Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI 2023: തന്ത്രം ലാറ പറഞ്ഞുതന്നു, ഇന്ത്യയെ നാണംകെടുത്തും- വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍

കിങ്‌സ് ടൗണ്‍: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ട് മത്സര ടെസ്റ്റ് പരമ്പര 12ാം തീയ്യതി ആരംഭിക്കാന്‍ പോവുകയാണ്. അവസാന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ്. കരുത്തുറ്റ താരനിരയുമായി ഇറങ്ങുന്ന ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസ് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കില്ല. സമീപകാലത്തെ വിന്‍ഡീസിന്റെ പ്രകടനങ്ങളെല്ലാം മോശമാണ്. ഏകദിന ലോകകപ്പ് യോഗ്യത പോലും നേടാന്‍ വെസ്റ്റ് ഇന്‍ഡീസിനായില്ല.

ഒരു കാലത്ത് ലോക ക്രിക്കറ്റിനെ അടക്കി ഭരിച്ചിരുന്ന വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. എന്നാല്‍ ഇന്ത്യ എളുപ്പത്തില്‍ പരമ്പര നേടി മടങ്ങാമെന്ന് കരുതേണ്ടെന്നും ഇന്ത്യയെ തോല്‍പ്പിക്കാനുള്ള വഴി മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ പറഞ്ഞുതന്നിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് നായകനായ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്. വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ പെര്‍ഫോമന്‍സ് മെന്ററായി ലാറ പ്രവര്‍ത്തിക്കുന്നുണ്ട്.

india, test

ടെസ്റ്റില്‍ ഗംഭീര റെക്കോഡുകളുള്ള ലാറയുടെ തന്ത്രങ്ങള്‍ ഇന്ത്യയെ തകര്‍ക്കാന്‍ സഹായിക്കുമെന്ന ആത്മവിശ്വാസമാണ് വിന്‍ഡീസ് നായകന്‍ പങ്കുവെച്ചത്. 'ലാറ ഞങ്ങള്‍ക്കൊപ്പമുള്ളത് വലിയ കരുത്താണ്. അദ്ദേഹവുമായി നിരവധി കാര്യങ്ങള്‍ സംസാരിച്ചിരുന്നു. പദ്ധതികള്‍ മെനയാന്‍ പ്രത്യേക കഴിവ് ലാറക്കുണ്ട്. എങ്ങനെ റണ്‍സ് നേടണമെന്നത് ലാറ വിശദമാക്കിയിട്ടുണ്ട്. ഇത് ഞങ്ങളുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്'-ബ്രാത്ത്‌വെയ്റ്റ് പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമില്‍ നിന്ന് നിരവധി പ്രതിഭകള്‍ വളര്‍ന്നുവന്നിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അവരുടെ ക്രിക്കറ്റ് ബോര്‍ഡിന്റെ രാഷ്ട്രീയം ടീമിനെ പിന്നോട്ടടിക്കുകയാണ്. സാമ്പത്തികമായി കെട്ടുറപ്പില്ലാത്തതും വെസ്റ്റ് ഇന്‍ഡീസിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ലോകകപ്പ് യോഗ്യത നേടാനാവാത്തതിന്റെ നിരാശയിലാവും അവര്‍ ഇന്ത്യയെ നേരിടുന്നത്. താരമികവ് നോക്കുമ്പോള്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം അവകാശപ്പെടാം. എന്നാല്‍ ആതിഥേയരെ നിസാരക്കാരായി കാണാനാവില്ല.

ഇന്ത്യക്കെതിരേ വിജയത്തോടെ തുടങ്ങുകയാണ് ലക്ഷ്യമെന്ന് ബ്രാത്ത്‌വെയ്റ്റ് വ്യക്തമാക്കിക്കഴിഞ്ഞു. 'നന്നായി തുടങ്ങുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യയെപ്പോലെ ശക്തമായ ടീമിനെയാണ് നേരിടുന്നതെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്. ആദ്യ ടെസ്റ്റ് ഡൊമിനിക്കയിലാണ് നടക്കുന്നത്. ഇവിടെ കളിക്കുന്ന ആഭ്യന്തര താരങ്ങളെ ഞങ്ങള്‍ സഹായത്തിന് വിളിച്ചിട്ടുണ്ട്. മികച്ച പരിശീലനം നടത്തിയിട്ടുണ്ട്. ഇനിയും അത് തുടരും'- ബ്രാത്ത്‌വെയ്റ്റ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ശക്തമായ ടീമിനെയാണ് പരമ്പരയിലിറക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ശുബ്മാന്‍ ഗില്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരെല്ലാമുണ്ട്. ചേതേശ്വര്‍ പുജാരയുടെ അഭാവമാണ് എടുത്തു പറയേണ്ടത്. യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ക്ക് ഇന്ത്യ വിളി നല്‍കിയിട്ടുണ്ട്. ബൗളിങ് നിരയും ശക്തമാണ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ രണ്ട് സൂപ്പര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ട്. അക്ഷര്‍ പട്ടേലും ടീമിലിടം നേടി.

മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയദേവ് ഉനദ്ഘട്ട്, നവദീപ് സൈനി, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരാണ് പേസ് നിരയിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ വൈറ്റ് വാഷ് തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം. ആതിഥേയ നിരയില്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത് ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് തന്നെയാണ്. അവസാന ഡബ്ല്യുറ്റിസി ചാമ്പ്യന്‍ഷിപ്പില്‍ 13 മത്സരത്തില്‍ നിന്ന് 994 റണ്‍സാണ് ബ്രാത്ത്‌വെയ്റ്റ് നേടിയത്. ജോഷ്വാ ഡ സില്‍വയും മോശമല്ലാതെ കളിക്കുന്നുണ്ട്. എന്നാല്‍ ടീമെന്ന നിലയില്‍ പഴയ ഒത്തിണക്കം വെസ്റ്റ് ഇന്‍ഡീസിനില്ല.

ഇത് മുതലാക്കാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. അല്‍സാരി ജോസഫ്, കെമാര്‍ റോച്ച്, ജെയ്ഡന്‍ സീല്‍സ് എന്നിവരെല്ലാമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ പ്രധാന പേസര്‍മാര്‍. ഇന്ത്യയെ അട്ടിമറിച്ച് പരമ്പര സ്വന്തമാക്കാന്‍ വെസ്റ്റ് ഇന്‍ഡീസിന് സാധിക്കുമോയെന്ന് കാത്തിരുന്ന് കണ്ടറിയാം.

Story first published: Friday, July 7, 2023, 14:33 [IST]
Other articles published on Jul 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+