വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിലെ ഏറ്റവും വലിയ സര്‍പ്രൈസുകളിലൊന്നായിരുന്നു പേസര്‍ ആവേശ് ഖാന്റെ തിരിച്ചുവരവ്. തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്നു ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട താരമാണ് അദ്ദേഹം. കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പവും അത്ര മികച്ച പ്രകടനമായിരുന്നില്ല ആവേശിന്റേത്.
എന്നിട്ടും എന്തിന്റെ പേരിലാണ് അദ്ദേഹത്തിനു വിന്‍ഡീസ് പര്യടനത്തില്‍ അവസരം നല്‍കിയിരിക്കുന്നതെന്നാണ് പലരുടെയും ചോദ്യം. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഹോങ്കോങുമായുള്ള ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മല്‍സരത്തിലായിരുന്നു ആവേശ് അവസാനമായി ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിച്ചത്. പിന്നീടൊരിക്കലും സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ടീമിലേക്കു പരിഗണിച്ചിട്ടില്ല. അതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി ആവേശിനു വിന്‍ഡീസിലേക്കു വിളിയെത്തിയത്.

ഇതുവരെ 15 ടി20കളിലാണ് പേസര്‍ ഇന്ത്യക്കായി പന്തെറിഞ്ഞത്. 9.11 എന്ന മോശം ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകളെടുക്കുകയും ചെയ്തു. ടി20 ഫോര്‍മാറ്റില്‍ സ്ഥിരതയില്ലാത്ത പ്രകടനമാണ് അദ്ദേഹം ഇതുവരെ നടത്തിയിട്ടുള്ളത്. എന്നാല്‍ ആവേശിനു കഴിവ് തെളിയിക്കാന്‍ വീണ്ടുമൊരു അവസരം കൂടി സെലക്ടര്‍മാര്‍ നല്‍കിയിരിക്കുകയാണ്.
അദ്ദേഹത്തെ സംബന്ധിച്ച് ഇതു ശരിക്കുമൊരു ലോട്ടറി തന്നെയാണെന്നു പറയാം. ആവേശിനെ ടി20 ടീമിലേക്കു തിരികെ വിളിച്ചത് ശരിയായ നീക്കം തന്നെയാണ്. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണന്നു നോക്കാം. ആദ്യത്തെ കാരണം അസുഖം കാരണമായിരുന്നു ആവേശ് നേരത്തേ ടി20 ടീമില്‍ നിന്നും ഒഴിവാക്കപ്പട്ടത് എന്നതാണ്. പനിയെ തുടര്‍ന്നായിരുന്നു ഏഷ്യാ കപ്പിനിടെ അദ്ദേഹത്തിനു ടീമിലെ സ്ഥാനം നഷ്ടമായത്.
ഹോങ്കോങുമായുള്ള കളിക്കു ശേഷമായിരുന്നു ആവേശിനു അസുഖം പിടിപെടുന്നത്. ഇതേ തുടര്‍ന്നു പാകിസ്താനെതിരായ അടുത്ത മല്‍സരത്തില്‍ പേസറെ പുറത്ത് ഇരുത്തുകയും ചെയ്തു. പിന്നാലെ അദ്ദേഹം നാട്ടിലേക്കു മടങ്ങുകയുമായിരുന്നു. അതിനു ശേഷം സൗത്താഫ്രിക്കയുമായി നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ആവേശ് കളിച്ചെങ്കിലും ടി20യില്‍ തഴയപ്പെട്ടു. ഏതൊരു താരത്തെയും പോലെ ആവേശും രണ്ടാമതൊരു അവസരം ഇന്ത്യന്‍ ടീമില്‍ അര്‍ഹിക്കുന്നു. ഒരുപക്ഷെ വരാനിരിക്കുന്ന പരമ്പര അദ്ദേഹത്തിന്റെ തലവര മാറ്റിയേക്കാം.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ബൗളിങിലെ നിര്‍ണായക താരമായി ആവേശ് മാറിയേക്കും. അതിനു മുമ്പ് അദ്ദേഹത്തിന്റെ കഴിവ് അളക്കാന്‍ ലഭിക്കുന്ന ഏറ്റവും നല്ല അവസരമായിരിക്കും വിന്‍ഡീസ് പര്യടനമെന്നതാണ് രണ്ടാമത്തെ കാരണം. മുന്‍നിര താരങ്ങളില്ലാതെ രണ്ടാംനിര സംഘത്തെയാണ് ഏഷ്യാഡിനായി ഇന്ത്യ അയക്കുന്നത്. വിന്‍ഡീസ് പര്യടനത്തില്‍ തിളങ്ങിയാല്‍ അതു ഏഷ്യാ കപ്പിലും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആത്മവിശ്വാസം ആവേശിനു നല്‍കും.

ടി20 ഫോര്‍മാറ്റില്‍ തന്നെയാണ് ഏഷ്യന്‍ ഗെയിംസ്. അതുകൊണ്ടു തന്നെ ആവേശിനു കസറാനും ഇന്ത്യന്‍ ടീമിലെത്താനും ഇതിനേക്കാള്‍ നല്ലൊരു അവസരം ലഭിക്കാനില്ല. ഒരു പക്ഷെ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഗെയംസില്‍ ഇന്ത്യന്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നതും ആവേശ് ആയേക്കും.
ദീര്‍ഘകാലത്തേക്കു ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറാന്‍ ശേഷിയുള്ള ബൗളറാണ് ആവേശ് ഖാന്‍. ഇതാണ് അദ്ദേഹം ടീമില്‍ സ്ഥാനമര്‍ഹിക്കുന്നതിന്റെ മൂന്നാമത്തെ കാരണം. 140ക്കടുത്ത് വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ഫാസ്റ്റ് ബൗളര്‍മാരെ ഇന്ത്യക്കു ആവശ്യമാണ്. ഇതിനു ശേഷിയുള്ള താരമാണ് ആവേശ്.
താളം കണ്ടെത്തിയാല്‍ തുടര്‍ച്ചയായി ഈ വേഗതയില്‍ ബൗള്‍ ചെയ്യാനും സ്ലോഗ് ഓവറുകളില്‍ വിക്കറ്റുകളെടുക്കാനും അദ്ദേഹത്തിനു സാധിക്കും. കഴിഞ്ഞ വര്‍ഷം സൗത്താഫ്രിക്കയുമായുള്ള ഒരു നിര്‍ണായക ടി20 മല്‍സരത്തില്‍ ആവേശ് മാച്ച് വിന്നിങ് പ്രകടനം കാഴ്ചവച്ചിരുന്നു.
രാജ്‌കോട്ടില്‍ നടന്ന മല്‍സരത്തില്‍ നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. ആത്മവിശ്വാസവും പിന്തുണയും നല്‍കി വളര്‍ത്തിയെടുത്താല്‍ ടി20യില്‍ ഇന്ത്യക്കു വേണ്ടി ദീര്‍ഘകാലം കളിക്കാന്‍ 26 കാരനായ ആവേശിനു സാധിക്കും.