IND vs WI: ദ്രാവിഡും രോഹിത്തും മണ്ടന്‍മാരോ? പരീക്ഷണം നിര്‍ത്തൂ, ഇതാ കാരണങ്ങള്‍
ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ പ്രധാന തയ്യാറെടുപ്പുകളിലൊന്നായിരുന്നു വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പര. പക്ഷെ അനാവശ്യ പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്ന് രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും ഈ തയ്യാറെടുപ്പ് ആകെ കുളമാക്കിയിരിക്കുകയാണെന്നു പറയേണ്ടി വരും. ലോകകപ്പിനു യോഗ്യത പോലും നേടാന്‍ സാധിക്കാതെ പോയ വിന്‍ഡീസിനോടു പരമ്പര തോല്‍ക്കുമോയെന്ന ഭയത്തിലാണ് ഇപ്പോള്‍ ടീം ഇന്ത്യ.
ആദ്യ ഏകദിനത്തില്‍ ഇന്ത്യ അനായാസം ജയിച്ചുകയറിയെങ്കിലും രണ്ടാമങ്കത്തില്‍ വിന്‍ഡീസ് ഷോക്ക് ട്രീറ്റ്‌മെന്റാണ് നല്‍കിയത്. ആറു വിക്കറ്റിനു ഇന്ത്യയെ വിന്‍ഡീസ് അട്ടിമറിക്കുകയായിരുന്നു. ഇതോടെ അവര്‍ പരമ്പരയില്‍ 1-1നു ഒപ്പമെത്തുകയും ചെയ്തു. ചൊവ്വാഴ്ചയാണ് ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം.

ഇതില്‍ തോല്‍ക്കുകയാണെങ്കില്‍ വലിയ നാണക്കേടായിരിക്കും ഇന്ത്യക്കു നേരിടേണ്ടി വരിക. മാത്രമല്ല വലിയ വിമര്‍ശനങ്ങള്‍ ദ്രാവിഡിനും രോഹിത്തിനും നേരിടേണ്ടി വരികയും ചെയ്യും. ഏകദിന പരമ്പരയില്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ മണ്ടത്തരമെന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു പരിശോധിക്കാം.
ലോകകപ്പ് അടുത്തെത്തി നില്‍ക്കുന്നതിനാല്‍ ടീമിലെ പ്രധാനപ്പെട്ട കളിക്കാര്‍ക്കു മതിയായ ഗെയിം ടൈം ലഭിക്കേണ്ടതുണ്ട് എന്നതാണ് ആദ്യത്തെ കാരണം. ബാറ്റിങില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങള്‍ രോഹിത്തും വിരാട് കോലിയുമാണ്. പക്ഷെ രണ്ടു പേര്‍ക്കും പരമ്പരയില്‍ കാര്യമായി ബാറ്റ് ചെയ്യാന്‍ സമയം ലഭിച്ചിട്ടില്ല.
ആദ്യ കളിയില്‍ രോഹിത് ബാറ്റ് ചെയ്തത് ഏഴാം നമ്പറിലായിരുന്നു. കോലിയാവട്ടെ ബാറ്റിങിന് ഇറങ്ങിയതുമില്ല. രണ്ടാം ഏകദിനത്തില്‍ രണ്ടു പേര്‍ക്കും ഇന്ത്യ വിശ്രമം നല്‍കുകയും ചെയ്തു. ഈ പരമ്പര കഴിഞ്ഞാല്‍ ഏഷ്യാ കപ്പും ഓസ്‌ട്രേലിയയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും മാത്രമാണ് ലോകകപ്പിനു മുമ്പ് ഇന്ത്യക്കു ബാക്കിയുള്ളത്.
ഏഷ്യാ കപ്പില്‍ ഫൈനല്‍ വരെയെത്തിയാല്‍ പരമാവധി അഞ്ചു മല്‍സരങ്ങള്‍ മാത്രമേ ഇന്ത്യക്കുള്ളൂ. ഇത്രയും കുറച്ച് ഏകദിനങ്ങള്‍ മാത്രം ലോകകപ്പിനു മുമ്പ് ശേഷിക്കെ ഇന്ത്യ എന്തിനാണ് വിന്‍ഡീസിനെതിരേ ബാറ്റിങ് ഓര്‍ഡറില്‍ ഇത്ര മാത്രം പരീക്ഷണങ്ങള്‍ നടത്തിയതെന്നു ആരും സംശയിച്ചുപോവും.
രോഹിത്തും കോലിയുമടക്കം പ്രധാനപ്പെട്ടവരെയെല്ലാം എല്ലാ മല്‍സരങ്ങളിലും തുടര്‍ച്ചയായി കളിപ്പിച്ച് ഏറ്റവും മികച്ച ഫോമില്‍ അവരെ ലോകകപ്പില്‍ അണിനിരത്തുകയാണ് വേണ്ടത്.
ബാറ്റിങ് ഓര്‍ഡറില്‍ ഇന്ത്യ ഈ പരമ്പരയില്‍ നടത്തിയ പരീക്ഷണങ്ങള്‍ കൊണ്ട് ഒരു ഗുണവും ലഭിക്കാന്‍ പോവുന്നില്ലെന്നതാണ് രണ്ടാമത്തെ കാരണം. ഇഷാന്‍ കിഷനെ രണ്ടു കളിയിലും ഇന്ത്യ ഓപ്പണറായാണ് ഇറക്കിയത്. പക്ഷെ ലോകകപ്പില്‍ രോഹിത്തും ശുഭ്മന്‍ ഗില്ലുമായിരിക്കും ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാര്‍. അപ്പോള്‍ പിന്നെ ഇഷാനെ ഓപ്പണറായി കളിപ്പിച്ചതു കൊണ്ട് എന്തു പ്രയോജനം?
രോഹിത്തും ഗില്ലും ഈ വര്‍ഷം കളിച്ച ഏകദിനങ്ങളില്‍ ഓപ്പണര്‍മാരെന്ന നിലയില്‍ മികച്ച തുടക്കം പലപ്പോഴും ടീമിനു നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ വിന്‍ഡീസിനെതിരേയും ഇവരായിരുന്നു ഓപ്പണ്‍ ചെയ്യേണ്ടിയിരുന്നത്. ലോകകപ്പ് പോലെയൊരു ടൂര്‍ണമെന്റില്‍ ഓപ്പണിങ് ജോടികളുടെ പ്രകടനം ടീമിനു നിര്‍ണായകമാണ്.
ലോകകപ്പില്‍ നാലാം നമ്പറിലേക്കാണ് ഇന്ത്യക്കു ഒരാളെ വേണ്ടത്. വിന്‍ഡീസിനെതിരേ അത് ആരാണെന്നു കണ്ടെത്തുകയായിരുന്നു ഇന്ത്യ ചെയ്യേണ്ടിയിരുന്നത്. സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ ഇവരിലൊരാളെ ഈ റോളില്‍ പരീക്ഷിക്കണമായിരുന്നു. പക്ഷെ അതും നടന്നില്ല.

സൂര്യ ആദ്യ കളിയില്‍ മൂന്നാമനായും അടുത്തതില്‍ ആറാമനായുമാണ് കളിച്ചത്. സഞ്ജുവാകട്ടെ ആദ്യ കളിയില്‍ പുറത്തിരുന്നപ്പോള്‍ രണ്ടാമത്തേതില്‍ മൂന്നാം നമ്പറിലും ബാറ്റ് ചെയ്തു. രണ്ടാം ഏകദിനത്തില്‍ അക്ഷര്‍ പട്ടേലിനെ നാലാമനായി അയച്ചതിനെ ശുദ്ധ മണ്ടത്തരമെന്നേ പറയാനുള്ളൂ.
മല്‍സരഫലങ്ങള്‍ക്കു ഈയൊരു സന്ദര്‍ഭത്തില്‍ വലിയ പ്രാധാന്യമുണ്ട് എന്നതാണ് മൂന്നാമത്തെ കാരണം. ലോകകപ്പ് അടുത്തിരിക്കുന്ന സമയത്ത് ടീമിനു പരാജയങ്ങള്‍ നേരിടുമ്പോള്‍ അതു താരങ്ങളുടെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കും. ലോകകപ്പ് നേടാന്‍ തങ്ങള്‍ക്കു ശേഷിയുണ്ടോയെന്ന സംശയം ഉടലെടുക്കുകയും ചെയ്യും.
മറിച്ച് പരമാവധി മല്‍സരങ്ങളില്‍ ജയിച്ചാണ് ലോകകപ്പിനു കളിക്കുന്നതെങ്കില്‍ അതു ടീമിനു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. രണ്ടാം ഏകദിനത്തിലേറ്റ ഞെട്ടിക്കുന്ന തോല്‍വി ഇന്ത്യന്‍ ടീമിനെയാകെ ഉലച്ചിട്ടുണ്ടാവുമെന്ന കാര്യമുറപ്പാണ്. ഇതു മുന്നോട്ടുള്ള മല്‍സരങ്ങളില്‍ ടീമിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലുമാക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications