ബ്രിഡ്ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ അപ്രതീക്ഷിത പരീക്ഷണങ്ങള്‍ നടത്തി എല്ലാവരെയും ഞെട്ടിപ്പിക്കുകയാണ്. ആദ്യ മത്സരത്തില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ഡൗണ്‍ ഓഡറിലേക്ക് മാറിയതും യുവതാരങ്ങള്‍ക്ക് ടോപ് ഓഡറില്‍ ബാറ്റിങ്ങിന് അവസരം നല്‍കുകയും ചെയ്തു. ഇൗ പരീക്ഷണം പാളിയെങ്കിലും 163 പന്ത് ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റിന് വിജയിക്കാന്‍ ഇന്ത്യക്കായി.
രണ്ടാം ഏകദിനത്തില്‍ അമിത ആവേശം കാട്ടിയ ഇന്ത്യ വലിയ പൊളിച്ചെഴുത്താണ് ടീമില്‍ വരുത്തിയത്. വിരാട് കോലിയും രോഹിത് ശര്‍മയും വിശ്രമമെടുത്ത് യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ടീമിനെ കളത്തിലിറക്കി. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴിലിറങ്ങിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് ആതിഥേയര്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 181 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ 80 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് വെസ്റ്റ് ഇന്‍ഡീസ് വിജയം നേടിയെടുത്തത്.
മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11ലേക്ക് നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോലിയും തിരിച്ചെത്തിയേക്കും. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരിലാര് എന്നത് കാത്തിരുന്ന് കണ്ടറിയണം. ഇന്ത്യയുടെ പ്ലേയിങ് 11 മാറ്റങ്ങളുണ്ടാവാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഇന്ത്യ പ്ലേയിങ് 11 മാറ്റം വരുത്തരുത്. രണ്ടാം മത്സരത്തില്‍ പരാജയം നേരിട്ട അതേ പ്ലേയിങ് 11മായി ഇന്ത്യ മൂന്നാം മത്സരവും കളിക്കണം. ഇത് പറയാനുള്ള മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.
ഒന്നാമത്തെ കാരണം യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാന്‍ അവസരം നല്‍കണമെന്നതാണ്. കോലിയും രോഹിത്തുമില്ലെങ്കില്‍ ഇന്ത്യന്‍ ടീം ദുര്‍ബലമാണെന്ന പൊതു ചിത്രമാണ് ഇപ്പോഴുള്ളത്. രണ്ടാം മത്സരത്തിലെ തോല്‍വിയോടെ ഇന്ത്യയുടെ പേരുകേട്ട യുവനിരയ്ക്ക് വലിയ നാണക്കേടാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഇതിന് മറുപടി നല്‍കാന്‍ യുവതാരങ്ങള്‍ക്ക് ഒരിക്കല്‍ കൂടി അവസരം നല്‍കണം. ഒരു മത്സരംകൊണ്ടു മാത്രം ഇന്ത്യയുടെ യുവനിരയെ തള്ളിപ്പറയരുത്.

മൂന്നാം മത്സരത്തില്‍ യുവനിരക്ക് കരുത്ത് തെളിയിച്ച് പകരം വീട്ടാനുള്ള അവസരം നല്‍കണം. യുവതാരങ്ങളെന്ന് വിളിക്കുമ്പോഴും ഇവരെല്ലാം ആവശ്യത്തിന് അനുഭവസമ്പത്തുള്ള താരങ്ങളാണ്. അതുകൊണ്ടുതന്നെ ഇതേ പ്ലേയിങ് 11നെ കളത്തിലിറക്കി വിജയിച്ചാല്‍ നിലവില്‍ നേരിടേണ്ടി വന്ന നാണക്കേടിന് പരിഹാരം കാണാന്‍ ഇന്ത്യക്ക് സാധിക്കും. ഇതിനുള്ള അവസരം ഒരുക്കി നല്‍കുകയാണ് വേണ്ടത്.
രോഹിത്തും കോലിയും തിരിച്ചെത്തിയാല്‍ സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരിലൊരാളെ പ്ലേയിങ് 11 കാണൂ. വലിയ ടൂര്‍ണമെന്റുകള്‍ വരാനിരിക്കെ ഇന്ത്യയുടെ യുവ താരനിരയുടെ മികവാണ് കണ്ടറിയേണ്ടത്. അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തിലൂടെ യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാന്‍ അവസരം നല്‍കണം. ഏഷ്യാ കപ്പിന് സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരിലാര് വേണമെന്നത് തീരുമാനിക്കുന്നതില്‍ മൂന്നാം മത്സരത്തിലെ പ്രകടനം നിര്‍ണ്ണായകമാവും.
അതുകൊണ്ടുതന്നെ ഇന്ത്യ മൂന്നാം മത്സരത്തില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മുന്നോട്ട് പോകേണ്ടതായുണ്ട്. മൂന്നാമത്തെ കാരണം ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാപ്റ്റന്‍സി മികവ് തെളിയിക്കാനുള്ള അവസരമായി ഇതിനെ പരിഗണിക്കണമെന്നതാണ്. മൂന്ന് മത്സര പരമ്പര നിലവില്‍ 1-1 എന്ന നിലയിലാണ്. രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ നായകനാവാന്‍ തയ്യാറെടുക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മികവ് പരിശോധിക്കപ്പെടേണ്ടതായുണ്ട്.
ടി20യിലെ ഹാര്‍ദിക്കിന്റെ നായക മികവ് ഇതിനോടകം തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ ഏകദിനത്തില്‍ ഹാര്‍ദിക്കിനെ സൂപ്പര്‍ നായകനെന്ന് വിളിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് മികവ് തെളിയിക്കാനും ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാനുമുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. അതിന് ഹാര്‍ദിക്കിന് അവസരം നല്‍കാന്‍ ഇന്ത്യ തയ്യാറാവണം. എന്നാല്‍ പരമ്പര കൈവിട്ടാല്‍ അത് വലിയ ക്ഷീണമാവുമെന്നതിനാല്‍ ഇന്ത്യ സാഹസത്തിന് മുതിരാന്‍ സാധ്യതയില്ല.