ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യിലും ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. രണ്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഏഴ് പന്തും രണ്ടുവിക്കറ്റും ബാക്കിയാക്കി വിജയം സ്വന്തമാക്കി. ഇന്ത്യയുടെ ബാറ്റിങ് നിര നിരാശപ്പെടുത്തിയതാണ് തോല്‍വിക്ക് കാരണമായത്. തോല്‍വിയോടെ അഞ്ച് മത്സര പരമ്പരയില്‍ 2-0ന് ഇന്ത്യ പിന്നിലായി.
ഇന്ത്യയുടെ തുടര്‍ പരാജയങ്ങള്‍ക്ക് കാരണം പലതാണ്. ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ടീമിന് തെറ്റുകള്‍ പറ്റാമെന്നാണ് ഹാര്‍ദിക് പറഞ്ഞത്. ഇപ്പോള്‍ രണ്ടാം ടി20യിലും ഇന്ത്യ തോറ്റതോടെ ഹാര്‍ദിക്കിന് ന്യായീകരിക്കാന്‍ ശബ്ദമില്ലെന്നതാണ് വസ്തുത. എന്നാല്‍ രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിയുടെ കാരണം പറഞ്ഞിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ. ബാറ്റിങ് നിരയുടെ പ്രകടനത്തെയാണ് അദ്ദേഹം പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാട്ടിയത്.
'സത്യസന്ധമായി പറഞ്ഞാല്‍ വലിയ സംതൃപ്തി നല്‍കുന്ന ബാറ്റിങ് പ്രകടനമായിരുന്നില്ല ഞങ്ങള്‍ നടത്തിയത്. ഇതിലും നന്നായി ബാറ്റു ചെയ്യാന്‍ ടീമിന് സാധിക്കുമായിരുന്നു. 170ന് മുകളിലേക്ക് സ്‌കോര്‍ എത്തിക്കാന്‍ സാധിക്കുമായിരുന്നു. നിലവിലെ ടീം കോമ്പിനേഷനില്‍ ടോപ് ഓഡറിലെ ഏഴ് ബാറ്റ്‌സ്മാന്‍മാരിലും വിശ്വാസം അര്‍പ്പിക്കുന്നു. ബൗളര്‍മാരും മികവ് കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ടീമിന് സംതുലിതാവസ്ഥയുണ്ടാവാനുള്ള വഴികളാണ് അന്വേഷിക്കുന്നത്.
അതേ സമയം ബാറ്റ്‌സ്മാന്‍മാര്‍ ഉത്തരവാദിത്തം കാട്ടാന്‍ തയ്യാറാവണം. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ നാലാം നമ്പറില്‍ വരേണ്ടത് അത്യാവശ്യമാണ്. തിലകിന്റെ ബാറ്റിങ് കാണുമ്പോള്‍ രണ്ടാം അന്താരാഷ്ട്ര മത്സരമാണ് അവന്‍ കളിക്കുന്നതെന്ന് കരുതാനാവില്ല'- ഹാര്‍ദിക് പറഞ്ഞു. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം മോശം ഫോമില്‍ തുടരുന്നത് ടീമിന് വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഒരു മത്സരം കൂടി തോറ്റാല്‍ ടി20 പരമ്പര ഇന്ത്യക്ക് കൈവിടേണ്ടി വരും.

ഇഷാന്‍ കിഷന്‍ (23 പന്തില്‍ 27), ശുബ്മാന്‍ ഗില്‍ (7), സൂര്യകുമാര്‍ യാദവ് (1), സഞ്ജു സാംസണ്‍ (7) എന്നിവര്‍ക്കൊന്നും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. യുവതാരം തിലക് വര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട് നിന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിലൂടെ വരവറിയിച്ച തിലക് രണ്ടാം ടി20യില്‍ 41 പന്തില്‍ 51 റണ്‍സാണ് നേരിട്ടത്.
അഞ്ച് ഫോറും 1 സിക്‌സുമാണ് തിലക് പറത്തിയത്. ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുന്ന പിച്ചിലാണ് തിലക് വര്‍മയുടെ മിന്നും ബാറ്റിങ്.
ഇന്ത്യയുടെ ബൗളര്‍മാര്‍ മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും പ്രതിരോധിക്കാന്‍ സാധിക്കുന്ന റണ്‍സ് ഉണ്ടായിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പുരാന്റെ ബാറ്റിങ്ങാണ് ഇന്ത്യയെ തകര്‍ത്ത്. 40 പന്ത് നേരിട്ട് 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 67 റണ്‍സാണ് പുരാന്‍ നേടിയത്. 167ന് മുകളിലായിരുന്നു പുരാന്റെ സ്‌ട്രൈക്കറേറ്റ്. ഈ ബാറ്റിങ് പ്രകടനമാണ് മത്സരഫലത്തെ ആതിഥേയര്‍ക്ക് അനുകൂലമാക്കിയത്. പുരാന്റെ ബാറ്റിങ്ങിനെ ഹാര്‍ദിക് പ്രശംസിച്ചു.
'പുരാന്‍ വളരെ മികച്ച രീതിയിലാണ് ബാറ്റു ചെയ്തത്. സ്പിന്നര്‍മാരെ മാറ്റി മാറ്റി ഉപയോഗിക്കുന്നതില്‍ പ്രയാസപ്പെട്ടു. അവന്റെ ബാറ്റിങ്ങാണ് മത്സരത്തില്‍ വ്യത്യാസം സൃഷ്ടിച്ചത്'- ഹാര്‍ദിക് പറഞ്ഞു. ഇന്ത്യയുടെ ബാറ്റിങ് നിര മെച്ചപ്പെടാത്ത പക്ഷം അടുത്ത മത്സരത്തിലും ഇന്ത്യക്ക് തോല്‍വി തന്നെ നേരിടേണ്ടി വരും. മികച്ച തുടക്കം ഇന്ത്യക്ക് ലഭിക്കുന്നില്ല. ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലും ഇഷാനും മോശം ഫോം തുടരുന്നു. സഞ്ജു സാംസണിനും മികവ് കാട്ടാനാവുന്നില്ല.
അടുത്ത മത്സരത്തില്‍ ഇന്ത്യ വലിയ അഴിച്ചുപണി ടീമില്‍ നടത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് തോല്‍വി തുടരേണ്ടി വരും. അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ യുവനിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.