IND vs WI: ട്രോഫി നീട്ടി ഹാര്‍ദിക്, എനിക്ക് വേണ്ടെന്ന് സഞ്ജു! കാരണം കേട്ട് കൈയടിച്ച് ഫാന്‍സ്
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സര ഏകദിന പരമ്പര 2-1നാണ് ഇന്ത്യ വിജയിച്ചത്. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായിരുന്നു ജയം. വാശിയേറിയ മൂന്നാം മത്സരത്തില്‍ 200 റണ്‍സിന്റെ ജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ രോഹിത് ശര്‍മ നയിച്ചപ്പോള്‍ ശേഷിച്ച രണ്ട് മത്സരത്തിലും ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചത്.
മൂന്നാം മത്സരത്തിന് ശേഷം പരമ്പര വിജയിക്കുള്ള ട്രോഫി ഏറ്റുവാങ്ങിയത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. ഇതിന് ശേഷം ഫോട്ടോക്ക് പോസ് ചെയ്യാനായി വന്നപ്പോള്‍ ഹാര്‍ദിക് സഞ്ജുവിന് നേര്‍ക്കാണ് ട്രോഫി നീട്ടിയത്. എന്നാല്‍ സഞ്ജു ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചു. ടീമിലെ യുവതാരങ്ങളിലൊരാളായ മുകേഷ് കുമാറിന് ട്രോഫി കൈമാറാനാണ് സഞ്ജു ആവശ്യപ്പെട്ടത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് വരവറിയിച്ച മുകേഷ് കുമാര്‍ ഏകദിന പരമ്പരയിലും കളിച്ചിരുന്നു.

മൂന്നാം മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ മുകേഷിന് സാധിച്ചിരുന്നു. സാധാരണ ഇത്തരം പരമ്പര നേട്ടങ്ങള്‍ക്ക് ശേഷം ടീമിലെ യുവതാരങ്ങള്‍ക്ക് ട്രോഫി കൈമാറുന്നതാണ് ഇന്ത്യയുടെ രീതി. എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം ഇത്തരത്തില്‍ യുവതാരങ്ങള്‍ക്ക് ട്രോഫി കൈമാറിയിരുന്നു. ഇതാണ് ഇപ്പോള്‍ ഹാര്‍ദിക്കും പിന്തുടര്‍ന്നത്.
മൂന്നാം മത്സരത്തില്‍ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. നിര്‍ണ്ണായക സമയത്താണ് സഞ്ജുവിന്റെ തകര്‍പ്പന്‍ ഫിഫ്റ്റി പിറക്കുന്നത്. ഇത് കൂടാതെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടിയാണ് സഞ്ജു സാംസണ്‍. ഇതുകൊണ്ടാണ് ഹാര്‍ദിക് സഞ്ജുവിന് ട്രോഫി കൈമാറിയത്. എന്നാല്‍ സഞ്ജു കൈകൊണ്ട് മുകേഷിന് ട്രോഫി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
കൂടുതല്‍ ആരാധകരും സഞ്ജുവിന്റെ വലിയ മനസിനെ പ്രശംസിക്കുകയാണ് ചെയ്തത്. എപ്പോഴും എളിമയോടെ പെരുമാറുന്ന ചുരുക്കം ചില താരമാണ് സഞ്ജു. തന്നെക്കാളും ടീമിന് പ്രാധാന്യം നല്‍കുന്ന സഞ്ജു ജീവിതത്തിലും നായകനാണെന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചിരിക്കുന്നത്. മൂന്നാം മത്സരത്തിലെ ഫിഫ്റ്റിക്ക് പിന്നാലെ ട്രോഫി പിടിച്ച് ചിത്രം എടുക്കുകയും ചെയ്തിരുന്നെങ്കില്‍ സഞ്ജുവിന്റെ ആരാധകര്‍ കൂടുതല്‍ സന്തോഷിച്ചേനെ.
എന്നാല്‍ യുവതാരവും പരമ്പരയിലൂടെ അരങ്ങേറ്റം നടത്തുകയും ചെയ്ത മുകേഷിനായി സഞ്ജു തന്റെ സന്തോഷം വേണ്ടെന്നുവെച്ചത് വലിയ കാര്യമാണെന്നും അധികം ക്രിക്കറ്റ് താരങ്ങളും ചെയ്യാത്ത കാര്യമാണെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. സഞ്ജുവിനെ മനപ്പൂര്‍വ്വം തഴയുകയും പല തവണ ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തിട്ടും ഒരു തവണ പോലും പരസ്യമായി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. സഞ്ജുവിന്റെ പക്വതയും ക്ഷമയും കഠിന പ്രയത്‌നവുമാണ് അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് കാരണമെന്നും ആരാധകര്‍ പറയുന്നു.
എന്നാല്‍ മൂന്നാം ഏകദിനത്തിലെ അര്‍ധ സെഞ്ച്വറി പ്രകടനംകൊണ്ട് സഞ്ജു സാംസണിന് ലോകകപ്പിലോ ഏഷ്യാ കപ്പിലോ സീറ്റുറപ്പിക്കാനാവില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലും തുടര്‍ന്ന് നടക്കുന്ന അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും സഞ്ജുവിന് കസറേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ലോകകപ്പില്‍ സീറ്റ് നേടാമെന്ന സഞ്ജുവിന്റെ മോഹം നടക്കാന്‍ സാധ്യയില്ലെന്ന് തന്നെ വിലയിരുത്താം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications