച്ചത് എവിടെയാണ്? തോല്‍വിയുടെ കാരണങ്ങളിതാ.
പ്രധാന കാരണങ്ങളിലൊന്ന് പേസ് ബൗളിങ് നിരയാണ്. അനുഭവസമ്പത്തില്ലാത്ത പേസര്‍മാരെയും കൊണ്ടാണ് ഇന്ത്യ വിന്‍ഡീസിലേക്ക് പോയത്. അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍ എന്നിവരായിരുന്നു പ്രധാന പേസര്‍മാര്‍. രണ്ട് പേരും വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത് ഇതാദ്യമായാണ്. ഹാര്‍ദിക് പാണ്ഡ്യയും പേസ് നിരയില്‍ കരുത്ത് പകരാനുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിനും പന്തുകൊണ്ട് വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.
അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റാണ് അര്‍ഷ്ദീപ് നേടിയത്. 9ന് മുകളിലായിരുന്നു ഇക്കോണമി. മുകേഷ് കുമാര്‍ വീഴ്ത്തിയത് മൂന്ന് വിക്കറ്റ് മാത്രമാണ്. 8.80 ആയിരുന്നു ഇക്കോണമി. ഹാര്‍ദിക് 8.4 ഇക്കോണമിയില്‍ പന്തെറിഞ്ഞപ്പോള്‍ വീഴ്ത്തിയത് നാല് വിക്കറ്റാണ്. ബൗളര്‍മാര്‍ പവര്‍പ്ലേയിലും ഡെത്തോവറിലും തല്ലുവാങ്ങി. പേസര്‍മാര്‍ക്ക് പിടിമുറുക്കാന്‍ സാധിക്കാതെ പോയതാണ് ഇന്ത്യയെ പിന്നോട്ടടിച്ചത്. വിന്‍ഡീസിനെ ടി20യില്‍ നിസാരക്കാരായി കണ്ടത് ഇന്ത്യക്ക് തിരിച്ചടിയായി മാറി.

രണ്ടാമത്തെ കാരണം ഇന്ത്യയുടെ ഓപ്പണര്‍മാരുടെ പ്രകടനമാണ്. മികച്ച തുടക്കം നല്‍കാന്‍ നാല് മത്സരത്തിലും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചില്ല. ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് നാലാം ടി20യില്‍ 165 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. മറ്റ് മത്സരങ്ങളിലെല്ലാം ഇന്ത്യയുടെ ഓപ്പണിങ് പാളി. അഞ്ച് മത്സരത്തില്‍ നാലിലും ഒറ്റ സംഖ്യയിലാണ് ഗില്‍ പുറത്തായത്. ഇന്ത്യയുടെ സൂപ്പര്‍ താരമെന്ന് വിശേഷിപ്പിക്കുമ്പോഴും ഇത്തവണ ഗില്‍ നിരാശപ്പെടുത്തി.
ആദ്യ രണ്ട് മത്സരത്തില്‍ ഓപ്പണറായ ഇഷാന്‍ കിഷന്‍ 6, 27 എന്നിങ്ങനെയാണ് റണ്‍സ് നേടിയത്. ഇന്ത്യന്‍ ടീമിന്റെ ആകെയുള്ള ബാറ്റിങ് പ്രകടനം മോശമായിരുന്നു. തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഹാര്‍ദിക് പാണ്ഡ്യക്ക് മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. സഞ്ജു സാംസണ്‍ ദുരന്തമായി മാറിയപ്പോള്‍ അക്ഷര്‍ പട്ടേലിനും ബാറ്റുകൊണ്ട് കസറാനായില്ല. ബാറ്റിങ് നിര ഫ്‌ളോപ്പായത് ഇന്ത്യയുടെ തകര്‍ച്ചയുടെ പ്രധാന കാരണമാണ്.
മൂന്നാമത്തെ കാരണം ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയാണ്. ഇന്ത്യയുടെ അടുത്ത സ്ഥിരം നായകനെന്ന വിശേഷണം ഹാര്‍ദിക്കിനുണ്ട്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന ക്യാപ്റ്റന്‍സിയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേ ഹാര്‍ദിക് കാഴ്ചവെച്ചത്. ടീമിന് ആത്മവിശ്വാസം നല്‍കാനോ മികച്ച പദ്ധതി തയ്യാറാക്കാനോ പ്രകടനംകൊണ്ട് മുന്നില്‍ നിന്ന് നയിക്കാനോ ഹാര്‍ദിക്കിന് സാധിക്കാതെ പോയി. ഹാര്‍ദിക്കിന്റെ കഴിവുകേടാണ് ഇന്ത്യയുടെ തോല്‍വിയുടെ മുഖ്യ കാരണം.
ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷറായിരുന്ന ഹാര്‍ദിക്കിന് ഇപ്പോള്‍ ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. അവസാന 10 ടി20 ഇന്നിങ്‌സില്‍ നിന്ന് ഒരു തവണ മാത്രമാണ് 30ലധികം റണ്‍സ് നേടാന്‍ ഹാര്‍ദിക്കിനായത്. പ്രതീക്ഷക്കൊത്ത് ഹാര്‍ദിക് ഉയരാത്തത് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണമായി മാറി.