മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഗബ്ബാറാണ് ശിഖര്‍ ധവാന്‍. പിരിച്ചുവെച്ച മീശയും കൈ തെറുത്തു കയറ്റിയ ജേഴ്‌സിയുമായി ഇടം കൈയന്‍ ഓപ്പണര്‍ റോളില്‍ ധവാന്‍ കളം നിറഞ്ഞു നിന്നു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായിരുന്ന ധവാന്‍ ഇപ്പോള്‍ പടിക്ക് പുറത്താണ്. ഇന്ത്യന്‍ ടീമിനൊപ്പം മികച്ച റെക്കോഡുള്ള താരമാണെങ്കിലും സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ സ്ഥാനം പരിഗണിച്ചപ്പോള്‍ ധവാന്‍ ടീമിന് പുറത്തായി. ഏകദിന ലോകകപ്പ് കളിച്ച് വിരമിക്കണമെന്നതാണ് ധവാന്റെ വലിയ ആഗ്രഹം.
എന്നാല്‍ ഏറെ നാളുകളായി ധവാന്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇനിയൊരു തിരിച്ചുവരവും പ്രയാസമായിരിക്കും. ഐസിസി ടൂര്‍ണമെന്റുകളില്‍ ധവാനെപ്പോലെ വിശ്വസ്തനായ മറ്റൊരു താരം ഇന്ത്യക്കില്ലെന്ന് പറയാം. ഇപ്പോഴിതാ ധവാന്റെ മികച്ച റെക്കോഡുകള്‍ കാണാതെ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ധവാനെ തഴയുന്നതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ സുനില്‍ ജോഷി. ഇന്ത്യയുടെ പരിശീലകനായ രാഹുല്‍ ദ്രാവിഡിനെതിരേയാണ് ജോഷി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
'ഇന്ത്യക്ക് ഏകദിനത്തില്‍ യുവനിരയെയാണ് വേണ്ടതെങ്കില്‍ രോഹിത് ശര്‍മയേയും വിരാട് കോലിയേയും കളിപ്പിക്കേണ്ട. രണ്ടാമതായി വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പ് യോഗ്യത നേടാത്ത ടീമാണ്. അതുകൊണ്ടുതന്നെ രോഹിത്തും കോലിയും കളിച്ചോ ഇല്ലെയോ എന്നതില്‍ കാര്യമില്ല. ഈ പരമ്പരകൊണ്ട് അത്തരമൊരു ഗുണമില്ല. അതിനാല്‍ യുവതാരങ്ങളെ ഇറക്കി അവരുടെ കരുത്ത് പരീക്ഷിക്കുന്നതായിരുന്നു നല്ലത്.
മികച്ച യുവ നായകനെയും കണ്ടെത്താനുള്ള സമയമായിരുന്നു ഇത്. ധവാന്റെ വെള്ള ബോളിലെ കണക്കുകള്‍ വളരെ മികച്ചതാണ്. ഏകദിനത്തില്‍ ഇന്ത്യക്ക് വലിയ സമ്പാദ്യമാണ് ധവാന്‍. പ്രത്യേകിച്ച് ഇന്ത്യയിലെ സാഹചര്യത്തില്‍. ഐസിസി ടൂര്‍ണമെന്റിലെ ധവാന്റെ കണക്കുകളെ കണ്ടില്ലെന്ന് നടിക്കരുത്. ഞാന്‍ സെലക്ടറായിരുന്ന സമയത്ത് ധവാന് വലിയ പിന്തുണ നല്‍കിയിരുന്നു. അതുകൊണ്ടാണ് 2021ലെ ശ്രീലങ്കന്‍ പരമ്പരയില്‍ ധവാനെ നയിക്കാന്‍ നിയോഗിച്ചത്'-ജോഷി പറഞ്ഞു.

ഏകദിനത്തില്‍ 17 സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ധവാന്‍. സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ഇന്ത്യ ധവാനെ മാറ്റിനിര്‍ത്തുന്നത് ശരിയായ രീതിയല്ല. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് ധവാന്‍. ഐപിഎല്ലില്‍ മോശമല്ലാത്ത പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്. എന്നിട്ടും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചില്ല. ഐസിസി ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പുകളിലെ ധവാന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മറ്റെല്ലാവരെക്കാളും ഒരുപടി മുകളിലാണ്.
മൂന്ന് ടൂര്‍ണമെന്റുകളില്‍ നിന്നായി 29 ഇന്നിങ്‌സാണ് ധവാന്‍ ബാറ്റു ചെയ്തത്. 63.30 ശരാശരിയില്‍ 1772 റണ്‍സാണ് നേടിയത്. ഇതില്‍ എട്ട് സെഞ്ച്വറിയും ഏഴ് ഫിഫ്റ്റിയും ഉള്‍പ്പെടും. പതിയെ തുടങ്ങി കത്തിക്കയറുന്നതാണ് ധവാന്റെ രീതി. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുക ധവാനെ സംബന്ധിച്ച് പ്രയാസമാണ്. എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ നിലയുറപ്പിച്ച് കളിക്കാന്‍ ധവാന് മികവുണ്ട്. മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റിലും കളിക്കാനാവും.
ഐപിഎല്ലിലൂടെ അദ്ദേഹം അത് തെളിയിക്കുന്നുമുണ്ട്. പരിമിത ഓവറില്‍ ഇപ്പോള്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. രണ്ടുപേരും ഗംഭീര റെക്കോഡുള്ള താരങ്ങളാണ്. എന്നാല്‍ രണ്ടുപേരും വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരാണെന്നതാണ് പ്രശ്‌നം. ഇപ്പോള്‍ ഇടത്-വലത് ഓപ്പണിങ് കൂട്ടുകെട്ടിനുവേണ്ടി ഇന്ത്യ ഇഷാന്‍ കിഷനെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കുന്നു. എന്നാല്‍ ഇഷാനെ വിശ്വസ്തനായി കാണാനാവില്ല.
ഇന്ത്യയിലെ ധവാന്റെ കണക്കുകള്‍ വളരെ മികച്ചതാണ്. കൂടാതെ നല്ല അനുഭവസമ്പത്തുമുണ്ട്. ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന ശുബ്മാന്‍ ഗില്‍ ഉള്‍പ്പെടെയുള്ളവര്‍ സീനിയേഴ്‌സിന്റെ അഭാവത്തില്‍ ദുര്‍ബലരാണെന്ന് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലൂടെ കണ്ടതാണ്. രോഹിത് ശര്‍മയും വിരാട് കോലിയും മാറി നിന്നതോടെ ഇന്ത്യ ചീട്ടുകൊട്ടാരം പോലെയാണ് തകര്‍ന്നത്. അതുകൊണ്ടുതന്നെ ധവാനെപ്പോലൊരു സീനിയര്‍ ഓപ്പണറെ ഇന്ത്യക്ക് ലോകകപ്പിലും ആവശ്യമാണെന്ന് നിസംശയം പറയാം.