മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഗംഭീര ഫിഫ്റ്റി നേടി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ആക്രമണോത്സകതയോടെ തുടക്കം മുതല്‍ ബാറ്റുവീശിയ സഞ്ജു ഇന്നിങ്‌സിലുടെനീളം ബൗളര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം കാട്ടി. കരിയറിലെ ഏറ്റവും നിര്‍ണ്ണായക സമയത്താണ് സഞ്ജുവിന്റെ ഈ അര്‍ധ സെഞ്ച്വറി പ്രകടനം. 41 പന്ത് നേരിട്ട് 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് സഞ്ജു നേടിയത്.
നാലാം നമ്പറിലിറങ്ങിയാണ് സഞ്ജുവിന്റെ ഈ തകര്‍പ്പന്‍ പ്രകടനം. ഇതോടെ ഏകദിന ലോകകപ്പില്‍ നാലാം നമ്പറിലേക്ക് സഞ്ജുവിനെ പരിഗണിക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. നാലാം നമ്പറില്‍ സഞ്ജു കസറുമെന്ന് പല പ്രമുഖരും പറയുമ്പോഴും ചോദ്യമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. സഞ്ജു സാംസണ്‍ കളിച്ചത് നാലാം നമ്പറുകാരന്റെ ബാറ്റിങ്ങല്ലെന്നും പിഴവ് എവിടെയാണെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ജാഫര്‍.
'സഞ്ജു നന്നായി കളിച്ചു. എന്നാല്‍ അതി സാഹസികമായ പ്രകടനമാണ് അവന്‍ നടത്തിയത്. അവന്റെ ഇന്നിങ്‌സിലേക്ക് നോക്കുക. ക്രീസില്‍ നിന്ന് കയറി ഒന്ന് രണ്ട് സിക്‌സുകള്‍ പറത്തി. കൃത്യമായി കണക്ട് ആയതുകൊണ്ട് സിക്‌സര്‍ പോയി. എന്നാല്‍ മിസ് ടൈമായ ഷോട്ടിലാണ് ക്യാച്ചിലൂടെ അവന്‍ പുറത്തായത്. അതാണ് സഞ്ജു ശ്രദ്ധിക്കേണ്ട കാര്യം. ഏകദിനത്തില്‍ നാലാം നമ്പറില്‍ കളിക്കുന്ന താരം ഇങ്ങനെ കളിക്കുമോ? എനിക്ക് സംശയമുണ്ട്.
എന്നാല്‍ ടീം മാനേജ്‌മെന്റ് അവനോട് ആക്രമിച്ച് കളിക്കാനാണ് പറഞ്ഞതെങ്കിലും പിന്നെ പ്രശ്‌നമില്ല. എന്നാല്‍ സ്ഥിരത നോക്കേണ്ടത് സഞ്ജുവിന്റെ ഉത്തരവാദിത്തമാണ്. എത്ര വേണമെങ്കിലും ആക്രമിച്ച് കളിക്കാം. പക്ഷെ ആറ് ഇന്നിങ്‌സ് കളിച്ചാല്‍ മൂന്ന് നാലോ ഇന്നിങ്‌സിലെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സാധിക്കണം. ഐപിഎല്ലിലടക്കം നമ്മള്‍ സഞ്ജുവിന്റെ പ്രകടനം കണ്ടിട്ടുള്ളതാണ്.

ഒരു മികച്ച ഇന്നിങ്‌സിന് ശേഷം തുടര്‍ച്ചയായി ഫ്‌ളോപ്പാവുകയാണ്. അത് വലിയ പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ സഞ്ജു സ്ഥിരത ശ്രദ്ധിക്കണം'- ക്രിക്ക് ഇന്‍ഫോയില്‍ സംസാരിക്കവെ വസിം ജാഫര്‍ അഭിപ്രായപ്പെട്ടു. ടി20 ഫോര്‍മാറ്റില്‍ സഞ്ജുവിന്റെ സ്ഥിരത വലിയ പ്രശ്‌നമാണെങ്കിലും ഏകദിനത്തില്‍ സഞ്ജു സ്ഥിരതയോടെ കളിക്കുന്നുണ്ട്. 56ന് മുകളിലാണ് നിലവിലെ അദ്ദേഹത്തിന്റെ ശരാശരി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് 66 ആയിരുന്നു സഞ്ജുവിന്റെ ശരാശരി.
46, 12, 54, 6*, 43*, 15, 86*, 30*, 2*, 36, 9, 51 എന്നിങ്ങനെയാണ് സഞ്ജുവിന്റെ ഏകദിനത്തിലെ സ്‌കോര്‍. അഞ്ച് ഇന്നിങ്‌സില്‍ സഞ്ജു പുറത്താവാതെ നിന്നു. ഏകദിനത്തില്‍ ഏത് ബാറ്റിങ് പൊസിഷനിലേക്ക് കളിക്കാനും കഴിവുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു.
എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ തുടര്‍ച്ചയായി പ്ലേയിങ് 11ല്‍ സഞ്ജുവിന് സീറ്റ് ലഭിക്കുന്നില്ല. അവസരം ലഭിച്ചാല്‍ സഞ്ജു സൂപ്പര്‍ താരമായി വളരും. അതിനുള്ള പ്രതിഭ സഞ്ജുവിനുണ്ട്.
സൂര്യകുമാര്‍ യാദവിന്റെ ഏകദിനത്തിലെ പ്രകടനത്തെ വസിം ജാഫര്‍ വിമര്‍ശിച്ചു. 'സൂര്യകുമാര്‍ യാദവിന് ഈ പ്രകടനം കൊണ്ട് അധികനാള്‍ മുന്നോട്ട് പോകാനാവില്ല. അടിത്തറ പാകിയിട്ടും അതിനെ മുതലാക്കാന്‍ സൂര്യകുമാറിന് സാധിക്കുന്നില്ല. 35 റണ്‍സ് നേടിയപ്പോള്‍ അവന്‍ വലിയ സ്‌കോറിലേക്ക് ഉയരുമെന്ന് കരുതി. എന്നാല്‍ ഇനിയും അവന്റെ പ്രകടനം മെച്ചപ്പെടാനുണ്ട്'- വസിം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
ഏകദിനത്തില്‍ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും ലോകകപ്പില്‍ സൂര്യകുമാറിനെ ഫിനിഷര്‍ റോളിലേക്ക് പരിഗണിച്ചേക്കുമെന്നാണ് വിവരം. രാഹുല്‍ ദ്രാവിഡ് ഇക്കാര്യത്തില്‍ സൂചന നല്‍കിയിട്ടുണ്ട്. അതേ സമയം സഞ്ജുവിന് ഏകദിന ലോകകപ്പ് ടീമില്‍ ഇടം നേടുക പ്രയാസമായിരിക്കുമെന്ന് പറയാം. കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ പൂര്‍ണ്ണ ഫിറ്റാണെങ്കില്‍ സഞ്ജു റിസര്‍വ് താരമായി ഒതുങ്ങിയേക്കും.