പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്. പരമ്പര തൂത്തുവാരി കരുത്തുകാട്ടാനാവും രോഹിത് ശര്‍മയും സംഘവും ശ്രമിക്കുക. കരുത്തുറ്റ താരനിര ഇന്ത്യക്കുണ്ട്.
എന്നാല്‍ പരിമിത ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിനെ നിസാരക്കാരായി കാണാനാവില്ല. അതുകൊണ്ടുതന്നെ ശക്തമായ വെല്ലുവിളി പ്രതീക്ഷിക്കാം. ഈ പരമ്പരയിലൂടെ ചില ചരിത്ര റെക്കോഡുകള്‍ തകര്‍ക്കപ്പെട്ടേക്കും. ഇതില്‍ പ്രധാനപ്പെട്ട ഒരു റെക്കോഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് കോലി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള നാഴികക്കല്ല് മറികടക്കാനാണ് കോലി തയ്യാറെടുക്കുന്നത്. അത് എന്താണെന്ന് പരിശോധിക്കാം.

നിലവില്‍ 274 ഏകദിനത്തില്‍ നിന്ന് 265 ഇന്നിങ്‌സ് കളിച്ച വിരാട് കോലി 12898 റണ്‍സാണ് നേടിയത്. 102 റണ്‍സകലെ 13000 ഏകദിന റണ്‍സിലേക്കെത്താന്‍ വിരാട് കോലിക്കാവും. ഏകദിനത്തില്‍ ഈ നാഴികക്കല്ല് പിന്നിടാന്‍ സച്ചിന് വേണ്ടി വന്നത് 321 ഇന്നിങ്‌സാണ്. എന്നാല്‍ കോലി 265 ഇന്നിങ്‌സില്‍ നിന്നാണ് നിലവില്‍ 13000 റണ്‍സിന് തൊട്ടടുത്ത് നില്‍ക്കുന്നത്. ഒന്നാം ഏകദിനത്തില്‍ 103 റണ്‍സ് നേടിയാല്‍ സച്ചിന്റെ റെക്കോഡിനെ തകര്‍ക്കാന്‍ കോലിക്കാവും.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കോലി സെഞ്ച്വറി നേടിയിരുന്നു. അതുകൊണ്ടു ഏകദിനത്തിലും മിന്നിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോലിയുള്ളത്. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡിനൊപ്പമെത്താനുള്ള അവസരവും കോലിക്ക് മുന്നിലുണ്ട്. നിലവില്‍ കോലിയുടെ പേരില്‍ 46 ഏകദിന സെഞ്ച്വറികളാണുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന കരിയറില്‍ 49 സെഞ്ച്വറിയുമുണ്ട്. വിന്‍ഡീസിനെതിരായ മൂന്ന് മത്സര പരമ്പരയില്‍ മൂന്നിലും സെഞ്ച്വറി നേടിയാല്‍ കോലിക്ക് സച്ചിനൊപ്പമെത്താം.
ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ സച്ചിനെ മറികടക്കാനുള്ള അവസരവും കോലിക്ക് ലഭിക്കുന്നു. എന്തായാലും വിന്‍ഡീസിനെതിരായ ഏകദിന പരമ്പര കോലിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഏഷ്യാ കപ്പിലെ ടീം തിരഞ്ഞെടുപ്പിനെ വിന്‍ഡീസ് പരമ്പര സ്വാധീനിക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ യുവതാരങ്ങളെ സംബന്ധിച്ച് പരമ്പര വളരെ നിര്‍ണ്ണായകമാണ്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് വളരെ പ്രധാനപ്പെട്ട പരമ്പരയാണിത്.
സഞ്ജുവിന് ഏഷ്യാ കപ്പിനുള്ള ടീമിലും ഏകദിന ലോകകപ്പിനുള്ള ടീമിലും ഇടം നേടാന്‍ വിന്‍ഡീസ് പരമ്പര മുതലാക്കണം. ഇന്ത്യയുടെ മധ്യനിരയില്‍ സഞ്ജുവിന് ഇടം ലഭിക്കാനാണ് സാധ്യത. മുന്നില്‍ ലഭിച്ച സുവര്‍ണ്ണാവസരത്തെ മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. റിഷഭ് പന്ത് ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കെ എല്‍ രാഹുല്‍ മുഖ്യ വിക്കറ്റ് കീപ്പറായേക്കും. രണ്ടാം നമ്പര്‍ വിക്കറ്റ് കീപ്പറെ തീരുമാനിക്കുന്നതില്‍ വിന്‍ഡീസ് പരമ്പര നിര്‍ണ്ണായകമാവും.
ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനുള്ള അവസരമാണ് വിന്‍ഡീസ് പരമ്പരയിലൂടെ ലഭിക്കുന്നത്. ഇന്ത്യയുടെ സ്പിന്‍ ബൗളിങ് നിരയുടെ ശക്തി പരീക്ഷിക്കപ്പെടുന്ന പരമ്പര കൂടിയാവും ഇത്. യുവ പേസര്‍മാരുടെ കരുത്തും അളക്കാനാവും. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ സംബന്ധിച്ചും വിന്‍ഡീസ് പരമ്പര അഭിമാന പ്രശ്‌നമാണ്.
ടെസ്റ്റ് പരമ്പരയില്‍ രോഹിത് സെഞ്ച്വറി നേടിയിരുന്നു. ഏകദിന പരമ്പരയിലും രോഹിത്തിന് നേട്ടം ആവര്‍ത്തിക്കാനായാല്‍ ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും മുമ്പ് ഇന്ത്യക്കത് വലിയ ആത്മവിശ്വാസം നല്‍കും. സൂര്യകുമാര്‍ യാദവിന്റെ മധ്യനിരയിലെ സ്ഥാനം നിര്‍ണ്ണയിക്കുന്നതിലും ഈ പരമ്പര നിര്‍ണ്ണായകമാവും.