മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തുന്നത് പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്. ബെന്‍ സ്റ്റോക്‌സ്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാര്‍ കളം നിറഞ്ഞ് കളിക്കുമ്പോള്‍ ഇത്തരമൊരു ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യയെ തളര്‍ത്തുകയാണ്. നിലവില്‍ ശര്‍ദുല്‍ ഠാക്കൂറിനെയാണ് ഈ സ്ഥാനത്ത് ഇന്ത്യ പിന്തുണക്കുന്നത്. ശര്‍ദുലിനെ വിശ്വസ്തനെന്ന് വിളിക്കാനാവില്ല.
ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ടെസ്റ്റിലേക്കില്ലെന്ന നിലപാടിലാണ്. പുറം വേദനക്ക് ശസ്ത്രക്രിയ കഴിഞ്ഞ ശേഷം പരിമിത ഓവറില്‍ മാത്രമാണ് അദ്ദേഹം ശ്രദ്ധ നല്‍കുന്നത്. ഇന്ത്യയുടെ അടുത്ത നായകനാവാന്‍ കാത്തിരിക്കുന്ന ഹര്‍ദിക് ഇനി ടെസ്റ്റിലേക്ക് തിരിച്ചെത്തില്ല. അതുകൊണ്ട് തന്നെ മികച്ച പേസ് ഓള്‍റൗണ്ടറെ ഇന്ത്യ കണ്ടെത്തേണ്ടിയിരിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് യുവ ഓള്‍റൗണ്ടറെ കണ്ടെത്തണമെന്ന് പറയുമ്പോഴും അത് എളുപ്പമല്ല.
ഇന്ത്യയുടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഏറ്റവും നല്ല വഴി റിഷി ധവാനെ പരിഗണിക്കുന്നതാണ്. അണ്ടര്‍ റേറ്റഡായിപ്പോയ സൂപ്പര്‍ ഓള്‍റൗണ്ടറായ റിഷി ധവാന്‍ എന്തുകൊണ്ടും ഹര്‍ദിക്കിന്റെ മികച്ച പകരക്കാരനാണെന്ന് പറയാം. ഇന്ത്യ നേരത്തെ തന്നെ ടെസ്റ്റിലേക്ക് അദ്ദേഹത്തെ വളര്‍ത്തണമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന റിഷി ധവാന്റെ കണക്കുകള്‍ അദ്ദേഹം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം അര്‍ഹിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ്.
86 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 3987 റണ്‍സും 323 വിക്കറ്റുമാണ് റിഷി ധവാന്‍ വീഴ്ത്തിയത്. 39ന് മുകളിലാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. അഞ്ച് സെഞ്ച്വറിയും 31 ഫിഫ്റ്റിയും നേടിയിട്ടുണ്ട്. 118 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 38ന് മുകളില്‍ ശരാശരിയില്‍ 2597 റണ്‍സും 167 വിക്കറ്റും റിഷിയുടെ പേരിലുണ്ട്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇത്രയും സ്ഥിരതയോടെ കളിക്കുന്ന മറ്റൊരു പേസ് ഓള്‍റൗണ്ടറും ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലില്ല.
മീഡിയം പേസറായ താരം വിദേശ പിച്ചുകളില്‍ അതിവേഗ പന്തുകള്‍ക്കൊണ്ട് വിക്കറ്റ് നേടിയെടുക്കുന്നവനല്ല. എന്നാല്‍ മികച്ച ലൈനും ലെങ്തും ഉപയോഗിച്ച് വിക്കറ്റ് നേടാന്‍ മിടുക്കനാണ്. ആര്‍ അശ്വിനെപ്പോലെ മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള താരമാണ് റിഷി ധവാന്‍. പരിചയസമ്പത്ത് കളത്തില്‍ നന്നായി ഉപയോഗിക്കാനുമറിയാം. അതുകൊണ്ട് തന്നെ റിഷി ധവാനെ പരിഗണിക്കുന്നത് എന്തുകൊണ്ടും ഇന്ത്യക്ക് ഗുണം ചെയ്യുന്ന കാര്യമാണ്.

ഹര്‍ദിക് പാണ്ഡ്യയുടെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ കണക്കുകളിലേക്ക് വരുമ്പോള്‍ റിഷി ധവാനെക്കാള്‍ താഴെയാണ് സ്ഥാനം. 29 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 30 ശരാശരിയില്‍ 1351 റണ്‍സാണ് റിഷി ധവാന്‍ നേടിയത്. 48 വിക്കറ്റും ഇതില്‍ ഉള്‍പ്പെടും. മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. 95 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1918 റണ്‍സും 88 വിക്കറ്റുമാണ് ഹര്‍ദിക്കിന്റെ സമ്പാദ്യം. റിഷി ധവാനെക്കാള്‍ മികച്ച വേഗം കണ്ടെത്താന്‍ കഴിവുള്ള ബൗളറാണ് ഹര്‍ദിക്.
തുടര്‍ച്ചയായി 130ന് മുകളില്‍ വേഗം കണ്ടെത്തുന്ന ഹര്‍ദിക് വിദേശ പിച്ചുകളില്‍ കൂടുതല്‍ മികവുള്ള ബൗളറാണ്. എന്നാല്‍ ക്ഷമയോടെ ബാറ്റുചെയ്യാന്‍ താരത്തിനാവില്ല. ടി20യിലെ പ്രകടനങ്ങള്‍ ടെസ്റ്റില്‍ ആവര്‍ത്തിക്കുക ഹര്‍ദിക്കിനെ സംബന്ധിച്ച് പ്രയാസമാവും. ടെസ്റ്റ് കളിച്ചാല്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടും. ഗുജറാത്ത് ടൈറ്റന്‍സ് നായകസ്ഥാനമുള്ള ഹര്‍ദിക് ഇന്ത്യയുടെ ക്യാപ്റ്റന്‍സ്ഥാനത്തിനായി കാത്തിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ഹര്‍ദിക് ടെസ്റ്റ് കളിക്കാന്‍ വിസമ്മതിക്കുന്നതിനെ തെറ്റുപറയാനാവില്ല. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് ഏറ്റവും അനുയോജ്യനായ ഓള്‍റൗണ്ടര്‍ റിഷി ധവാനാണെന്ന് നിസംശയം പറയാം. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. 33കാരനായ റിഷി ശര്‍ദുല്‍ ഠാക്കൂറിനെക്കാള്‍ കേമനാണ്.