വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ നാഴികക്കല്ല് ലക്ഷ്യമിടുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലി. ഐസിസിയുടെ ലോക ടെസറ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം എഡിഷനില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പര കൂടിയായിരിക്കും വിന്‍ഡീസുമായിട്ടുള്ളത്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് കരീബിയന്‍ ടീമുമായി ഇന്ത്യ കൊമ്പുകോര്‍ക്കുക. ഇന്ത്യയെ സംബന്ധിച്ച് റെഡ് ബോള്‍ ക്രിക്കറ്റില്‍ ലഭിക്കാവുന്നതില്‍ ദുര്‍ബലരായ എതിരാളികളാണ് വിന്‍ഡീസ്. അതുകൊണ്ടു തന്നെ പരമ്പര തൂത്തുവാരുക തന്നെയായിരിക്കും ഇന്ത്യന്‍ ലക്ഷ്യം.
ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 1000 റണ്‍സെന്ന നാഴികക്കല്ലാണ് വിരാട് കോലി സ്വപ്‌നം കാണുന്നത്. നിലവില്‍ അവര്‍ക്കെതിരേ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. 14 ടെസ്റ്റുകളില്‍ നിന്നും 822 റണ്‍സാണ് കോലിയുടെ സമ്പാദ്യം. നടക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളിലെ നാലു ഇന്നിങ്‌സുകളില്‍ നിന്നും 188 റണ്‍സ് നേടാനായാല്‍ അദ്ദേഹത്തിനു 1000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാന്‍ കഴിയും. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയുടെ 11ാമത്തെ താരമായും കോലി മാറും.

മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ പേരിലാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഇന്ത്യന്‍ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ്. 27 ടെസ്റ്റുകളില്‍ നിന്നും 2749 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അതേസമയം, രണ്ടു മാസം നീളുന്ന വിന്‍ഡീസ് പര്യടനത്തിന്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള പടയൊരുക്കം കോലി ആരംഭിച്ചു കഴിഞ്ഞു. ജിമ്മില്‍ കഠിനമായി വ്യയാമത്തിലേര്‍പ്പെട്ടത്തിന്റെ വീഡിയോസും ചിത്രങ്ങളും അദ്ദേഹം ഈയാഴ്ച സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചിരുന്നു.
ഇംഗ്ലണ്ടിലെ ഓവലില്‍ നടന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു കോലിയെ അവസാനമായി ഇന്ത്യന്‍ ടീമിനൊപ്പം കണ്ടത്. ഇന്ത്യന്‍ ടീം 209 റണ്‍സിന്റെ വന്‍ പരാജയമേറ്റു വാങ്ങിയ ഫൈനലില്‍ രണ്ടിന്നിങ്‌സുളിലും ബാറ്റിങില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കുവാനും കോലിക്കായില്ല. ആദ്യ ഇന്നിങ്‌സില്‍ 14 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ.
മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ മികച്ചൊരു ബോളില്‍ എഡ്ജായ കോലിയെ സ്റ്റീവ് സ്മിത്ത് പിടികൂടുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ 444 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യം പിന്തുടരവെ 49 റണ്‍സെടുത്ത കോലി അഞ്ചാം ദിനം രാവിലെ മടങ്ങുകയായിരുന്നു. സ്‌കോട്ട് ബോളന്‍ഡിന്റെ ബൗളിങില്‍ സ്റ്റീവ് സ്മിത്ത് കിടിലനൊരു ക്യാച്ചിലൂടെ അദ്ദേഹത്തെ വീഴ്ത്തുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ 2020 മുതല്‍ കോലിയുടെ പ്രകടനത്തിന്റെ ഗ്രാഫ് താഴേക്കാണ്. 2019ല്‍ ബംഗ്ലാദേശിനെതിരേ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ച്വറി കുറിച്ച ശേഷം പിന്നീടൊരിക്കലും മൂന്നക്കം കുറിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. റെഡ് ബോള്‍ ക്രിക്കറ്റില്‍ തന്റെ ഫോം വീണ്ടെടുക്കാന്‍ കോലിക്കു ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും വിന്‍ഡീസ് പര്യടനം.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പോടെ സെഞ്ച്വറി വരള്‍ച്ചയ്ക്കു അദ്ദേഹം അറുതിയിട്ടിരുന്നു. അതിനു ശേഷം ഏകദിനത്തിലും ഐപിഎല്ലിലുമെല്ലാം കോലി സെഞ്ച്വറികളടിച്ചെങ്കിലും ടെസ്റ്റില്‍ മാത്രം ഇതാവര്‍ത്തിക്കാനായിട്ടില്ല.