വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കേറ്റ അപ്രതീക്ഷിത പരാജയത്തിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് കോച്ച് രാഹുല്‍ ദ്രാവിഡിനെതിരേ ഉയരുന്നത്. തുടരെ രണ്ടാമത്തെ കളിയിലും ടീം ഇന്ത്യ പുതിയ പരീക്ഷണങ്ങള്‍ തുടരുകയായിരുന്നു. ആദ്യ കളിയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഏഴാം നമ്പറില്‍ ഇറക്കിയും വിരാട് കോലിയെ ബാറ്റിങിന് ഇറക്കാതെയും ഇന്ത്യ പരീക്ഷണം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഏകദിനത്തില്‍ രോഹിത്തിനും കോലിക്കും വിശ്രമം നല്‍കിയാണ് ആരാധകരെ ടീം മാനേജ്‌മെന്റ് ഞെട്ടിച്ചത്. കോലിക്കു പകരം മൂന്നാമനായി സഞ്ജു സാംസണിനെ പരീക്ഷിച്ച ഇന്ത്യ നാലാം നമ്പറിലേക്കു അക്ഷര്‍ പട്ടേലിനെ പ്രൊമോട്ട് ചെയ്തും ചൂതാട്ടം നടത്തി. പക്ഷെ ഈ രണ്ടു നീക്കങ്ങളും ഫ്‌ളോപ്പായി മാറി.

എന്തുകൊണ്ടാണ് രണ്ടാം ഏകദിനത്തില്‍ കോലിക്കും രോഹിത്തിനും വിശ്രമം നല്‍കി പരീക്ഷണം നടത്തിയത് എന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദ്രാവിഡ്. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമിലെ ചില കളിക്കാരെ പരീക്ഷിച്ചു നോക്കാനുള്ള അവസാനത്തെ അവസരമായിരുന്നു ഇത്.
നമ്മുടെ ചില താരങ്ങള്‍ പരിക്കേറ്റ് ടീമിനു പുറത്താണ്. ചിലര്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി എന്‍സിഎയിലുമാണുള്ളത്. ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയ്ക്കായി കഷ്ടിച്ച് ഒരു മാസം മാത്രമേ ഇനി ബാക്കിയുള്ളൂ.
നമ്മുടെ പക്കല്‍ ഇനി അധികം സമയമില്ല. ടീമിനു പുറത്തുള്ള ചിലര്‍ ഏഷ്യാ കപ്പിനും ലോകകപ്പിനും മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയാണുള്ളത്. പക്ഷെ നമുക്ക് അതു ഉറപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ മറ്റു താരങ്ങളെ പരീക്ഷിച്ചു നോക്കേണ്ടത് ആവശ്യമാണ്.
അവര്‍ക്കും അവസരം നല്‍കേണ്ടതുണ്ട്. അവര്‍ക്കു ഗെയിം ടൈം നല്‍കിയാല്‍ മാത്രമേ ചില തീരുമാനങ്ങളിലേക്കു എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂവെന്നും ദ്രാവിഡ് വിശദമാക്കി.
ഏഷ്യാ കപ്പിനു മുമ്പ് രണ്ട്-മൂന്ന് മല്‍സരങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇതുപോലെയൊരു പരമ്പരയില്‍ രോഹിത്തിനെയും വിരാടിനെയും കളിപ്പിക്കുകയാണെങ്കില്‍ അതിലൂടെ അധികം ഉത്തരങ്ങളൊന്നും ഞങ്ങള്‍ക്കു ലഭിക്കാന്‍ പോവുന്നില്ല.
ചില താരങ്ങള്‍ പരിക്കേറ്റ് പുറത്തിരിക്കുകയും ചിലരുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്യുന്നതിനാലും ടീമിനു പുറത്തിരിക്കുന്നവര്‍ക്കു ഞങ്ങള്‍ അവസരം നല്‍കുകയായിരുന്നു. ആവശ്യമെങ്കില്‍ അവരെ കളിപ്പിക്കാമെന്നും കരുതിയതായി ദ്രാവിഡ് വിശദീകരിച്ചു.
ടീം സെലക്ഷനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും മറ്റു പല കോണുകളിലും ഉയരുന്ന അഭിപ്രായങ്ങളെയും വിമര്‍ശനങ്ങളെയും താന്‍ കാര്യമാക്കാറില്ലെന്നു ദ്രാവിഡ് വ്യക്തമാക്കി. മറ്റുള്ള ആളുകളുടെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ അത്ര ഗൗരവമായി എടുക്കാറില്ല.
രാജ്യത്തു നമുക്കു ലഭിച്ചിരിക്കുന്ന ഏറ്റവും പ്രതിഭാശാലികളായ കളിക്കാരാണ് ഇപ്പോള്‍ ടീമിലുള്ളത്. നന്നായി പെര്‍ഫോം ചെയ്തതിനു ശേഷമാണ് ഇവരെല്ലാം ടീമിലേക്കു വന്നിരിക്കുന്നത്. ടീമില്‍ അവസരം ലഭിക്കുമ്പോള്‍ അതു മുതലെടുക്കേണ്ടത് അവരുടെ ചുമതലയാണെന്നും ദ്രാവിഡ് വ്യക്തമാക്കി.

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഈ മല്‍സരത്തില്‍ ടീമിന്റെ പ്രകടനത്തില്‍ ഞങ്ങള്‍ നിരാശരാണ്. ഇതു അല്‍പ്പം കുഴപ്പം പിടിച്ച വിക്കറ്റാണെന്നും ബാറ്റിങ് എളുപ്പമായിരിക്കില്ലെന്നും അറിയാമായിരുന്നു. 230-240 റണ്‍സെങ്കിലും ആദ്യം ബാറ്റ് ചെയ്തതിനു ശേഷം നമ്മള്‍ നേടേണ്ടിയിരുന്നു. ഈ പിച്ചില്‍ അതു വളരെ മികച്ച സ്‌കോര്‍ ആവുമെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു.
പക്ഷെ ഞങ്ങള്‍ക്കു കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ശുഭ്മനും (ഗില്‍) ഇഷാനും (കിഷന്‍) ചേര്‍ന്നു വളരെ നല്ല തുടക്കമായിരുന്നു ടീമിനു നല്‍കിയത്. പക്ഷെ ടീമിലെ ആരെങ്കിലുമൊരാള്‍ അത് ഏറ്റെടുത്ത് ഇന്നങ്‌സ് മുന്നോട്ടു കൊണ്ടു പോവേണ്ടത് ആവശ്യമായിരുന്നു.
അവസാനം വരെ ബാറ്റ് ചെയ്യുകയും വേണ്ടിയിരുന്നു. പക്ഷെ അതു സംഭവിച്ചില്ല. അതിനാല്‍ പ്രതീച്ചതിനേക്കാള്‍ 50-60 റണ്‍സ് കുറച്ചാണ് ടീമിനു നേടാനായതെന്നും ദ്രാവിഡ് വിശദീകരിച്ചു.