വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ആരാധകരില്‍ ഭൂരിഭാഗവും പേര്‍ ഉറ്റുനോക്കുന്നത് ഒരു താരത്തിന്റെ സാന്നിധ്യത്തെക്കുറിച്ചാണ്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ഇത്. കരീബിയന്‍ മണ്ണില്‍ ടി20, ഏകദിനം, ടെസ്റ്റ് എന്നിവയെല്ലാം ജൂലൈ- ആഗസ്റ്റ് മാസങ്ങളിലായി ഇന്ത്യ കളിക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാമുള്ള സംഘത്തെ വൈകാതെ തന്നെ നാലംഗ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കും. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ രോഹിത് ശര്‍മയും ടി20യില്‍ ഹാര്‍ദിക് പാണ്ഡ്യയുമായിരിക്കും ഇന്ത്യയെ നയിക്കുക.
വൈറ്റ് ബോള്‍ ടീമുകളിലേക്കു സഞ്ജു തിരിച്ചു വിളിക്കപ്പെടുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ആരാധകരെ സംബന്ധിച്ച് ഏറെ ആവേശം കൊള്ളിക്കുന്ന കാര്യം കൂടിയാണിത്. കാരണം കഴിഞ്ഞ വര്‍ഷം ഏകദിനം, ടി20 എന്നിവില്‍ കളിച്ച മല്‍സരങ്ങളിലെല്ലാം ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാന്‍ സഞ്ജുവിനായിരുന്നു. പക്ഷെ വര്‍ഷം ഒരു മല്‍സരത്തില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാനായുള്ളൂ. ശ്രീലങ്കയ്‌ക്കെതിരേ ജനുവരിയുടെ തുടക്കത്തില്‍ നടന്ന ടി20യിലായിരുന്നു ഇത്.

പക്ഷെ ഈ കളിയില്‍ ഫീല്‍ഡ് ചെയ്യവെ സഞ്ജുവിന്റെ കാലിനു പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്നു പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളും നഷ്ടമായി. പരിക്കില്‍ നിന്നും മോചിതനാവാന്‍ വൈകിയതിനാല്‍ ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന വൈറ്റ് ബോള്‍ പരമ്പരകളിലേക്കും സഞ്ജു പരിഗണിക്കപ്പെട്ടില്ല. അതിനു ശേഷം ഓസ്‌ട്രേലിയയുമായി ഇന്ത്യ ഏകദിന പരമ്പര കളിച്ചെങ്കിലും ടീമില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടു.
കഴിഞ്ഞ വര്‍ഷം നവംബറിലെ ന്യൂസിലാന്‍ഡ് പര്യടനത്തിലായിരുന്നു സഞ്ജുവിനെ അവസാനമായി ഏകദിന ടീമില്‍ കണ്ടത്. ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം കളിച്ച അദ്ദേഹം അടുത്ത രണ്ടു കളിയിലും ഒഴിവാക്കപ്പെട്ടു. പിന്നാലെ ബംഗ്ലാദേശില്‍ ഇന്ത്യ ഏകദിന പരമ്പര കളിച്ചപ്പോഴും സഞ്ജുവിനു ടീമില്‍ ഇടം കിട്ടിയില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേ ടി20 ടീമില്‍ ഇടം ലഭിച്ചില്ലെങ്കിലും ഏകദിനത്തില്‍ തീര്‍ച്ചയായും സഞ്ജു സ്ഥാനമര്‍ഹിക്കുന്നുണ്ട്. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഏകദിന ഫോര്‍മാറ്റില്‍ സഞ്ജുവിന്റെ മികച്ച ബാറ്റിങ് റെക്കോര്‍ഡാണ് ആദ്യത്തെ കാരണം. തകര്‍പ്പന്‍ പ്രകടനമാണ് ഏകദിനത്തില്‍ ഇതുവരെ കളിച്ചപ്പോഴെല്ലാം അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. 11 ഏകദിനങ്ങളില്‍ മാത്രമേ സഞ്ജു ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടുള്ളൂ. ഇവയില്‍ ഭൂരിഭാഗവും കഴിഞ്ഞ വര്‍ഷവുമായിരുന്നു. 10 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത അദ്ദേഹം 66 എന്ന കിടിലന്‍ ശരാശരിയില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത് 330 റണ്‍സാണ്. 104 സ്‌ട്രൈക്ക് റേറ്റുമുണ്ട്. രണ്ടു ഫിഫ്റ്റികളാണ് സഞ്ജു തന്റെ പേരില്‍ കുറിച്ചത്. ഉയര്‍ന്ന സ്‌കോര്‍ 86 റണ്‍സാണ്.
രണ്ടാമത്തെ കാരണം വിന്‍ഡീസ് പര്യടനത്തില്‍ കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ അഭാവത്തില്‍ മല്‍സരം ഫിനിഷ് ചെയ്യാന്‍ ഇന്ത്യക്കു മികച്ചൊരു ഫിനിഷറെ ആവശ്യമുണ്ട് എന്നതാണ്. ഇതു വളരെ നന്നായി ചെയ്യാന്‍ മിടുക്കുള്ള താരം കൂടിയാണ് സഞ്ജു. ഇതുവരെ കളിച്ചിട്ടുള്ള 10 ഏകദിന ഇന്നിങ്‌സുകളില്‍ അഞ്ചിലും അദ്ദേഹം നോട്ടൗട്ടായിരുന്നു.
ഫിനിഷറായി തനിക്കു ഈ ഫോര്‍മാറ്റില്‍ എത്ര വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്നാണ് സഞ്ജു ഇതിലൂടെ കാണിച്ചു തന്നിരിക്കുന്നത്. സാഹചര്യത്തിനു അനുസരിച്ച് സ്ലോയായും അഗ്രസീവായും ഒരുപോലെ ബാറ്റ് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.