മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റും മൂന്ന് മത്സര ഏകദിനവും അഞ്ച് മത്സര ടി20യും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്. ടൂര്‍ണമെന്റിനായുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചുകഴിഞ്ഞു. ടെസ്റ്റ് ടീമില്‍ ചേതേശ്വര്‍ പുജാരയില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇതോടെ മൂന്നാം നമ്പറിലാരെന്ന വലിയ ചോദ്യം ഉയര്‍ന്നുവരും.
മൂന്നാം നമ്പറെന്നത് ടെസ്റ്റില്‍ വളരെ പ്രധാനപ്പെട്ട റോളാണ്. നല്ല ക്ഷമയും ക്ലാസുമില്ലാത്ത ബാറ്റ്‌സ്മാന് മൂന്നാം നമ്പറില്‍ തിളങ്ങുക പ്രയാസമാണ്. പുജാര കളമൊഴിഞ്ഞ സാഹചര്യത്തില്‍ ആരാണ് മൂന്നാം നമ്പറില്‍ ഇന്ത്യക്കായി കളിക്കേണ്ടത്? അജിന്‍ക്യ രഹാനെ അഞ്ചാം നമ്പറില്‍ നിന്ന് മൂന്നാം നമ്പറിലേക്ക് മാറേണ്ടതായുണ്ട്. രഹാനെയാണ് മൂന്നാം നമ്പറില്‍ കളിക്കാന്‍ ഏറ്റവും അനുയോജ്യനെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
പ്രധാനപ്പെട്ട കാര്യം പരിചയസമ്പത്താണ്. മൂന്നാം നമ്പര്‍ നിര്‍ണ്ണായക പൊസിഷനായതിനാല്‍ അനുഭവസമ്പന്നനായ താരം തന്നെ ഈ റോളില്‍ കളിക്കേണ്ടതായുണ്ട്. അനുഭവസമ്പത്തും ഫോമും പരിഗണിക്കുമ്പോള്‍ രഹാനെയാണ് ഏറ്റവും ബെസ്റ്റ്. റുതുരാജ് ഗെയ്ക് വാദ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരിലൊരാളെ പരിഗണിച്ചാല്‍ ക്ലിക്കാവാന്‍ സാധ്യത കുറവാണ്. വെസ്റ്റ് ഇന്‍ഡീസിലെ പിച്ച് പേസിനെ തുണക്കുന്നതാണ്. അതുകൊണ്ടുതന്നെ പരിചയസമ്പത്തില്ലാത്ത താരങ്ങള്‍ക്ക് തിളങ്ങുക കടുപ്പമാണ്.

റുതുരാജ് ഗെയ്ക് വാദ് പ്രതിഭയുള്ള താരമാണെങ്കിലും മൂന്നാം നമ്പറില്‍ പരീക്ഷിക്കുന്നതിലും നല്ലത് രഹാനെയെ മൂന്നാം നമ്പറില്‍ കളിപ്പിച്ച് യുവതാരത്തെ മധ്യനിരയിലേക്ക് പരിഗണിക്കുന്നതാണ്. രണ്ടാമത്തെ കാര്യം രഹാനെക്ക് ടോപ് ഓഡറില്‍ ബാറ്റ് ചെയ്യാനുള്ള കഴിവാണ്. കരിയറിലെ കൂടുതല്‍ മത്സരങ്ങളിലും അദ്ദേഹം ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായിരുന്നു. ഓപ്പണറായും മൂന്നാം നമ്പറിലുമാണ് രഹാനെ കൂടുതല്‍ തിളങ്ങിയത്.
87 ഏകദിനം കളിച്ച രഹാനെ 54 തവണയും ഓപ്പണറായിരുന്നു. ടി20യില്‍ 20 മത്സരത്തില്‍ നിന്ന് 17 തവണയും അദ്ദേഹം ഓപ്പണറായാണ് കളിച്ചത്. ടെസ്റ്റില്‍ ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനായാണ് രഹാനെ തുടരുന്നതെങ്കിലും മൂന്നാം നമ്പറിലേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നത് മികച്ച തീരുമാനമായിരിക്കും. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍ ഓപ്പണിങ്ങും മൂന്നാം നമ്പറില്‍ അജിന്‍ക്യ രഹാനെയും നാലാം നമ്പറില്‍ വിരാട് കോലിയും കളിക്കണം.
അഞ്ചാം നമ്പറില്‍ ഇഷാന്‍ കിഷനെ പരിഗണിക്കാവുന്നതാണ്. മധ്യനിരയില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനെ ഇന്ത്യക്ക് അത്യാവശ്യമാണ്. രവീന്ദ്ര ജഡേജയെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ മറ്റ് പ്രധാന ബാറ്റ്‌സ്മാന്‍മാരെല്ലാം വലം കൈയന്‍മാരാണ്. അതുകൊണ്ടുതന്നെ ഇടം കൈയന്‍ താരങ്ങളെ കൂടുതല്‍ പിന്തുണച്ച് ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. യശ്വസി ജയ്‌സ്വാളിനെയും ഈ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കി പിന്തുണക്കേണ്ടതായുണ്ട്.
നിലവിലെ ഫോം പരിശോധിക്കുമ്പോഴും രഹാനെക്കാണ് മുന്‍തൂക്കം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ രണ്ട് ഇന്നിങ്‌സിലും തിളങ്ങാന്‍ രഹാനെക്കായിരുന്നു. കൂടാതെ വെസ്റ്റ് ഇന്‍ഡീസിലെ രഹാനെയുടെ റെക്കോഡുകളും മികച്ചതാണ്. എട്ട് ഇന്നിങ്‌സുകള്‍ കളിച്ച 103ന് മുകളില്‍ ശരാശരിയില്‍ 514 റണ്‍സാണ് രഹാനെ നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
നിലവിലെ ഫോമും ടീമിന്റെ സാഹചര്യവും ഉള്‍പ്പെടെ എന്തുകാര്യം പരിഗണിച്ചാലും രഹാനെക്ക് മുന്‍തൂക്കം അവകാശപ്പെടാം. നിലവില്‍ മൂന്നാം നമ്പറില്‍ കളിക്കാന്‍ രഹാനെയാണ് യോഗ്യന്‍. പക്ഷെ നിലവിലെ രഹാനെയുടെ റോള്‍ മാറ്റാന്‍ ഇന്ത്യ തയ്യാറായേക്കില്ല. രോഹിത്തും ഗില്ലും ഓപ്പണര്‍മാരായാല്‍ റുതുരാജിനെ മൂന്നാം നമ്പറിലേക്ക് പരിഗണിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. കെ എസ് ഭരതും ഇഷാന്‍ കിഷനും വിശ്വസിക്കാനാവാത്ത കീപ്പര്‍മാരയതിനാല്‍ ഇന്ത്യ ഭയക്കണം.