കറാച്ചി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര പുരോഗമിക്കുമ്പോള്‍ ആദ്യത്തെ രണ്ട് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ നാല് റണ്‍സിനും രണ്ടാം മത്സരത്തില്‍ 2 വിക്കറ്റിനുമാണ് ഇന്ത്യ മുട്ടുകുത്തിയത്. പേരുകേട്ട ഇന്ത്യയുടെ യുവ ബാറ്റിങ് നിര രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയതാണ് ടീമിന്റെ തോല്‍വിക്ക് കാരണമായത്. പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്.
ആദ്യ മത്സരത്തില്‍ ഫിനിഷര്‍ റോളില്‍ കളിച്ച സഞ്ജു 12 പന്തില്‍ 12 റണ്‍സുമായി പുറത്തായി. രണ്ടാം മത്സരത്തില്‍ ഏഴ് പന്ത് നേരിട്ട് ഏഴ് റണ്‍സെടുത്ത സഞ്ജു അക്കീല്‍ ഹൊസീനെ ക്രീസില്‍ നിന്ന് കയറി കളിക്കാന്‍ ശ്രമിച്ച് സ്റ്റംപ് ഔട്ടായാണ് പുറത്തായത്. ഇന്ത്യന്‍ ടീമിനൊപ്പം ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കുന്നതില്‍ സഞ്ജു പിന്നോട്ട് പോവുകയാണ്. ടീമില്‍ സീറ്റുറപ്പിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ സഞ്ജു മുതലാക്കുന്നില്ല.
സ്ഥിരതയില്ലായ്മയും ഉത്തരവാദിത്തം ഏറ്റെടുക്കാത്തതുമെല്ലാം സഞ്ജുവിനെ പിന്നോട്ടടിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ സഞ്ജു സാംസണിന്റെ ശരിയായ പ്രശ്‌നം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കമ്രാന്‍ അക്മല്‍. 'സഞ്ജു സാംസണ്‍ ഈ രീതിയില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് കാണുമ്പോള്‍ വളരെ നിരാശ തോന്നുന്നു. സഞ്ജുവിന് മികച്ച ഇന്നിങ്‌സ് കാഴ്ചവെക്കാനുള്ള അവസരമുണ്ടായിരുന്നു.
നിരവധി ഓവറുകള്‍ ബാക്കി നില്‍ക്കവെയാണ് സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. പരിശീലകനും ക്യാപ്റ്റനും ആക്രമിച്ച് കളിക്കാന്‍ സഞ്ജുവിനോട് നിര്‍ദേശിച്ചിട്ടുണ്ടാവും. അതുകൊണ്ടാവാം അവന്‍ അത്തരം ഷോട്ടുകള്‍ കളിച്ചത്. അവനൊരു ക്ലാസ് ബാറ്റ്‌സ്മാനാണ്. അവസരത്തിനൊത്ത് ഉയരാനുള്ള മികവുമുണ്ട്. എന്നാല്‍ പ്രശ്‌നം സമീപനത്തിലാണ്. കൂടുതല്‍ പക്വത സഞ്ജു കാട്ടേണ്ടതായുണ്ട്.

വലിയ ഇടവേളക്ക് ശേഷമാണ് സഞ്ജു ടീമിലേക്കെത്തുന്നത്. അതുകൊണ്ടുതന്നെ ടീമിലെ സീറ്റുറപ്പിക്കാനുള്ള പ്രകടനം കാഴ്ചവെക്കണം. എന്നാല്‍ അവന് അതിന് സാധിക്കാതെ പോയി'- കമ്രാന്‍ അക്മല്‍ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങാന്‍ സഞ്ജുവിനായിരുന്നു. എന്നാല്‍ ഈ ഫോം ടി20യില്‍ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ടീമിനൊപ്പം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ ടി20 ഫോര്‍മാറ്റില്‍ മികവ് കാട്ടാനാവുന്നില്ല. ഏകദിനത്തില്‍ 50ന് മുകളില്‍ ശരാശരിയുണ്ടെങ്കിലും ടി20യില്‍ 18.82 മാത്രമാണ് ശരാശരി. തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടില്ലെങ്കിലും 19 മത്സരം സഞ്ജു കളിച്ചു. നേടിയത് 320 റണ്‍സ് മാത്രം. ഇതില്‍ അയര്‍ലന്‍ഡിനെതിരേ നേടിയ 77 റണ്‍സ് മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നിന്നത്.
അതിവേഗത്തില്‍ ബാറ്റു ചെയ്യാന്‍ കഴിവുള്ളവനാണ് സഞ്ജു. പക്ഷെ ടീമിന്റെ സാഹചര്യം മനസിലാക്കി ബാറ്റു ചെയ്യുന്നതില്‍ മലയാളി താരം പരാജയമാണ്. സ്വന്തം ബാറ്റിങ് ശൈലിയില്‍ അമിതമായി വിശ്വസിക്കുന്നു. ടീം ഏത് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും ആക്രമണമെന്ന തന്ത്രം മാത്രമാണ് സഞ്ജു പയറ്റുന്നത്. ഈ തന്ത്രം വിജയത്തിലേക്കെത്തിക്കുന്നതില്‍ സഞ്ജു പരാജയമായി മാറുകയും ചെയ്യുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരത്തിലും സഞ്ജുവിന് സീറ്റുണ്ടാവുമോയെന്നത് കണ്ടറിയണം. അവസരം ലഭിച്ചാല്‍ അതിനെ പരമാവധി മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കണം. അല്ലാത്ത പക്ഷം സഞ്ജുവിന് ഏഷ്യാ കപ്പിലടക്കം സീറ്റ് നഷ്ടമായേക്കും. വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് ശേഷം അയര്‍ലന്‍ഡിനെതിരേ മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. ഇതിലും തിളങ്ങാനാവാതെ പോയാല്‍ സഞ്ജുവിന് ദേശീയ ടീമിലേക്ക് മടങ്ങിവരവ് പോലും അസാധ്യമാകുമെന്നുറപ്പ്.